13 August Thursday
അമിത് ഷായ്ക്ക് മറുപടി

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം; 1970 മുതല്‍ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

തിരുവനന്തപുരം> കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പിണറായി സര്‍ക്കാരുള്ളതുകൊണ്ടും എല്‍ഡിഎഫിന് ബഹുജന പിന്തുണയുള്ളതിനാലും അത് നടത്തിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനനില കേരളത്തിലാണെന്നാണ് പല സര്‍വ്വെകളും വെളിപ്പെടുത്തുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ വര്‍ഗീയലഹളകള്‍ ഉണ്ടാകാറില്ല. അതിനുകാരണം ആര്‍ എസ് എസ് ഉള്‍പ്പെടെ എല്ലാ വര്‍ഗീയശക്തികളെയും ഒറ്റപ്പെടുത്തുന്നതില്‍ നിയമപരവും രാഷ്ട്രീയപരവുമായ വിട്ടുവീഴ്ചയില്ലാത്ത നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതുകൊണ്ടാണ്.

അതായത്, വര്‍ഗീയക്കുഴപ്പമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ അജന്‍ഡ എല്‍ഡിഎഫ് ഭരണമുള്ളതുകൊണ്ട് സാധിക്കുന്നില്ല.ബിജെ പിയുടെയും ആര്‍എസ്എസിന്റെയും ഇക്കാര്യത്തിലുള്ള നിരാശയില്‍നിന്ന് ഉടലെടുത്ത വിദ്വേഷമാണ് അമിത് ഷായുടെ രാജ്യസഭയിലെ കേരളവിരുദ്ധ സിപിഐ എം വിരുദ്ധ പരാമര്‍ശത്തില്‍ തിളയ്ക്കുന്നത്.

ദേശീയ തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള കേരളത്തെ പറ്റി എന്തിനാണ് മോശപ്പെട്ട പ്രതികരണം ബിജെപി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയത്? മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ ജീവനും മാനവും സുരക്ഷിതമല്ല. കൊള്ളയും അക്രമവും വ്യാപകമാണ്.വര്‍ഗീയക്കുഴപ്പവുമുണ്ട്.

ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന നാടായി കേരളം മാറിയതില്‍ ഈ സംസ്ഥാനത്തെ അഭിനന്ദിക്കുകയല്ലേ നീതിബോധമുണ്ടെങ്കില്‍ കേന്ദ്രഭരണാധികാരികള്‍ ചെയ്യേണ്ടത്?

1970 മുതല്‍ ആര്‍ എസ് എസ് കേരളത്തില്‍ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്. ഈ വസ്തുതയ്ക്കു മുന്നില്‍ കണ്ണടച്ചാണ് ഇവിടെ സിപിഐ എം അക്രമം നടത്തുന്നു എന്ന ദുരാരോപണം അമിത് ഷാ നടത്തിയത്. ചോരയിറ്റുവീഴുന്ന കൊലക്കത്തി കൈയിലേന്തിയ ആര്‍ എസ് എസിന്റെ ക്രൂരതയെ നുണകൊണ്ട് മറയ്ക്കാനാകില്ല.

അക്രമാസക്തമായി ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ ആര്‍ എസ് എസ് സൃഷ്ടിച്ചിട്ടുള്ള പാര്‍ടിയാണ് ബിജെപി. സഹസ്രാബ്ദമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഹിന്ദുമതത്തിന്റെ ആദര്‍ശങ്ങളല്ല ഇവരെ നയിക്കുന്നത്. ഈശോയും അള്ളാഹുവും ഈശ്വരനും ഒന്നിന്റെ പര്യായമാണെന്ന് വിശ്വസിക്കുന്നവരെ കൊന്നുതള്ളുന്നതാണ് ഇവരുടെ ക്രമസമാധനപരിപാലനം.

കേരളത്തെയും കേരളീയരെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നയം എത്രയുംവേഗം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതിനുവേണ്ടി ശക്തമായ ശബ്ദമുയര്‍ത്താന്‍ ഓരോ കേരളീയനും മുന്നോട്ടുവരണമെന്നും കോടിയേരി പറഞ്ഞു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top