12 August Wednesday

എസ്‌എസ്‌കെ: 839.18 കോടിയുടെ പദ്ധതിക്ക്‌ കേന്ദ്രാനുമതി; കോവിഡ്‌ പ്രത്യേക പാക്കേജിൽ തുക ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020


സമഗ്രശിക്ഷാ കേരളം 2020-–-21 അക്കാദമിക വർഷത്തിൽ സമർപ്പിച്ച 1334.19 കോടിയുടെ പദ്ധതിയിൽ 839.18 കോടിയുടെ പദ്ധതി കേന്ദ്രം അംഗീകരിച്ചു. ബുധനാഴ്‌ച ചേർന്ന എംഎച്ച്‌ആർഡി പ്രോജക്ട്‌ അപ്രൂവൽ ബോർഡാണ് വീഡിയോ കോൺഫറൻസിലൂടെ അംഗീകാരം നൽകിയത്‌. എന്നാൽ, കോവിഡ്‌കാല പഠനത്തിനായി സമർപ്പിച്ച 200 കോടിയുടെ അധിക പദ്ധതിയിൽ ഒരു രൂപപോലും അനുവദിച്ചില്ല.

ആകെ പദ്ധതി തുകയിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. ഈ വർഷത്തെ പദ്ധതിക്ക്‌ 717.97 കോടി രൂപയും മുൻവർഷ പദ്ധതി പൂർത്തിയാക്കുന്നതിന് 121.21 കോടിയുമാണ്‌ അംഗീകരിച്ചത്‌. ബോർഡ് യോഗത്തിൽ കേരളത്തിന്‌ കഴിഞ്ഞവർഷത്തെ പ്രവർത്തനത്തിന്‌ മികച്ച പിന്തുണ  ലഭിച്ചു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടത്തിയ പ്രവർത്തനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ വിശദീകരിച്ചു. ഭിന്നശേഷി സൗഹൃദ വിദ്യാലയാന്തരീക്ഷം കാര്യക്ഷമമാക്കുന്നതിനും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി തനതായ പ്രവർത്തനത്തിനും കൂടുതൽ തുക ലഭിച്ചു.

തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, വിദ്യാലയ വിലയിരുത്തൽ, പഠനവിടവ്‌ പരിഹരിക്കൽ, മൂല്യനിർണയം ശക്തിപ്പെടുത്തൽ, ഗുണനിലവാരം വർധിപ്പിക്കൽ തുടങ്ങിയവയ്‌ക്കും പ്രത്യേകം തുക ലഭിച്ചു.സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന്‌ പ്രത്യേകം തുകയുണ്ട്‌. എയ്ഡഡ് സ്‌കൂളുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്ന ആവശ്യം  ചർച്ചചെയ്‌ത്‌ തീരുമാനിക്കാമെന്ന് കേന്ദ്രം അറിയിച്ചു.

കേരളത്തെ പ്രതിനിധാനംചെയ്‌ത്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, സമഗ്ര ശിക്ഷാ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്‌ണൻ, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ് എന്നിവരും പങ്കെടുത്തു.

കോവിഡ്‌കാലത്ത്‌ പരീക്ഷ: കേരളത്തിന്‌ അഭിനന്ദനം
കോവിഡ്‌‌ പ്രതിരോധ നടപടികൾ നടപ്പാക്കി‌ ജാഗ്രതയോടെ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷ കേരളം പൂർത്തിയാക്കിയത്‌ ദേശീയശ്രദ്ധ നേടിയെന്ന്‌‌ എംഎച്ച്‌ആർഡി സെക്രട്ടറി അനിത കർവാൾ പറഞ്ഞു. ഓൺലൈൻ ക്ലാസ്‌, ഡിജിറ്റൽ പാഠപുസ്‌തകം എന്നിവ കേരളത്തെ ശ്രദ്ധാകേന്ദ്രമാക്കിയെന്നും അവർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top