30 May Saturday

എന്റെ ഓർമയിൽ ഡിഗ്രി പരീക്ഷയുടെ സ്‌റ്റഡി ലീവിനേ ഞാനിങ്ങനെ മുറിയിൽ മാത്രമായി ഇരുന്നിട്ടുള്ളൂ ; മഹാമാരികൾ നിറഞ്ഞ നാട്ടിലൂടെ സഞ്ചരിച്ച അനുഭവങ്ങളുമായി സന്തോഷ്‌ ജോർജ്‌ കുളങ്ങര

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

കോട്ടയം > യാത്രകൾ സന്തോഷ്‌ ജോർജ്‌ കുളങ്ങരക്ക്‌ ജീവിതം തന്നെയാണ്‌. കോവിഡ്‌ 19 ഭീതിയിൽ ലോകം സ്‌തംഭിച്ചപ്പോൾ മലയാളിയുടെ പ്രിയപ്പെട്ട സഞ്ചാരിയും യാത്രകൾക്ക്‌ താൽകാലിക അവധി നൽകി. പക്ഷേ ലോക്ക്‌ഡൗണിനെ തുടർന്ന്‌ പാലാ മരങ്ങാട്ടുപിള്ളിയിലെ വീട്ടിൽ കഴിയുമ്പോഴും ജോലിത്തിരക്കുണ്ട്‌. സഫാരി ചാനലിലെ പരിപാടികളുടെ എഡിറ്റിങ്‌, ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അങ്ങനെ അങ്ങനെ..

 "എന്റെ ഓർമയിൽ ഡിഗ്രി പരീക്ഷയുടെ സ്‌റ്റഡി ലീവിനേ ഞാനിങ്ങനെ മുറിയിൽ മാത്രമായി ഇരുന്നിട്ടുള്ളൂ' –- സന്തോഷ്‌ ജോർജ്‌ കുളങ്ങര പറയുന്നു. ഈമാസം 11–-നാണ്‌ സന്തോഷ്‌  മെക്‌സിക്കോ യാത്ര കഴിഞ്ഞെത്തിയത്‌. വിദേശത്തു നിന്ന്‌ വന്നവരെല്ലാം വീട്ടിനുള്ളിൽ കഴിയണമെന്ന നിർദേശമനുസരിച്ച്‌ ഹോം ക്വാറന്റീനിലായി. കോവിഡ്‌ 19 മെല്ലെ പടർന്നുതുടങ്ങിയ സമയത്തായിരുന്നു മെക്‌സിക്കോ യാത്ര പദ്ധതിയിട്ടത്‌. അന്ന്‌ ടിക്കറ്റ്‌ ക്യാൻസൽ ചെയ്യേണ്ടിവന്നു. പിന്നീടാണ്‌ പോയത്‌. മാസത്തിൽ ഒരു വിദേശയാത്രയുണ്ട്‌. അതിപ്പോൾ മുടങ്ങുന്ന സാഹചര്യമാണ്‌.' 

"തുറന്നുപറഞ്ഞാൽ ഈ സാഹചര്യം എങ്ങിനെ അതിജീവിക്കുമെന്ന്‌ ആദ്യം ഭയം തോന്നിയിരുന്നു. വീട്ടിലിരുന്ന്‌ ചാനൽ നടത്തുകയെന്നാൽ. പക്ഷേ മെല്ലെ അതിജീവിക്കുകയാണ്‌. രണ്ട്‌ പുസ്‌തകങ്ങൾ ഇതിനകം വായിച്ചു. തിരക്കുമൂലം മാറ്റിവച്ച പുസ്‌തകങ്ങളാണ്‌. എല്ലാവരും ഇക്കാലത്ത്‌ ഇത്തരം നല്ല ശീലങ്ങളിലേക്ക്‌ കടക്കണം'. 

കോവിഡിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തുന്ന ചില ചരിത്രങ്ങളുണ്ട്‌. മഹാമാരി പിടികൂടിയ നാടുകൾ; അവരുടെ അതിജീവനത്തിന്റെ കഥകൾ. "യൂറോപ്പിലുടെയുള്ള സഞ്ചാരത്തിൽ പണ്ട്‌ പ്ലേഗ്‌ വൻ നാശം വിതച്ച നഗരങ്ങളെക്കുറിച്ച്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. പൂർണമായി ജനം നാട്‌ വിട്ടൊഴിയേണ്ടിവന്ന സംഭവങ്ങൾ. നൂറുവർഷം വരെ ആളില്ലാതെ കിടന്ന നഗരങ്ങൾ. ഒരിക്കൽ പൂർണമായി ഒഴിപ്പിച്ച നഗരമാണ്‌ പാരീസ്‌. അവർ പിന്നീട്‌ തിരിച്ചുവന്നു.  ഈ ചരിത്രാനുഭവങ്ങൾ അതിജീവനത്തിന്റെ പാഠങ്ങളാണ്‌. ഇന്ന്‌ നമ്മൾ അത്‌ തിരിച്ചറിയുന്നുണ്ട്‌.'

 "മനുഷ്യചരിത്രം ദുരന്തങ്ങൾ ഒരുപാട്‌ കണ്ടു; അതിജീവിച്ചു. ഇറ്റലിയിൽ  പോംപേ എന്ന സമ്പന്ന നഗരത്തിൽ രണ്ടായിരത്തോളം വർഷം മുമ്പുണ്ടായ സംഭവമാണ്‌.' സന്തോഷ്‌ തന്റെ അറിവിന്റെ ലോകം  തുറന്നു. "അവിടെ വെസൂവിയസ്‌ അഗ്‌നിപർവതം ഒരുരാത്രി വിഷപ്പുക വമിപ്പിച്ചു. നഗരത്തിൽ ഉറങ്ങിക്കിടന്ന ജനം ഒന്നടങ്കം അതു ശ്വസിച്ച്‌ മരിച്ചു. പിറ്റേന്ന്‌ അഗ്‌നിപർവതം പൊട്ടി. അതിൽനിന്നുള്ള ചാരം ഏഴുദിവസത്തോളം പറന്നു കെട്ടിടങ്ങൾക്കു മുകളിൽ വീണുകൊണ്ടേയിരുന്നു. കെട്ടിടങ്ങളിലെല്ലാം മീറ്ററുകളോളം കനത്തിൽ ചാരം അടിഞ്ഞു. നഗരം പിന്നീട്‌ വിസ്‌മൃതിയിലായി. 20–-ാം നൂറ്റാണ്ടിന്റെ ആദ്യം ഒരു പര്യവേഷകൻ ഇത്‌ കണ്ടെത്തി. ചാരത്തിനടിയിൽ അന്നത്തെ മൃതദേഹങ്ങൾ ഉറഞ്ഞ്‌ പ്രത്യേകതരത്തിൽ ശിൽപാകൃതി പൂണ്ട്‌ കിടപ്പുണ്ടായിരുന്നു. അന്ന്‌ അവർ എങ്ങിനെ ഉറങ്ങിയിരുന്നോ അതേ ആകൃതിയിൽ'. 

"എത്രയെത്ര മഹാമാരികൾ നമ്മൾ കണ്ടു. എല്ലാം മനുഷ്യൻ തരണം ചെയ്‌തിട്ടുണ്ട്‌. ഈ കൊറോണക്കാലവും കടന്നു പോകും.' –- അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top