23 January Wednesday

ദളിതര്‍ പൊതുവഴിയില്‍ നടന്നാല്‍ കുലം മുടിഞ്ഞുപോകുമെന്ന്! ആര്‍എസ്എസുകാരന്‍ 90 കുടുംബങ്ങളുടെ സഞ്ചാരം തടഞ്ഞു; സംഭവം കാസര്‍കോട് അതിര്‍ത്തിയില്‍

വിനോദ‌് പായംUpdated: Sunday Jul 29, 2018

പൊസളിഗെ കോളനിയിലേക്ക് റോഡ് വിട്ടുതരണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം

ഇരുവഴിയിൽ പെരുവഴി നല്ലൂ, പെരുവഴി പോ ചങ്ങാതീ പെരുവഴി കൺമുന്നിലിരിക്കെ, പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ പലതുണ്ടേ ദുരിതങ്ങൾ (വഴി വെട്ടുന്നവരോട്‐ എൻ എൻ കക്കാട്) 

കാസർകോട് നഗരത്തിൽനിന്ന് വടക്കോട്ട് 42 കിലോമീറ്റർ അപ്പുറം, കർണാടകത്തിൽനിന്ന് അഞ്ചുകിലോമീറ്റർ ഇപ്പുറം നടക്കുന്ന കഥയാണിത്. കഥയല്ല, പുരോഗമനസമൂഹം എന്ന് സ്വയം വിശ്വസിക്കുന്ന മലയാളി, പത്തറുപത് കൊല്ലംമുമ്പ് ഉപേക്ഷിച്ചെന്ന് വിചാരിച്ച പച്ചപ്പരമാർഥം. ഇതിൽ കഥാപാത്രങ്ങൾ മൂന്ന്‌: ഒന്ന്‐ പൊസളിഗെ എന്ന അതിർത്തിദേശത്ത് എൺപത് ഏക്കറിലധികം ഭൂമിയുള്ള, ആ ഭൂമിയാണ് ലോകത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ച് പെരുമാറുന്ന ധനാഢ്യൻ. ജന്മിത്തം ഇല്ലാതാക്കിയിട്ടും ഇപ്പോഴും ജന്മിയെന്ന്‌ വിളിക്കപ്പെടുന്ന ഇയാളുടെ  പേര‌് നവീൻകുമാർ. രണ്ട്: അയാളുടെ വീടിന് രണ്ടുകിലോമീറ്റർ ദൂരെ കുന്നിൻമുകളിൽ മലിങ്കെയിലും തോട്ടത്തുമൂലയിലും താമസിക്കുന്ന തൊണ്ണൂറോളം ദളിത് കുടുംബങ്ങൾ. മൂന്ന്: ഈ കുടുംബങ്ങൾക്ക് ആശുപത്രിയിലേക്കും   റേഷൻ കടയിലേക്കും സ്‌കൂളിലേക്കും പോകാനുള്ള രണ്ടര കിലോമീറ്റർ പൊസളിഗെ‐ മലിങ്ക‐തോട്ടത്തുമൂല പഞ്ചായത്ത് റോഡ്. 

പൊസളിഗെ-മലിങ്ക-തോട്ടത്തുമൂല പഞ്ചായത്ത് റോഡ്‌

പൊസളിഗെ-മലിങ്ക-തോട്ടത്തുമൂല പഞ്ചായത്ത് റോഡ്‌

ഇനിയാണ് സംഭവങ്ങൾ തുടങ്ങുന്നത്: പഴയ ജനസംഘത്തിന്റെ നേതാവും ബിജെപി ഭരിക്കുന്ന ബെള്ളൂർ പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റുംകൂടിയാണ് നവീൻകുമാറിന്റെ അമ്മ. അവർ തളർവാതം പിടിച്ച് കിടന്നുപോയി. പരിഹാരം തേടി ജ്യോത്സ്യനെ സമീപിച്ച ജന്മിക്ക് വിചിത്രമായൊരു ഉപദേശം ലഭിക്കുന്നു. വീടിന് സമീപത്തുകൂടി, അതും വീടിനേക്കാൾ ഉയരമുള്ള കുന്നിലൂടെയുള്ള റോഡുവഴി ദളിതർ സഞ്ചരിക്കുന്നത് പാപമാണ്. മാത്രമല്ല; അവർ മീനും ഇറച്ചിയും വാങ്ങിപ്പോകുന്നതും ഇതുവഴിതന്നെ. ദൈവകോപമുണ്ടാക്കുന്ന ഈ സംഗതിയാൽ, അമ്മ കിടക്കവിട്ടെഴുന്നേൽക്കില്ല. 'ദൈവനിശ്ചയം' സാധ്യമാക്കാൻ നവീൻകുമാർ ഉടൻ കടുത്ത തീരുമാനമെടുക്കുന്നു. 2005 മുതൽ ബെള്ളൂർ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സോളിങ‌് ചെയ്‌ത റോഡിലൂടെയുള്ള സഞ്ചാരം വിലക്കുന്നു. അതിനായി റോഡിന്റെകീഴെ തുരങ്കമുണ്ടാക്കുന്നു. ഇതോടെ വലിയ വാഹനങ്ങളുടെ വഴിയടഞ്ഞു. അവിടെയെത്തുന്ന ഓട്ടോയടക്കമുള്ള ചെറിയ വാഹനത്തിന്റെ ഡ്രൈവർമാരോട് 'ദൈവകോപത്തെ' കുറിച്ച് ബോധവൽക്കരിക്കുന്നു. അടുത്തുള്ള നാട്ടക്കൽ ടൗണിൽനിന്ന‌്  ഒരു വണ്ടിയും ഇങ്ങോട്ട് വരാതായി. വിലക്ക് ലംഘിച്ച് 'ധൈര്യസമേതം' രണ്ടോ മൂന്നോ ഓട്ടോക്കാർ വന്നാലായി.

ഏഴ് എൻഡോസൾഫാൻ രോഗികൾ, 40 കുട്ടികൾ; ഇതിൽ 13 അങ്കണവാടി കുരുന്നുകൾ,  ഇവർ ഉൾപ്പെടുന്ന തൊണ്ണൂറോളം  കുടുംബങ്ങൾക്ക് പുറംലോകത്തെത്താനുള്ള ഈ പഞ്ചായത്ത് റോഡിൽ 1990നുശേഷം ജീപ്പിനേക്കാൾ വലിയ വാഹനം വന്നിട്ടേയില്ല. നടക്കാൻകഴിയാത്ത ഇവിടത്തെ പാവങ്ങളെ നാട്ടുകാർ ചുമന്നുകൊണ്ടുപോകുന്നു. ആൾക്കാരെ ചുമന്ന് സഞ്ചരിക്കുന്നത് എത്രവർഷംമുമ്പാണ് കേരളം കണ്ടത്?

മത്താടി, രവി, സീതു

പൊസളിഗെയിലെ സഞ്ചാരവിലക്കിന്റെ രക്തസാക്ഷികളാണ് ഈ മൂന്നുപേർ. 2017 നവംബർ 2: എൻഡോസൾഫാൻ ഇരയായ ഭിന്നശേഷിയുള്ള മത്താടി നിർത്താതെ ചുമച്ചുതുടങ്ങി. ആശുപത്രിയിൽ പോകാൻ ഓട്ടോ വിളിച്ചപ്പോൾ 'ദൈവകോപം' ഭയന്ന് ആരും വരുന്നില്ല. മത്താടിയെ കസേരയിൽ ഇരുത്തി ചുമന്ന് റോഡ് ടാറിങ് ഉള്ള ബസ്തിവരെയെത്തിച്ച്, അവിടെനിന്ന‌് വാഹനത്തിൽ ആശുപത്രിയിലേക്ക്. അപ്പോഴേക്കും വൈകിപ്പോയി. അൽപ്പസമയംമുമ്പ് ചികിത്സ തുടങ്ങിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ.  നവംബർ നാലിന് മത്താടി വിടവാങ്ങി.

2017 ഒക്ടോബർ 21: നവീൻകുമാറിന്റെ കവുങ്ങുതോട്ടത്തിൽ കൂടുകൂട്ടിയ കടന്നൽക്കൂട് നശിപ്പിക്കാനാണ് കോളനിയിലെ മാങ്കുവിന്റെ മകൻ രവി പോയത്. സന്ധ്യാസമയത്ത് ഇടവഴിയിൽ പതുങ്ങിയ ഏതോ പാമ്പ് രവിയെ കടിച്ചു. ഉടൻ ആശുപത്രിയിലെത്തിക്കാൻ നവീൻകുമാറിന്റെ വണ്ടി ചോദിച്ചു. അയാൾ കൊടുത്തില്ല. മറ്റുവണ്ടികളും എത്തിയില്ല. ഏറെ വൈകി കാസർകോട്ട‌് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവിയും പാതിവഴിയിൽ 'അയിത്തമുള്ള' ജീവിതം ഊരിയെറിഞ്ഞു.

2018 ജൂൺ 25: എൻഡോസൾഫാൻ അനുബന്ധരോഗം ബാധിച്ച്  പരിയാരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതാവസ്ഥയിൽ ചികിത്സയിലായിരുന്നു അറുപത്താറുകാരി സീതു. വിടുതൽ വാങ്ങി സീതുവിനെ ആംബുലൻസിൽ വീട്ടിലേക്ക് മടക്കി. റോഡുണ്ടായിട്ടും താഴ്ഭാഗത്ത് വലിയ കിടങ്ങ് കുഴിച്ചതിനാൽ, ആംബുലൻസ് സീതുവിന്റെ വീട്ടിലേക്ക് കയറിയില്ല. ടാർ റോഡുള്ള ബസ്തിയിൽനിന്ന‌് അവശനിലയിലുള്ള സീതുവിനെ താഴെയിറക്കി ബന്ധുക്കൾ ചുമന്നുകൊണ്ടുപോയി. ആറുവർഷത്തോളം വൃക്കരോഗബാധിതയായി കിടന്ന സീതു പുതിയ സ്വാതന്ത്ര്യത്തിനൊന്നും കാത്തിരിക്കാതെ ജൂലൈ രണ്ടിന‌് മരിച്ചു.

വഴിനടക്കാനുണ്ടോ നിയമം

എഴുപതുകളിൽ ഭൂവുടമകളായ ദളിതരിൽനിന്ന‌് ചുരുങ്ങിയ പണത്തിന് നവീൻകുമാറിന്റെ കുടുംബം കൈക്കലാക്കിയ ഭൂമിയാണിത്.  ദളിത് കുടുംബങ്ങളെല്ലാം ഇയാളുടെ വീട്ടിലെ തൊഴിലാളികൾ. മലിങ്ക, തോട്ടത്തുമൂല കോളനികളിലേക്കുള്ള റോഡിനുള്ള ഉപാധി അന്നുതന്നെയുണ്ടായിരുന്നെന്ന് പ്രായമായവർ ഉറപ്പിച്ചുപറയുന്നു. 1978ലെ എൽഎ തഹസിൽദാർ ഒപ്പിട്ട സ്കെച്ചിൽ പൊസളിഗെ‐ മലിങ്ക റോഡ് കൃത്യമായുണ്ട്. 2005ലെ പഞ്ചായത്ത് ആസ്തി രജിസ്റ്റർ ബുക്കിലും ഈ റോഡ് പഞ്ചായത്തിന്റേതാണെന്ന് പറയുന്നു. ബെള്ളൂർ പഞ്ചായത്തിലെ 8, 9 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം. ഇപ്പോഴത്തെ ഭൂവുടമ നവീൻകുമാറിന്റെ പിതാവ് പരേതനായ  ഗോപാലകൃഷ്ണ കടമ്പളിത്തായയുടെയും അമ്മ രമാദേവിയുടെയും കാലത്താണ് ഈ പാതയുണ്ടാകുന്നത്. ഇത്രയും രേഖയിലുണ്ട്. പിന്നെവിടെയാണ് പ്രശ്നം. അതുള്ളത്  ജ്യോതിഷത്തിന്റെ കവടിമേൽ. കടുത്ത ദളിത് വിരുദ്ധരുടെയും അയിത്ത ചിന്താഗതിയും അടവച്ച‌് വിരിയുന്ന ഇരുണ്ട മനസ്സുകളിൽ. 
 
മൊത്തം കുടുംബങ്ങളിൽ 46 എണ്ണം പട്ടികജാതി വിഭാഗത്തിലും 13 പട്ടികവർഗ വിഭാഗത്തിലും പെട്ടവർ. ഏഴ് വീട്ടിൽ എൻഡോസൾഫാൻ രോഗികളുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കോളനിയിലേക്കുള്ള റോഡ് സോളിങ്ങിനായി പദ്ധതിയുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുള്ള ഈ പണിക്കിടയിൽ ഭൂവുടമ, തന്റെ ഭൂമിയിൽ അതിക്രമിച്ച് കയറിയെന്ന് പരാതിപ്പെട്ട് കോടതിയിലെത്തി. പഞ്ചായത്തിന്റെ ആസ്തി സംരക്ഷിക്കേണ്ടുന്ന ബിജെപി പഞ്ചായത്ത് ഭരണസമിതി, രേഖകളൊന്നും കോടതിയിൽ സമർപ്പിക്കാതെ ഒളിച്ചുകളിച്ചു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും പ്രശ്നം കോടതിക്കുപുറത്ത് പറഞ്ഞുതീർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്നും എങ്ങനെ കടന്നുകയാറാൻ കഴിയും എന്നുമാണ് ഇപ്പോഴും പഞ്ചായത്ത് ഭരണസമിതി വാദിക്കുന്നത്. 
 
കോളനിയിലേക്ക് പാത വേണമെങ്കിൽ, തന്റെ ഭൂമിയുടെ അതിരിലൂടെ ആയിക്കോളൂവെന്നുമാണ് ജന്മിയുടെ ഇപ്പോഴത്തെ നിലപാട്. അയിത്തവും ദൈവകോപവും അയാളും അയാളെ പിന്തുണയ‌്ക്കുന്ന സംഘപരിവാർ സംഘടനകളും പുറമേക്ക് പറയുന്നില്ല. ഭൂവുടമ നിർദേശിക്കുന്ന റോഡ് വന്നാൽ അങ്കണവാടിയിലേക്ക് പോകാൻ അഞ്ചു കിലോമീറ്റർ യാത്രചെയ്യണം. ആറു കിലോമീറ്റർ വേണം ബസ് കിട്ടാൻ. അത്രയും വിശാലമായ സ്ഥലത്തിന് പുറത്തുകൂടി പുതിയ പാത വെട്ടാൻ കോടികൾ ബാധ്യത വേറെയും. നവീൻകുമാറിന്റെ മാത്രമല്ല, അഞ്ചോ ആറോ ആളുകളുടെ സ്ഥലവും വേണ്ടിവരും.
 
സമരപാത വെട്ടുന്നു
 
സമരത്തിന്റെ പുതിയ പാത വെട്ടുകയാണിന്ന് പൊസളിഗെ ഗ്രാമം. സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച റോഡ‌് സംരക്ഷണസമിതി പ്രക്ഷോഭത്തിന് ജനപിന്തുണ ഏറിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണംകണ്ട് മുഖ്യധാരാമാധ്യമങ്ങളും പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട്.
സമരസമിതിയുടെ പ്രതിഷേധത്തില്‍നിന്ന്‌

സമരസമിതിയുടെ പ്രതിഷേധത്തില്‍നിന്ന്‌

 
പ്രയാസങ്ങളുടെ മല കയറുമ്പോൾ കൂടെനിന്നതും ചേർത്തുപിടിച്ചതും  ചെങ്കൊടി പിടിച്ചുവന്നവരാണെന്ന് പൊസളിഗെക്കാരും തിരിച്ചറിഞ്ഞു. രണ്ടാഴ്‌ച മുമ്പ് പാളത്തൊപ്പി ധരിച്ച് പഞ്ചായത്ത‌് ഓഫീസിലേക്ക് കോളനിക്കാർ മാർച്ച് നടത്തി. പുരോഗമന കലാസാഹിത്യസംഘവും ഡിവൈഎഫ്ഐയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പട്ടികജാതി ക്ഷേമസമിതി പ്രത്യക്ഷ സമരത്തിനിറങ്ങി. കഴിഞ്ഞ ഒമ്പതിന്  ജന്മിയുടെ വീട്ടിലേക്ക് അവർ മാർച്ച‌്ചെയ‌്തു.  അധികാരികളിലേക്ക് ശ്രദ്ധ എത്തിക്കാൻ കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ചർച്ചയിൽ സ്ഥലം പരിശോധിക്കാനും സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ഡെപ്യൂട്ടി കലക്‌ടറെ ചുമതലപ്പെടുത്തി. പരിശോധനകഴിഞ്ഞ് തീരുമാനമറിയാൻ കോളനിക്കാർ കാത്തിരിക്കുകയാണ്. പാമ്പും പഴുതാരയും നടക്കുന്ന റോഡിൽ പുതുവഴി വെട്ടാൻ.
 
സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള പോരാട്ടം എന്നതിലുപരി, സംഘപരിവാർ സംഘടനകളുടെയും ഭൂവുടമയുടെയും ഇക്കാര്യത്തിലുള്ള മനോഭാവവും ചർച്ചയാകണമെന്നാണ് സമരം ഏകോപിപ്പിക്കുന്ന സിപിഐ എം ഏരിയ സെക്രട്ടറി സിജി മാത്യു പറയുന്നത്. ദളിതരെ മനുഷ്യരായി പോലും കാണാൻ കൂട്ടാക്കാത്ത മനോഭാവമാണ് ഈ ഭൂവുടമയ്ക്ക്. അതുകൊണ്ട‌് മുഖാമുഖമിരിക്കാൻപോലും അയാൾ തയ്യാറല്ല. പ്രശ്നത്തിന്റെ കാതൽ അവിടെ തുടങ്ങുന്നു‐ സിജി മാത്യു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കോളനിയിലെ നീലയുടെ മകൾ കുസുമയ‌്ക്ക് പ്രസവവേദന വന്നത്. അവളെ കസേരയിലിരുത്തി  ഒന്നര കിലോമീറ്റർ താഴെ റോഡിലേക്ക് എത്തിച്ചു. കുസുമ കാസർകോട് ജനറൽ ആശുപത്രിയിലാണിപ്പോൾ.  
 
നീലയുടെ അച്ഛൻ മനുച്ചന്റെ പേരിലുണ്ടായിരുന്ന മൂന്നര ഏക്കർ ഭൂമിയിൽ പെട്ടതായിരുന്നു ഈ റോഡും. പണ്ട് ജന്മികുടുംബം മൂവായിരം രൂപയ‌്ക്കാണ് ഈ സ്ഥലം മനുച്ചനിൽനിന്ന‌് സ്വന്തമാക്കിയത്. അതിലൂടെയുള്ള സഞ്ചാരമാണ് കുസുമയ‌്ക്ക് നിഷേധിച്ചത്. കുസുമയുടെ കുഞ്ഞുവാവ ഇനി ആരുടെ ഭൂമിയിലൂടെയാണ് പിഞ്ചുകാൽ ഊന്നേണ്ടത്? നമ്മുടെ കേരളമാണ് ഇതെന്നുകൂടി ഓർത്ത് മറുപടി പറയൂ...
 
 
റിപ്പോര്‍ട്ട്‌: വിനോദ‌് പായം  vinodpayam@gmail.com

ചിത്രങ്ങള്‍: സുരേന്ദ്രന്‍ മടിക്കൈ
 

പ്രധാന വാർത്തകൾ
 Top