തിരുവനന്തപുരം
"ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്'–- 2015ൽ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ സാറാ തോമസ് തന്റെ എഴുത്തുജീവിതത്തെ വിവരിച്ചത് ഇങ്ങനെ.
പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത മുഖമായിരുന്നു സാറാ തോമസിന്റേത്. ചെറുപ്പത്തിൽത്തന്നെ എഴുത്തിനോടുള്ള ആവേശം അവർ തിരിച്ചറിഞ്ഞിരുന്നു. കുടുംബത്തിൽനിന്നുണ്ടായ പിന്തിരിപ്പിക്കലിന് വഴങ്ങി. കോട്ടയം വേളൂർ സ്വദേശിയും കഴക്കൂട്ടം സബ് രജിസ്ട്രാറുമായിരുന്ന വർക്കി എം മാത്യുവിന്റെയും സാറാമ്മയുടെയും മകളായി 1934 സെപ്‌തംബർ 14ന് ആയിരുന്നു ജനനം. റിട്ട. ജസ്റ്റിസ് അന്നാ ചാണ്ടി അമ്മയുടെ ചേച്ചിയാണ്. 34–-ാം വയസ്സിൽ ആദ്യ നോവൽ "ജീവിതം എന്ന നദി' എഴുതി. ഒരേസമയം ദളിത്, അധഃസ്ഥിത വിഭാഗങ്ങൾ നേരിടുന്ന സാമൂഹികപ്രശ്നങ്ങളും അഗ്രഹാരങ്ങളിലെ പെൺജീവിതങ്ങളിലെ കയ്‌പുമായിരുന്നു നോവലുകളുടെ വിഷയം. തന്നെ ദളിത് എഴുത്തുകാരിയെന്നോ പെണ്ണെഴുത്തുകാരിയെന്നോ വേർതിരിക്കുന്നതിനോട് അവർക്ക് താൽപ്പര്യമില്ലായിരുന്നു. സാധാരണക്കാരുടെ എഴുത്തുകാരിയും എഴുത്തിലെ "ജനറൽ സർജനു'മായിരുന്നു. ഭർത്താവ് ഡോ. തോമസ് സക്കറിയ എഴുത്തിൽ സാറയ്ക്ക് എല്ലാ പിന്തുണയും നൽകി. വൈകുന്നേരങ്ങളിൽ കനകക്കുന്നിലെ പടികളിൽ ഇരുന്ന് അവർ പരസ്പരം കഥകൾ പങ്കുവച്ചു. 2009ലാണ് അദ്ദേഹം മരിച്ചത്. പിന്നീട് സജീവ എഴുത്തിലേക്ക് സാറാ തോമസ് മടങ്ങിവന്നില്ല. അന്തരിച്ച കവയിത്രി സുഗതകുമാരിയായിരുന്നു അടുത്ത സുഹൃത്ത്.
മതപരിവർത്തനം ചെയ്ത അധഃസ്ഥിത വർഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളും പ്രമേയമായ "ദൈവമക്കൾ'എന്ന നോവൽ സാഹിത്യലോകത്ത് പ്രശസ്തമാണ്. കേരളത്തിലെ തമിഴ് -ബ്രാഹ്മണ കുടുംബ പശ്ചാത്തലത്തിലാണ് "നാർമടിപ്പുടവ' എഴുതിയത്. പ്രായപൂർത്തിയാകുന്നതിനുമുമ്പ് വിവാഹിതയും വിധവയുമായ കനകത്തിന്റെ കഥ പറഞ്ഞ ആ നോവൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
17 നോവലും ഏഴു കഥാസമാഹാരവും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാ തോമസിന്റേതായുണ്ട്. നീലക്കുറിഞ്ഞികൾ ചുവക്കുംനേരം, അഗ്നിശുദ്ധി, അർച്ചന, യാത്ര തുടങ്ങിയവയാണ് മറ്റ് പ്രധാന നോവലുകൾ. തെളിയാത്ത കൈരേഖകൾ, ഗുണിതം തെറ്റിയ കണക്കുകൾ, പെൺമനസ്സുകൾ, സാറാ തോമസിന്റെ കഥകൾ, എന്റെ കണ്ണാന്തളിപ്പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. അസ്തമയം, പവിഴമുത്ത്, സാഗരം ശാന്തി എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ, തിരുവനന്തപുരം ദൂരദർശൻ ഫിലിം സ്‌ക്രീനിങ് കമ്മിറ്റി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, കേരള ഫിലിം സർട്ടിഫിക്കറ്റ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
സാഹിത്യത്തെ പുതിയ
ഭാവതലങ്ങളിലേക്ക്
ഉയർത്തി
മലയാള കഥാ, -നോവൽ സാഹിത്യത്തെ പുതിയ ഭാവതലങ്ങളിലേക്ക് ഉയർത്തിയ വിഖ്യാതയായ എഴുത്തുകാരിയായിരുന്നു സാറാ തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. തമിഴ് ബ്രാഹ്‌മണരുടെമുതൽ അധഃസ്ഥിത ജനവിഭാഗങ്ങളുടെവരെ ജീവിതത്തെ സമസ്ത സങ്കീർണതകളോടുംകൂടി പ്രതിഫലിപ്പിച്ച വ്യത്യസ്ത കൃതികൾ അവർ എഴുതി. സ്ത്രീവാദപരമായ നിലപാടുകൾ സാഹിത്യത്തിൽ ശക്തിപ്പെട്ടുവരുന്നതിനുമുമ്പുതന്നെ സ്ത്രീസ്വത്വത്തിന്റെ പ്രകാശനം നിർവഹിക്കുന്ന കൃതികളുമെഴുതി.
നാർമടിപ്പുടവപോലെയുള്ള കൃതികൾ മലയാളസാഹിത്യത്തിലെ വിലപ്പെട്ട ഈടുവയ്പുകളുടെ ഭാഗമാണ്. അസ്തമയം, പവിഴമുത്ത്, അർച്ചന, ജീവിതം എന്ന നദി തുടങ്ങിയ നിരവധി കൃതികളിലൂടെ വായനസമൂഹത്തിന്റെ മനസ്സിൽ ഇടംനേടിയ സാറാ തോമസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..