07 December Saturday

ചോദിച്ചു വാങ്ങിയ ജയിലറയ‌്ക്കുള്ളിൽ ദോശരാജാവിന്റെ അന്ത്യം

വി കെ അനുശ്രീUpdated: Friday Jul 19, 2019


തിരുവനന്തപുരം
ബ്രാഹ്മണർക്കൊപ്പമിരുന്ന‌് ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത കാലത്ത‌് ജാതിമതഭേദമന്യേ എല്ലാവരെയും തന്റെ ദോശക്കല്ലിന‌് ചുറ്റും കൊണ്ടുവന്നിരുത്തിയ ആൾ. മലയാളിയെയും പഞ്ചാബിയെയും കശ‌്മീരിയെയും എന്നുവേണ്ട, ഹാമും ബർഗറും ജീവിതത്തിന്റെ ഭാഗമായ ഇംഗ്ലീഷുകാരനെപ്പോലും നെയ‌്റോസ‌്റ്റിനും സാമ്പാർ വടയ്ക്കും അടിമകളാക്കിയ ഒന്നാംതരം കച്ചവടക്കാരൻ. ഉയർച്ചയുടെ ഓരോ പടവിലും അന്ധവിശ്വാസങ്ങളെ മുറുകെ പിടിച്ചു. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കൊലചെയ്യാൻപോലും മടിയില്ലാത്തയാൾ. ഇതെല്ലാമായിരുന്നു എഴുപത്തിരണ്ടാം വയസ്സിൽ ജയിലിൽ അന്തരിച്ച ശരവണ ഭവൻ ഉടമ പി രാജഗോപാൽ.

1947ൽ സ്വതന്ത്ര്യലബ്ധിക്ക‌് പത്തുദിവസം മുമ്പ‌് തൂത്തുക്കുടിയിൽ ജനനം. പട്ടിണി സഹിക്കവയ്യാതെ ചെറുപ്രായത്തിൽ ചെന്നൈയിലേക്ക‌്. ടീ സ്റ്റാളിൽ തൂപ്പുകാരനായി തുടങ്ങി ലോകത്തിന്റെ ദോശരാജാവായി അറബിക്കഥകളെപോലും നിഷ‌്പ്രഭമാക്കുന്ന വളർച്ച. അവസാന നാളുകളിൽ ജയിലഴികൾക്കുള്ളിലെത്തിച്ചതും സ്വന്തം ചെയ‌്തികളുടെ ഫലം.

മുഴുപ്പട്ടിണിയിലും സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി ജോത്സ്യരെ കാണുന്ന പതിവുണ്ടായിരുന്നു രാജഗോപാലിന‌്. നായിഡു വിഭാഗക്കാരനായ തന്റെ വഴി കച്ചവടമാണെന്ന‌് ഉറച്ചുവിശ്വസിച്ചു. 1968ൽ ചെന്നൈയിൽ പലചരക്ക് കട തുടങ്ങി.  ‘തീയുമായി ബന്ധപ്പെട്ട തൊഴിലിലൂടെ അഭിവൃദ്ധിയുണ്ടാകും’ എന്ന ജ്യോത്സ്യപ്രവചനം റസ‌്റ്റോറന്റ‌് തുറക്കാൻ കാരണമായി. 1981ൽ കെ കെ നഗറിൽ ആദ്യ റസ്റ്റോറന്റ് . പിന്നെ രാജ്യമുടനീളം ഹോട്ടൽ ശൃംഖല തുറന്നു. വിദേശത്ത് എൺപതോളം ശാഖകളായി. ഓരോ ശാഖയും തുടങ്ങേണ്ട സ്ഥലം മുതൽ സജ്ജീകരിക്കേണ്ട ഫർണീച്ചർവരെ എല്ലാം ജ്യോത്സ്യന്റെ ഉപദേശപ്രകാരം. 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ‌്തതുപോലും ജ്യോതിഷവിധിപ്രകാരമായിരുന്നു. തന്റെ ജീവനക്കാരന്റെ ഭാര്യയാണ് വധു എന്നതുപോലും തടസ്സമായില്ല.

തന്റെ മാനേജരുടെ മകളായ ജീവജ്യോതിയുമായുള്ള വിവാഹം കൂടുതൽ ഉയർച്ചയുണ്ടാക്കുമെന്നായിരുന്നു പ്രവചനം. വിവാഹിതയായ ജീവജ്യോതിയെ ഭർത്താവ‌് പ്രിൻസ‌് ശാന്തകുമാറിൽനിന്ന‌് അകറ്റാൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. പലകുറി ഒളിച്ചോടിയ ദമ്പതികളെ  കിങ്കരന്മാർ പിടികൂടി. ഇവർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ സ്വാധീനമുപയോഗിച്ച‌് കേസ‌് തേച്ചുമാച്ചു. ഒടുവിൽ പ്രിൻസ‌് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 2001 ഒക്ടോബർ 31ന് കൊടൈക്കനാൽ മലനിരകളിൽനിന്ന‌് മൃതദേഹം കണ്ടെടുത്തു.

2004ൽ കോടതി 10 വർഷത്തേക്ക് രാജഗോപാലിനെ ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി ഇയാൾതന്നെ വെളിപ്പെടുത്തി. ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവച്ചപ്പോഴും രാജഗോപാൽ കുലുങ്ങിയില്ല.  മകൻ ശരവണന് ബിസിനസ് പഠിക്കാൻ ഒരവസരമാകും എന്നായിരുന്നു  പ്രതികരിച്ചത‌്. ആരോഗ്യ കാരണങ്ങളാൽ ശിക്ഷ നീട്ടിവയ്ക്കണമെന്ന അപേക്ഷ കോടതി തള്ളിയതിനേത്തുടർന്ന‌് കീഴടങ്ങുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top