22 August Thursday

പാഠം ഒന്ന‌് അതിജീവനം

വി ജെ വർഗീസ‌്Updated: Tuesday Apr 9, 2019

കൽപ്പറ്റ

‘‘ജൂണിൽ ഞങ്ങളുടെ കുട്ടികൾ മടങ്ങിവരിക പുതിയ സ‌്കൂളിലേക്കാവും. കുട്ടികൾക്കും സമൂഹത്തിനും ഇത‌് അതിജീവനത്തിന്റെ പാഠമാകും’’–- പ്രളയം തകർത്തെറിഞ്ഞ വയനാട്ടിലെ മക്കിമല ഗവ. എൽപി സ‌്കൂളിലെ പ്രധാനാധ്യാപിക റോസ‌്‌ലി ജോസഫിന്റെ വാക്കുകളിൽ തെളിയുന്നത‌് പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പിന്റെ അനുഭവം.

പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ വേഗം വ്യക്തമാക്കുന്ന ഒരുദാഹരണമാണ‌് ഈ സ‌്കൂൾ. ഉരുൾപൊട്ടലിൽ തകർന്ന ഗ്രാമവിദ്യാലയത്തിന‌് പുതിയ കെട്ടിടം ഉയർന്നുകഴിഞ്ഞു. തറ ടൈലിടലും പെയിന്റിങ്ങും മാത്രമാണ‌് അവശേഷിക്കുന്നത‌്. ആഴ‌്ചകൾക്കുള്ളിൽ സ‌്കൂളിനെ സ്‌മാർട്ടാക്കി തിരികെ നൽകുമെന്ന‌് നിർമാണപ്രവൃത്തി ഏറ്റെടുത്ത വയനാട‌് ജില്ലാ നിർമിതികേന്ദ്രയുടെ അസിസ്റ്റന്റ‌് എൻജിനീയർ ഒ കെ സാജിദും ഉറപ്പുനൽകുന്നു.
തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട‌് ജീവൻ നഷ്ടപ്പെട്ടു. വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതികൾ മണ്ണിനടിയിലായി. സമീപത്തെ സർക്കാർ വിദ്യാലയവും അപകടഭീഷണിയിലായി. അധ്യയനം അസാധ്യമായതോടെ ഒ ആർ കേളു എംഎൽഎയുടെ നേതൃത്വത്തിൽ സ‌്കൂൾ അധികൃതരും പഞ്ചായത്തും നാട്ടുകാരും ജില്ലാ ഭരണസംവിധാനവും കൈകോർത്തു.

പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ മദ്രസയിലും വനസംരക്ഷണ സമിതിയുടെ ഓഫീസിലുമായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചത‌്. 50 ലക്ഷം രൂപ ചെലവിലാണ‌് നിർമിതികേന്ദ്ര പുതിയ കെട്ടിടം നിർമിച്ചത‌്. 40 ലക്ഷം രൂപ നിർമിതികേന്ദ്ര ചെലവഴിച്ചു. എംഎസ‌്ഡിപി ഫണ്ടിൽനിന്ന‌് പത്ത‌് ലക്ഷം രൂപയും വിനിയോഗിച്ചു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിർമാണം.

തളിരിടുന്ന ജീവിതം

പ്രതിസന്ധികളെ അതിജീവിച്ച‌് വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. പ്രളയത്തിൽ വീടുകൾക്ക‌് കേടുപാടുകൾ സംഭവിച്ചവർക്ക‌് 12.92 കോടി രൂപ വിതരണം ചെയ‌്തു. ഇതിൽ 11.20 കോടി റവന്യു വകുപ്പും 1.72 കോടി പട്ടികവർഗ വകുപ്പും നൽകിയതാണ‌്. റവന്യു  വകുപ്പ‌് 10,000 രൂപ വീതം 3154 കുടുംബങ്ങൾക്കും 60,000 രൂപ വീതം 931 പേർക്കും കൈമാറി. 260 കുടുംബങ്ങൾക്ക‌് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.

1720 ആദിവാസി കുടുംബങ്ങൾക്ക‌് പട്ടിക വർഗ വകുപ്പ‌് പതിനായിരം രൂപ വീതം നൽകി. എല്ലാവർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഏഴ‌് കോളനികളിലെ 171 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി നൽകി. ഓരോ കുടുംബത്തിനും 10 സെന്റ‌് വീതമാണ‌് നൽകിയത‌്. പട്ടിക വർഗവകുപ്പുതന്നെ ഇവർക്ക‌് ഉടൻ വീട‌് നിർമിച്ചുനൽകും. സഹകരണ വകുപ്പ‌ിന്റെ കെയർഹോം പദ്ധതിയിൽ 40 വീടുകൾ നിർമിച്ചുനൽകി. 44 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ‌്. ഈ മാസം അവസാനത്തോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കും. മാനന്തവാടി നിയോജക മണ്ഡലത്തിൽ 43ഉം കൽപ്പറ്റയിൽ 34ഉം ബത്തേരിയിൽ ഏഴും വീടുകളാണ‌് ഈ പദ്ധതിയിലുള്ളത‌്. വീടൊന്നിന‌് അഞ്ച‌് ലക്ഷം രൂപയാണ‌് അനുവദിച്ചിട്ടുള്ളത‌്.

കാർഷികമേഖലയുടെ വീണ്ടെടുപ്പിന‌് ഊർജിത നടപടികളാണ‌് സ്വീകരിച്ചത‌്. വിള നഷ്ടപ്പെട്ട 180000 കർഷകർക്ക‌് നഷ്ടപരിഹാരമായി 23.47 കോടി രൂപ നൽകി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മണ്ണ‌് നീക്കംചെയ്യൽ എന്നിവയ‌്ക്കായും തുക അനുവദിച്ചു. നെൽകൃഷി വികസനം, കേരവികസനം, വിള പരിപാലനം, പച്ചക്കറി വികസനം തുടങ്ങിയ മേഖലകളിലും ഗുണകരമായ മുന്നേറ്റം പ്രളയാനന്തരമുണ്ടായി. 2000 ഹെക്ടർ നെൽകൃഷിയാണ‌് പ്രളയത്തിൽ നശിച്ചത‌്. ഇവർക്ക‌് വീണ്ടും കൃഷിയിറക്കാൻ വിത്ത‌ും മറ്റുസഹായങ്ങളും നൽകി. കർഷകർക്ക‌് ഹെക്ടറിന‌് 1000 രൂപ വീതം നൽകി.

സുഗന്ധ നെൽകൃഷിക്ക‌് 14.3 ലക്ഷവും തരിശുഭൂമിയിൽ കൃഷിയിറക്കാൻ 21.28 ലക്ഷവും അനുവദിച്ചു. പ്രളയത്തിൽ തകർന്ന റോഡുകൾ നന്നാക്കാൻ ബജറ്റ‌് വിഹിതത്തിന‌് പുറമെ അഞ്ഞൂറ‌് കോടിയോളം അനുവദിച്ചു. നിരവധി റോഡുകളുടെ പുനർനിർമാണം പൂർത്തിയായി; ശേഷിക്കുന്നവയുടെ പണികൾ അതിവേഗം പുരോഗമിക്കുന്നു. ബജറ്റ‌് വിഹിതംകൂടി കണക്കാക്കിയാൽ വയനാട്ടിൽ ആകെ 1700 കോടിയുടെ റോഡ‌് പ്രവൃത്തികളാണ‌് നടക്കുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top