16 May Monday
കേന്ദ്ര സർക്കാരിന്റെ എൻഐസി 
സോഫ്റ്റ് വെയറിലുണ്ടായ തകരാർ കാരണം 
തടസ്സമുള്ളതായി പരാതി

പണമുണ്ട്‌; ട്രഷറി പൂട്ടില്ല, അവധിദിവസങ്ങളിലും പ്രവർത്തിക്കും; വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 12, 2021


തിരുവനന്തപുരം
സാമ്പത്തിക വർഷാന്ത്യം  ഇടപാടുകൾ പൂർണതോതിൽ നടക്കുമെന്ന്‌ ധന വകുപ്പ്‌ ഉറപ്പുവരുത്തിയതോടെ സാധാരണയുണ്ടാകാറുള്ള നിയന്ത്രണങ്ങൾപോലും ഇല്ലാതെ ഇക്കുറി ട്രഷറി പ്രവർത്തനം.  ട്രഷറിയിൽ പണത്തിന്‌ പ്രയാസമൊന്നുമുണ്ടാകില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. പണമില്ലാതെ ട്രഷറി അടയ്‌ക്കേണ്ടിവരില്ല‌. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും വിഷുവിന്റെ സാമൂഹ്യ സുരക്ഷാ പെൻഷനും അവധി ദിവസങ്ങൾ പരിഗണിച്ച് നേരത്തെ നൽകും.

ട്രഷറി കംപ്യൂട്ടർ ശൃംഖലയിലെ തകരാർമൂലം ഇടപാടുകൾക്ക്‌ തടസ്സമുണ്ടാകുന്നതായി പരാതിയുണ്ട്‌. ശമ്പള വിതരണവുമായി ബന്ധപ്പെട്ടും ചില പരാതികൾ ഉയർന്നു. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) സോഫ്റ്റുവെയറിലുണ്ടായ തകരാറുകളാണ് കാരണം. വിഷയത്തിൽ എൻഐസി, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങൾ ധനമന്ത്രിയും പങ്കെടുത്ത്‌ ചേർന്നു. എന്താണ് പ്രശ്നമെന്നു ഇനിയും വ്യക്തമായിട്ടില്ല. എൻഐസി ഉദ്യോഗസ്ഥ സംഘം ഒരാഴ്ചയായി അശ്രാന്ത പരിശ്രമത്തിലാണ്‌. ഐബിഎം, ടെക്‌നോപാർക്ക് ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സമിതിയെയും ചുമതലപ്പെടുത്തി. ഇവർ സമാന്തര പരിശോധനയും നടത്തും.

സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ട്രഷറി പ്രവർത്തനത്തിൽ മാറ്റത്തിന്‌ നിർദേശിച്ചു. പ്രവർത്തനസമയം രാത്രി ഒമ്പതുവരെയാക്കി. പണ വിതരണം പകൽ ഒമ്പതുമുതൽ രണ്ടുവരെയാകും. ഈ സമയം ഇതിനുള്ള സോഫ്റ്റു‌വെയർമാത്രം പ്രവർത്തിക്കും. രണ്ടുമുതൽ രാത്രി ഒമ്പതുവരെ ബിൽ സമർപ്പിക്കാനുള്ള സോഫ്റ്റുവെയറുകൾ പ്രവർത്തന സജ്ജമാക്കും. ഇതിലൂടെ ട്രഷറി സർവറിലുള്ള വിവരഭാരം കുറയ്ക്കാനും കംപ്യൂട്ടർ സ്തംഭനം ഒഴിവാക്കാനുമാകും.

ശനിയാഴ്‌ച മുതൽ 28 വരെ അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കും. അടുത്തമാസം ആദ്യആഴ്ച അവധിയായതിനാൽ പുതുക്കിയ ശമ്പള ബില്ലുകൾ ഈ മാസം നൽകാം. എല്ലാവർക്കും അടുത്ത മാസത്തെ ആദ്യപ്രവൃത്തി ദിനത്തിൽതന്നെ പുതുക്കിയ ശമ്പളവും പെൻഷനും ലഭിക്കും. വർഷാവസാനത്തിലെ ബില്ലുകൾ സമർപ്പിക്കാനുള്ള തിരക്കൊഴിവാക്കാനുള്ള നടപടികളായി. ആവശ്യത്തിന് പണമുള്ളതിനാൽ എല്ലാ ബില്ലുകളും ഈ മാസം മാറിനൽകും. വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും ധനമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top