22 November Friday

ശ്രീരാമന്റെ പേരിൽ അക്രമം; വിശ്വാസികളോട്‌ സംഘപരിവാർ മാപ്പ്‌ പറയണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കോഴിക്കോട്‌ > ശ്രീരാമന്റെ പേരിൽ അക്രമം നടത്തുന്ന സംഘപരിവാറുകാർ ഹൈന്ദവ വിശ്വാസികളോട്‌ മാപ്പു പറയണമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മോഡിയുടെ നേതൃത്വത്തിൽ രണ്ടാം ബിജെപി സർക്കാർ അധികാരമേറ്റതോടെ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള അക്രമം വർധിച്ചു. ദൈവത്തിന്റെ പേരുപയോഗിച്ചുള്ള  കൊലവിളി മതേതര ഇന്ത്യക്ക്‌ അപമാനമാണ്‌. അടൂരിനെ ഭീഷണിപ്പെടുത്തിയ ബിജെപി വക്താവ്‌ ബി ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കണം.
ആൾക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്നവരെയും പ്രോത്സാഹിപ്പിച്ച്‌ പ്രസംഗിക്കുന്നവരെയും പ്രതിപ്പട്ടികയിൽപ്പെടുത്തണം. കേന്ദ്രവും ചില സംസ്ഥാന സർക്കാരുകളും ഈ അക്രമങ്ങൾക്ക്‌ ചൂട്ടുപിടിക്കുകയാണ്‌. ബിജെപി, സംഘപരിവാർ അജൻഡയാണ്‌ ഇതിലൂടെ നടപ്പാക്കുന്നത്‌. ഭക്ഷണവും പേരും നോക്കിയുള്ള അക്രമങ്ങൾക്ക്‌ തടയിടണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ദേശീയ മനുഷ്യാവകാശ കമീഷന്‌ പരാതി നൽകിയിരുന്നു. എന്നാൽ  നടപടി കൈക്കൊണ്ടില്ല. ഈ വിഷയത്തിൽ രാജ്യത്താകെ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ്‌ ഡിവൈഎഫ്‌ഐ തീരുമാനം.

ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സംഘപരിവാർ അക്രമത്തിന്‌ വിധേയരായവരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച്‌ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. ഇരകൾക്ക്‌ നിയമ സഹായത്തിനായി എല്ലാ സംസ്ഥാനങ്ങളിലും ലീഗൽ സെല്ലുകൾ രൂപീകരിക്കുമെന്നും റിയാസ്‌  പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top