പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തള്ളി മോഡി സ്തുതിയിൽ ഉറച്ച് ശശി തരൂർ. തന്നെ തിരുത്താന്‍ ശ്രമിച്ച ചെന്നിത്തലയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ചെന്നിത്തലയല്ല, ആരും തന്നെ പഠിപ്പിക്കാനായിട്ടില്ല’ എന്ന് തരൂര്‍ ചാനലുകളിലൂടെ തുറന്നടിച്ചു.
‘ആരുപറഞ്ഞാലും നരേന്ദ്ര മോഡിയുടെ ദുഷ്ചെയ്തികളെ മറച്ചുവയ്ക്കാനാകില്ലെ’ന്നാണ് രമേശ് ചെന്നിത്തല ഞയറാഴ്ച രാവിലെ ആലപ്പുഴയിൽ പറഞ്ഞത്. ആയിരം തെറ്റിനുശേഷം ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത നിലപാടുകളാണ് മോഡിയുടേതെന്നും ചെന്നിത്തല പറഞ്ഞു. തൊട്ടുപിന്നാലെ ചെന്നിത്തലയെ തരൂര്‍ പരിഹസിച്ചത്.
തരൂരിന് ബിജെപിയിൽ പോകണമെങ്കിൽ പോകാം എന്നായിരുന്നു മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പ്രതികരണം. എന്നാല്‍ എവിടെയും തൊടാത്ത സമീപനമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചത്. ‘അദ്ദേഹം എങ്ങനെയാണ് അത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് ചോദിക്കട്ടെ, ഒരാഴ്ചയ്ക്കിടെ എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് മനസ്സിലാകുന്നില്ല. ഈ ഘട്ടത്തിൽ അത്തരമൊരു പ്രസ്താവന പാടില്ലായിരുന്നു’–- മുല്ലപ്പള്ളി പ്രതികരിച്ചു
നരേന്ദ്ര മോഡിയെ എപ്പോഴും വിമർശിക്കുന്നത് പാർടിക്ക് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കും ഇതേ നിലപാട് തന്നെയാണെന്ന് തരൂര്‍ പ്രതികരിച്ചതാണ് വിവാദമായത്. മോഡിയ അനുകൂലിച്ച് കൂടുതല്‍ കോൺഗ്രസ് നേതാക്കൾ രംഗത്തുവരാതിരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയത്തിൽ മുതിർന്ന നേതാക്കൾ പ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..