13 May Thursday
അന്വേഷണം വഴിതെറ്റിക്കാൻ 
ശ്രമിക്കുന്നതായി പൊലീസ്‌

സനുവിന്റേത് രഹസ്യജീവിതം; ചൂതാട്ടക്കാരന്‍; പഠിച്ച കുറ്റവാളി; അറിഞ്ഞതിലേറെ അറിയാന്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

സനു മോഹനെ തൃക്കാക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ


കൊച്ചി > മകളെ പുഴയിലെറിഞ്ഞുകൊന്ന സനു മോഹൻ ദുരൂഹ വ്യക്തിത്വത്തിന്‌ ഉടമയെന്ന്‌ പൊലീസ്‌. ഭാര്യയുമായിപ്പോലും ഒരു കാര്യവും പങ്കിട്ടിരുന്നില്ല. അഞ്ചുവർഷത്തോളമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഇയാൾ, പുറംലോകവുമായി അധികം ബന്ധപ്പെട്ടിരുന്നില്ല. ഫ്ലാറ്റ്‌ ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. കെയർ ടേക്കർ ഉൾപ്പെടെ പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു.

സനു മോഹന്റെ തിരോധാനത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഭാര്യയെയും ബന്ധുക്കളെയും ഫ്ലാറ്റിലെ മറ്റു താമസക്കാരെയും ജോലിക്കാരെയും ഉൾപ്പെടെ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഭാര്യക്കും അറിയില്ലെന്ന്‌ ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുള്ളതിന്റെ സൂചനകൾ ലഭിച്ചില്ല. എന്നാൽ, അയാൾ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നതെന്നോ സാമ്പത്തികബാധ്യത ഉണ്ടായതിന്റെ കാരണമോ ഒന്നും ഭാര്യക്ക്‌ അറിയില്ല. കങ്ങരപ്പടിയിലെ ഫ്ലാറ്റ്‌ വിറ്റ വിവരവും ഭാര്യ യഥാസമയം അറിഞ്ഞിരുന്നില്ല.

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ അമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും സനു മോഹൻ അവിടേക്ക്‌ പോകാറില്ല. 2016ൽ അച്ഛൻ മരിച്ചപ്പോൾപ്പോലും പോയില്ല. വല്ലപ്പോഴും പോയിട്ടുണ്ടെങ്കിൽ സ്വന്തം വീട്ടിൽ തങ്ങാതെ സമീപത്തെ മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്‌ കഴിഞ്ഞത്‌. പുണെയിൽ ഇയാൾക്കെതിരെയുള്ള പൊലീസ്‌ കേസിന്റെ പേരിലാണ്‌ നാട്ടിലേക്കൊന്നും അധികം പോകാതിരുന്നതെന്നാണ്‌ പൊലീസിന്റെ അന്വേഷണത്തിൽ അറിഞ്ഞത്‌.

ചൂതാട്ടത്തിൽ വലിയ ഭ്രമമായിരുന്നെന്നും സാമ്പത്തികബാധ്യതയ്‌ക്ക്‌ കാരണം അതാകുമെന്നുമാണ്‌ പൊലീസിന്റെ നിഗമനം. മുംബൈയിലെയും ഗോവയിലെയും ചൂതാട്ടകേന്ദ്രങ്ങളിൽ ഇയാൾ ഭാഗ്യം പരീക്ഷിച്ചിരുന്നു. വൈഗയെ കൊലപ്പെടുത്തിയശേഷം ഗോവയിലും പോയിരുന്നു. ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നതായാണ്‌ വിവരം. ബാങ്ക്‌ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന്‌ ഇയാൾക്ക്‌ വലിയ സാമ്പത്തികബാധ്യത ഉള്ളതായി വ്യക്തമാണെന്നും പൊലീസ്‌ പറഞ്ഞു.

മൂന്നുകോടിയോളം രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസാണ്‌ മുംബൈയിൽ സനുവിനെതിരെയുള്ളത്‌. ഇവിടെ സ്‌റ്റീൽഷീറ്റിന്റെ ബിസിനസ്‌ നടത്തുന്ന സ്വന്തം സ്ഥാപനമായിരുന്നു. മൂന്നുകോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയാണ്‌ നാട്ടിലേക്ക്‌ പോന്നത്‌. എന്നാൽ, അതിന്റെ പേരിൽ മുംബൈയിലെ പണമിടപാട്‌ സംഘങ്ങളിൽനിന്ന്‌ എന്തെങ്കിലും ഭീഷണിയുണ്ടായതായി ഇതുവരെ വിവരമില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു.
 

പഠിച്ച കുറ്റവാളി; 
അറിഞ്ഞതിലേറെ അറിയാൻ
നാലാഴ്‌ചയോളം സമർഥമായി ഒളിവിൽ കഴിഞ്ഞ  സനു മോഹനെ, അയാളുടെ  ക്രിമിനൽ പശ്‌ചാത്തലവും പെരുമാറ്റരീതികളും മനസ്സിലാക്കിയുള്ള ശ്രമകരമായ നീക്കങ്ങളിലൂടെയാണ്‌  പൊലീസ്‌ പിടികൂടിയത്‌. സാധാരണ കേസുകളിൽ പ്രതികളെക്കുറിച്ച്‌ മൊബൈൽ ടവറുകളിൽനിന്ന്‌ ലഭിക്കാറുള്ള സൂചനകളൊന്നും ഇവിടെ പൊലീസിന്‌ സഹായകമായി ഉണ്ടായില്ല. ഡിജിറ്റൽ തെളിവുകളൊന്നും ശേഷിപ്പിക്കാതെയും പൊലീസ്‌ നീക്കങ്ങൾ അറിഞ്ഞുമാണ്‌ സനു മോഹൻ ഒളിസങ്കേതങ്ങളിലേക്ക്‌ മാറിക്കൊണ്ടിരുന്നത്‌.

കൊലപാതകത്തിനുശേഷം സംസ്ഥാനം വിട്ട സനു മോഹൻ, വാർത്തകൾ കൃത്യമായി ശ്രദ്ധിച്ച്‌ പൊലീസിന്റെ നീക്കങ്ങൾ മനസ്സിലാക്കിയിരുന്നു. കൊല്ലൂരിലെ സ്വകാര്യ ലോഡ്‌ജിൽനിന്ന്‌ ലഭിച്ച വീഡിയോയിൽ മലയാളപത്രം ശ്രദ്ധിച്ച്‌ വായിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. കൊല്ലൂരിലേക്ക്‌ പൊലീസ്‌ എത്തുന്നതിന്റെ സൂചനകൾ ഇതിനകം സനു മോഹന്‌ ലഭിച്ചിരുന്നു. തുടർന്നാണ്‌ ലോഡ്‌ജിലെ ആറുദിവസത്തെ ബിൽത്തുകപോലും നൽകാതെ കാർവാറിലേക്ക്‌ പോയത്‌. സ്വന്തം മൊബൈൽ ഇല്ലാതെ ഭാര്യയുടേത്‌ ഉൾപ്പെടെ മൂന്ന്‌ മൊബൈൽഫോണുകളുമായാണ്‌ പ്രതി കേരളം വിട്ടത്‌.

സനു മോഹനെ  ആലുവ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ

സനു മോഹനെ ആലുവ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ


 

കുറെയേറെ സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചതായും പൊലീസ്‌ പിന്നീട്‌ മനസ്സിലാക്കി. കൈവശമുണ്ടായിരുന്ന ഭാര്യയുടെ മൊബൈൽ ഓഫാക്കുകയും ചെയ്‌തിരുന്നു. ഇതുമൂലം പ്രതിയെക്കുറിച്ച്‌ മൊബൈൽ ടവറുകളിൽനിന്ന്‌ സൂചന ലഭിക്കാനുള്ള സാധ്യത  ഇല്ലാതായി. ഈ സാഹചര്യത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ ശ്രമകരമായ തെരച്ചിലിനാണ്‌ പൊലീസ്‌ നേതൃത്വം നൽകിയതെന്ന്‌ കമീഷണർ പറഞ്ഞു.  പ്രതിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പലയിടത്തുനിന്നും പൊലീസിന്‌ ലഭിച്ചു. വാളയാറിൽനിന്നും കൊല്ലൂരിലെ ലോഡ്‌ജിൽനിന്നും കിട്ടിയതിനുപുറമെയാണിത്‌. അത്തരം സൂചനകളിലൂടെയാണ്‌ അന്വേഷണം മുന്നേറിയത്‌.

ഇതിനിടെ പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലവും അയാളുടെ പെരുമാറ്റരീതികളും പൊലീസ്‌ ചികഞ്ഞെടുത്തു. ഒളിവിൽ കഴിഞ്ഞ പലയിടത്തുനിന്നും ലഭിച്ച വിവരങ്ങൾ പ്രതിയെക്കുറിച്ചുള്ളതുതന്നെ എന്നുറപ്പിക്കാനും അടുത്തനീക്കം എന്തെന്ന്‌ കണക്കുകൂട്ടാനും അത്‌ സഹായിച്ചു.

ഇത്രയും ദിവസത്തിനുള്ളിൽ മൂന്ന്‌ സംസ്ഥാനങ്ങളിലൂടെയെങ്കിലും പ്രതി സഞ്ചരിച്ചതായാണ്‌ പൊലീസ്‌ നിഗമനം. അതിന്റെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിലൂടെ ശേഖരിക്കും. ഒളിവിൽ കഴിയുമ്പോൾ മറ്റാരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോ എന്ന കാര്യങ്ങൾ അറിയാനുണ്ട്‌.  കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി പൊലീസ്‌ കരുതുന്നില്ല. സനു മോഹൻതന്നെയാണ്‌ കൊല നടത്തിയതെന്ന്‌ പൊലീസ്‌ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും അതിനുപിന്നിലെ യഥാർഥ ലക്ഷ്യം ഇനിയും വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്യലിലൂടെ വ്യക്തതയുണ്ടാകുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

അന്വേഷണം വഴിതെറ്റിക്കാൻ 
ശ്രമിക്കുന്നതായി പൊലീസ്‌
മകൾ വൈഗയെ പുഴയിലെറിഞ്ഞ്‌ കൊന്നതുസംബന്ധിച്ചുപോലും കഥകൾ മാറ്റിമാറ്റി പറയുന്ന സനു മോഹന്റെ മൊഴികളിൽ അടിമുടി വൈരുധ്യമെന്ന്‌ പൊലീസ്‌. കാർവാറിൽനിന്ന്‌ പിടിയിലായശേഷം കൊച്ചിയിലെത്തിച്ച സനു മോഹനെ പൊലീസ്‌  പ്രാഥമിക ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയിരുന്നു. ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പത്തോ ഇരുപതോ മിനിറ്റിനുള്ളിൽ മാറ്റിപ്പറയുന്നു. ആദ്യം പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്‌ പിന്നീട്‌ പറയുന്നത്‌. പ്രതിയുടെ ദുരൂഹവ്യക്തിത്വവും ക്രിമിനൽ പശ്‌ചാത്തലവുമൊക്കെ പരിഗണിച്ച് ഇതെല്ലാം അയാൾ ബോധപൂർവം ചെയ്യുന്നതാകാമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

കൊലപാതകവും പൊലീസ്‌ പിടിയിലാകുന്നതുവരെയുള്ള കാര്യങ്ങളും സനു മോഹൻ ബുദ്ധിപൂർവം ആസൂത്രണം ചെയ്‌തിരുന്നതായി പൊലീസ്‌ കണക്കാക്കുന്നു. പൊലീസ്‌ കസ്‌റ്റഡിയിലായപ്പോൾ ബോധപൂർവം ദുരൂഹ മാനസികാവസ്ഥ പ്രകടിപ്പിക്കുന്നതാകാം. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ പണമൊന്നും ഉണ്ടായിരുന്നില്ല. കാർ വിറ്റ്‌ കിട്ടിയതും നേരത്തേ കൈയിൽ കരുതിയിരുന്നതുമായ പണമൊക്കെ തീർന്നിരുന്നു. പോക്കറ്റടിച്ചുപോയെന്നും ചെലവാക്കിയെന്നുമൊക്കെ മാറി മാറി പറയുന്നു. ഫ്ലാറ്റിലെ കിടപ്പുമുറിയിൽ കണ്ട രക്തക്കറ വൈഗയുടെ മൂക്കിൽനിന്ന്‌ വന്നതാണെന്നാണ്‌ സനു മോഹൻ പറഞ്ഞത്‌. ശ്വാസം മുട്ടിച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം തോളിൽ എടുത്തിടുമ്പോൾ മൂക്കിൽനിന്ന്‌ രക്തം വന്നു എന്നാണ്‌ മൊഴി. അതെല്ലാം പൊലീസ്‌ കൂടുതൽ പരിശോധിക്കുന്നുണ്ട്‌. രാസപരിശോധനയിൽ വൈഗയുടെ ശരീരത്തിനകത്ത്‌ മദ്യത്തിന്റെ സാന്നിധ്യം കണ്ടതിനെക്കുറിച്ചും സനു മോഹനിൽനിന്ന്‌ വിവരമൊന്നും കിട്ടിയിട്ടില്ല.

കൊലപാതകം നടത്തിയതിന്റെ പിറ്റേന്ന്‌ ചിലർക്ക്‌ കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്ന്‌ സനു മോഹൻ പറഞ്ഞിരുന്നു. എന്നാൽ, മുംബൈയിൽനിന്ന്‌ തട്ടിപ്പുകേസിന്റെ പേരിൽ എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നതായോ സംഭവത്തിനുമുമ്പുള്ള ദിവസങ്ങളിൽ ഫ്ലാറ്റിൽ ആരെങ്കിലും അന്വേഷിച്ചുവന്നതായോ വിവരമില്ല.

സാമ്പത്തികത്തട്ടിപ്പ്‌ അന്വേഷിക്കാൻ പൊലീസ്‌ മുംബൈയിൽ
വൈഗയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഞായറാഴ്‌ച അറസ്‌റ്റിലായ സനു മോഹന്റെ കൂടുതൽ സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കാൻ എസിപി ഐശ്വര്യ ഡോംങ്‌റേയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി‌.  

മൂന്നുകോടിയോളം രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസാണ്‌ മുംബൈയിൽ സനുവിനെതിരെയുള്ളത്‌. ഇവിടെ ഇയാൾക്ക്‌ സ്‌റ്റീൽഷീറ്റിന്റെ ബിസിനസ്‌ നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. മൂന്നുകോടി രൂപയുടെ തട്ടിപ്പ്‌ നടത്തി നാട്ടിലേക്ക്‌ മുങ്ങുകയായിരുന്നുവെന്ന്‌‌ പൊലീസ്‌ പറഞ്ഞു. മഹാരാഷ്‌ട്രയിൽ ഇയാൾക്കുള്ള ബിസിനസ്‌ ബന്ധങ്ങളെക്കുറിച്ചും പൊലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌.

സനു മോഹൻ 
29 വരെ 
കസ്‌റ്റഡിയിൽ
പതിമൂന്നുവയസ്സുകാരി വൈഗ മരിച്ച കേസിൽ അറസ്റ്റിലായ അച്ഛൻ സനു മോഹനെ 29 വരെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിലും മുട്ടാർ പുഴയിലും എത്തിച്ച് തെളിവെടുക്കും. സനു മോഹനെ തിങ്കളാഴ്‌ച ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച്‌ കോവിഡ്‌ പരിശോധന നടത്തി. ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top