21 September Saturday

പ്രഥമ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നവംബറിൽ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കൊച്ചി > രാജ്യത്ത് ആദ്യമായി കൊച്ചിയിൽ  സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്സ് ചരിത്രസംഭവമാകുമെന്നും ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നവംബറിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിനോട് അനുബന്ധിച്ചു ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കലൂർ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന വിപുലമായ സമാപന സമ്മേളനം സംഘടിപ്പിക്കും. ഒന്നാം സമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ കപ്പ് സമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.

ചരിത്ര സംഭവമാകുന്ന സ്കൂൾ ഒളിമ്പിക്സ് വൻ വിജയമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും  സഹകരണം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കേണ്ടതിൻ്റെ ഭാഗമായാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് ആയി നടത്തുന്നത്.

ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന പേരിൽ നവംബർ 4 മുതൽ 11 വരെയാണ്  പ്രഥമ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. 24000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 എന്നീ കാറ്റഗറിയിൽ 41 കായിക ഇനങ്ങളിൽ മത്സരിക്കും. പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ മേള ആയിരിക്കും. ഇത് ലോകത്തിലെ ഏറ്റവും വലിയ മേള ആയിരിക്കും.  എട്ടു ദിവസം പകലും രാത്രിയുമായി നടക്കുന്ന കായിക മാമാങ്കം ലോകത്തിലെതന്നെ ഏറ്റവും വലിയ മേളയായിരിക്കും.

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി കായികോത്സവത്തിന്റെ ഭാഗമായി രാജ്യത്താദ്യമായി ഇൻക്ലൂസീവ് സ്പോർട്സും ഈ വർഷം ആരംഭിക്കും. എറണാകുളം ജില്ലയിൽ 16 സ്ഥലങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് താമസിക്കുന്നതിനായി അൻപതോളം സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.

രണ്ടായിരത്തോളം ഒഫീഷ്യലുകളും 500 സെലക്ടർമാരും രണ്ടായിരത്തോളം വോളണ്ടിയർമാരും അണിനിരക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സ് സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു. വർണാഭമായ വിളംബരഘോഷയാത്ര, കായിക പ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവ സംഘടിപ്പിക്കും. കുട്ടികൾക്ക് മികച്ച ഭക്ഷണമാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. ഒരേ സമയം അയ്യായിരം പേരെ ഉൾക്കൊള്ളുന്ന ഭക്ഷണപന്തൽ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ലോകോത്തര കായിക മേളകൾക്ക് സമാനമായി കേരള സ്കൂൾ ഒളിമ്പിക്സിന് സ്ഥിരമായ ഒരു ലോഗോ രൂപകൽപ്പന ചെയ്യും. അതോടൊപ്പം ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിനായി ആപ്തവാക്യം, തീം സോങ്ങ്, പ്രോമോ വീഡിയോ, ബ്രാൻഡ് അംബാസിഡർമാർ, ഗുഡ്വി ൽ അംബാസിഡർ  എന്നിവ ഉണ്ടാകും. വിജയികൾക്ക് ഒളിമ്പിക്സ് മാതൃകയിലുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

മേളയുടെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാസന്ധ്യകൾ, സ്പോർട്സ് സെമിനാറുകൾ, സ്പോർട്സ് സ്റ്റാളുകൾ, കായിക ഉത്പന്നങ്ങളുടെ വിതരണം, പ്രദർശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച അനുഭവം സാധ്യമാക്കുന്നതിന് കൊച്ചി നഗരത്തിലെ സാംസ്കാരിക നിലയങ്ങൾ, പൈതൃകങ്ങൾ, മെട്രോ, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിൽ സായാഹ്‌ന സഞ്ചാരം, സ്ട്രീറ്റ് ഫുഡ് തുടങ്ങിയ വൈവിധ്യങ്ങൾ ഒരുക്കും.  

മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായി നിയമസഭ സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യുട്ടി സ്പീക്കർ, എംപി മാർ, എം.എൽ.എ മാർ, വിവിധ ജനപ്രതിനിധികൾ, കായികം, കല, സാംസ്കാരികം, സാമൂഹികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ  വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

കടവന്ത്ര റിജിയണൽ സ്പോർട്സ് സെൻ്റർ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച്  ഒളിമ്പിക്സ് പ്രഖ്യാപനദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മേയർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി ജെ വിനോദ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, പി വി ശ്രീനിജിൻ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഒളിമ്പ്യൻ മേഴ്സി കുട്ടൻ, അർജുന അവാർഡ് ജേതാവായ വോളിബോൾ താരം ടോം ജോസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, സബ് കളക്ടർ കെ മീര, കൈറ്റ് സിഇഒ അൻവർ സാദത്ത്, വിവിധ സംഘടനാ പ്രതിനിധികൾ, സ്കൂൾ അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top