Deshabhimani

സന്ദീപ് വാര്യർ പുലിവാലായെന്ന ആശങ്കയിൽ കോൺഗ്രസ്‌

വെബ് ഡെസ്ക്

Published on Nov 20, 2024, 12:28 AM | 0 min read


തിരുവനന്തപുരം
പാലക്കാട്ടെ നേതാക്കൾ കൂട്ടത്തോടെ പടിയിറങ്ങിയതിന്റെ വെപ്രാളത്തിൽ, മുൻപിൻ ആലോചിക്കാതെ ആർഎസ്‌എസ്‌ നേതാവ്‌ സന്ദീപ്‌ വാര്യരെ കൂടെകൂട്ടിയത്‌ പുലിവാലായെന്ന ആശങ്കയിൽ കോൺഗ്രസ്‌. ജയിച്ചാലും തോറ്റാലും താനാണ്‌ എല്ലാത്തിനും ഉത്തരവാദിയെന്ന്‌ പറയുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തന്നെയാണ്‌ ഇത്തരമൊരുനീക്കത്തിന്‌ ചുക്കാൻ പിടിച്ചതെന്നാണ്‌ പറയുന്നത്‌. പ്രസിഡന്റ്‌ അടക്കം കെപിസിസി യുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെ ഇരുട്ടിൽ നിർത്തിയുള്ള നീക്കം മുതിർന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും കെ മുരളീധരനുമടക്കമുള്ളവർ സംശയത്തോടെയാണ്‌ കണ്ടത്‌. ഇരുവരും അവരവരുടെ ശൈലിയിൽ എതിർപ്പ്‌ പ്രകടിപ്പിച്ചിട്ടുമുണ്ട്‌.

ആർഎസ്‌എസ്‌ ബന്ധം എളുപ്പത്തിൽ വിടാനാകുന്നതല്ലെന്ന്‌ സൂചിപ്പിച്ചാണ്‌ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നും സന്ദീപ്‌ പ്രതികരിച്ചത്‌. കാര്യാലയം നിർമിക്കാൻ ഭൂമി നൽകുന്ന കാര്യം ഇപ്പോൾ പരസ്യമായി പറയേണ്ടിയിരുന്നില്ല എന്നാണ്‌ പല കോൺഗ്രസ്‌ നേതാക്കളുടേയും അഭിപ്രായം. അത്തരം പ്രതികരണം പാലക്കാട്‌ തിരിച്ചടിക്കാം.

ബിജെപിയിലെ ചില നേതാക്കളെ സന്ദീപ്‌ തള്ളിപ്പറയാൻ തുടങ്ങിയ ഘട്ടത്തിൽ സിപിഐ എം നേതാക്കൾ സ്വാഭാവികമായും പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, അത്‌ പാർടിയിലേക്ക്‌ സ്വാഗതം ചെയ്തതാണെന്ന വ്യാഖ്യാനം സിപിഐ എമ്മിന്റെ ചരിത്രമറിയാവുന്നർ അംഗീകരിക്കില്ല. സന്ദീപ്‌ ആർഎസ്‌എസിനെ തള്ളിപ്പറയുകയും കൃത്യമായ രാഷ്‌ട്രീയ നിലപാട്‌ പ്രഖ്യാപിക്കുകയും ചെയ്താൽ  അപ്പോൾ അഭിപ്രായം പറയാം എന്നാണ്‌ അന്ന്‌ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്‌. മറ്റുപാർട്ടികൾ വിടുന്ന നേതാക്കളെ കുറിച്ചെല്ലാം അതുതന്നെയാണ്‌ പറയാറുള്ളതും. ഡോ. സരിൻ കോൺഗ്രസിനെ  തള്ളി, കൃത്യമായ ഇടതുപക്ഷ നിലപാട്‌ പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ, ആർഎസ്‌എസിനെതിരായ നിലപാട്‌ പ്രഖ്യാപിക്കാതെയാണ്‌ സന്ദീപിനെ കോൺഗ്രസ്‌ സ്വീകരിച്ചത്‌. ഒരു സുപ്രഭാതത്തിൽ ത്രിവർണ ഷാൾ അണിയിച്ച്‌ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച രീതി ശരിയായില്ലെന്നാണ്‌ എ, ഐ വ്യത്യാസമില്ലാതെ പല നേതാക്കളുടേയും അഭിപ്രായം. തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ ഇക്കാര്യത്തിൽ രൂക്ഷമായ തർക്കം ഉടലെടുക്കുമെന്നതിന്റെ സൂചനയും നേതാക്കളിൽ നിന്ന്‌ ലഭിക്കുന്നുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home