തിരുവനന്തപുരം > സാവിയോ ജോസ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത് വിലപ്പെട്ട സമ്മാനവുമായാണ്. താൻ വരച്ച് ഫ്രയിം ചെയ്ത് സൂക്ഷിച്ച മുഖ്യമന്ത്രിയുടെ ചിത്രവും സ്വന്തം ആത്മകഥയുമായിരുന്നു സമ്മാനം. അമ്മ ബ്ലസിക്കൊപ്പമാണ് സെറിബ്രൽ പാൾസി ബാധിതനായ സാവിയോ ജോസ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കഴിഞ്ഞ മാസം 19ന് പാലാ ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങിലെത്തിയാണ് ഇരുപത്തിരണ്ടുകാരനായ സാവിയോ ആദ്യം മുഖ്യമന്ത്രിയെ കണ്ടത്.
തന്റെ അത്മകഥയായ ‘സഫ്നത്ത് ഫാനെയാ' എന്ന പുസ്തകത്തിലൂടെ കിട്ടിയ റോയൽറ്റിയും ചെറുസമ്പാദ്യവും ചേർത്ത് 51,000 രൂപ മറ്റൊരാൾക്ക് വീട് നിർമാണത്തിന് നൽകാനാണ് അന്ന് സാവിയോ എത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തെ സ്വന്തം വീടിന്റെ പണി പൂർത്തിയാക്കുന്നതിനുമുമ്പായിരുന്നു അന്ന് പണം കൈമാറിയത്. സാവിയോയുടെയും അമ്മയുടെയും സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും അറിയിച്ചാണ് മുഖ്യമന്ത്രി ഇരുവരെയും യാത്രയാക്കിയത്.