17 February Sunday

കണ്ണൂരില്‍ ബിജെപിയുടെ തീക്കളി: സിപിഐ എം നേതാക്കളുടെ വീടിന് ബോംബേറ്, പാർടി ഓഫീസുകൾ തകർത്തു; ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jan 5, 2019

കണ്ണൂര്‍ > ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്നാലെ കണ്ണൂർ ജില്ലയിലാകെ അക്രമം അഴിച്ചുവിട്ട്‌ സംഘപരിവാർ. സിപിഐ എം നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾക്കുനേരേ ആർഎസ്‌എസ്‌ ആക്രമണവും ബോംബേറുമുണ്ടായി. നിരവധി പാർടി ഓഫീസുകളും ബിജെപി ആക്രമിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ, സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന്‌ ആർഎസ്എസ് ബോംബെറിഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ ആർഎസ്എസ് ക്രിമിനൽ സംഘം കോടിയേരി മാടപ്പീടികയിലെ ഷംസീറിന്റെ വീടിനു  ബോംബെറിഞ്ഞത്. ബോംബ് മുറ്റത്ത്‌ വീണു പൊട്ടി. ഷംസീർ തലശേരി എഎസ‌്പി ഓഫീസിൽ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത സമാധാനയോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ്‌ ആക്രമണം. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വാട്ടർ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകർന്നു. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി പി ശശിയുടെ തലശേരിയിലെ വീടിനും വെള്ളിയാഴ‌്ച രാത്രി പതിനൊന്നോടെ ബോംബേറുണ്ടായി.

ഇരിട്ടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമമുണ്ടായി. പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആർഎസ്‌എസ്‌ ക്രിമിനൽ സംഘം ആക്രമിച്ചത്. വയറില്‍ ആഴത്തിലുള്ള മുറിവേറ്റ വിശാഖ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്പറമ്പിലെ സജീവന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയത്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലേടത്തും വെട്ടേറ്റു.

തലശ്ശേരിയില്‍ സിപിഐ എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം സിപിഐ എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍ 19 പേരെ അറസ്റ്റ് ചെയ്തു. 33 പേരെ കരുതല്‍ തടങ്കലിലെടുത്തെന്ന് പൊലീസ് അറിയിച്ചു.

കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണുണ്ടായത്‌. ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട്‌ കലാപം സൃഷ്‌ടിക്കാനാണ്‌ ആർഎസ്‌എസിന്റെ ശ്രമം. ആർഎസ്എസ്–ബിജെപി നേതാക്കൾകൂടി പങ്കെടുത്ത സമാധാന യോഗത്തിനുശേഷം അക്രമം നടത്താനാവില്ലെന്ന ബോധ്യത്തിൽ യോഗം അവസാനിക്കുന്നതിനു മുമ്പ് തിരക്കിട്ട് തങ്ങളുടെ ആക്രമണ പദ്ധതി നടപ്പാക്കുകയായിരുന്നു.

അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലായിരുന്ന ഉദ്യോഗസ്ഥരെയടക്കം തിരികെ വിളിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലശേരി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top