24 October Thursday

5.53 ലക്ഷം ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2019

തിരുവനന്തപുരം> സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്ന പദ്ധതി വിജയത്തിൽ.   5,22,894 ജീവനക്കാർക്ക്‌ എംപ്ലോയീസ്‌ ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ( ഇടിഎസ്‌ബി) വഴിയാണ്‌ ഈമാസം ശമ്പളം നൽകിയത്‌. കെവൈസി അടക്കമുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിക്കേണ്ട കുറച്ചുപേർക്കുമാത്രമാണ്‌ ശമ്പളം അക്കൗണ്ടുവഴി ലഭിക്കാതിരുന്നത്‌. ഇവർക്ക്‌ ചെക്കുവഴി തുക നൽകി. ജൂലൈ മുതലാണ്‌ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്‌. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിലെ 1,13,206 പേർക്കാണ്‌ ഇടിഎസ്‌ബി.

ട്രഷറി വഴിയുള്ള ശമ്പളവിതരണം ജീവനക്കാർക്ക്‌ പുതിയ വരുമാനമാർഗംകൂടി തുറന്നു. ഇടിഎസ്‌ബിയിൽ  15 ദിവസംവരെ കിടക്കുന്ന തുകയ്‌ക്ക്‌ ആറുശതമാനം പലിശ ലഭിക്കും. ബാങ്കിൽ  ഇത്‌ 3.5 ശതമാനമായിരുന്നു. പണം പിൻവലിക്കുന്നതിന്‌ ഒരു നിയന്ത്രണവും ഇല്ല. തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്ര  പണം മാറ്റണമെന്ന്‌ ജീവനക്കാരന്‌ തീരുമാനിക്കാം.  ഇത്രയും പണം തുടക്കത്തിൽത്തന്നെ മാറ്റി നൽകും.

ബാക്കി ട്രഷറിയിൽ നിൽക്കുന്ന പണം 15 ദിവസം സൂക്ഷിക്കുന്നവർക്ക് ആറ് ശതമാനം നിരക്കിൽ പലിശ നൽകും. തൊട്ടടുത്ത മാസം അത് ജീവനക്കാരന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഒരു പണവും ട്രഷറിയിൽ സൂക്ഷിക്കേണ്ടതില്ലായെന്ന്‌ തീരുമാനിക്കാനും ജീവനക്കാരന് അവകാശമുണ്ട്.ഇതിനുശേഷം ട്രഷറിയിൽ നിൽക്കുന്ന ബാക്കി തുക ഏത് ഘട്ടത്തിലും ഇന്റർനെറ്റ് ബാങ്കിങ്‌ വഴി മാറ്റുന്നതിനും ചെക്ക് വഴി പിൻവലിക്കുന്നതിനും കോർബാങ്കിങ്‌ സംവിധാനമുള്ള ഏത് ട്രഷറി ബ്രാഞ്ചിൽനിന്നും പിൻവലിക്കൽ സ്ലിപ്പ് ഉപയോഗിച്ച് എടുക്കുന്നതിനും ജീവനക്കാരന് അവകാശമുണ്ടാകും.

ശമ്പളബാക്കി ട്രഷറിയിൽ സൂക്ഷിക്കുന്നത് സർക്കാർ ഖജനാവിന് മെച്ചമാകും. മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലംമുതൽ സർവീസ് പെൻഷൻകാരുടെ പെൻഷൻതുക വിതരണത്തിന്‌  പെൻഷൻ ട്രഷറി സേവിങ്‌സ്‌ അക്കൗണ്ട്‌ സൗകര്യം (പിടിഎസ്ബി) നിലവിലുണ്ട്. നല്ലൊരു പങ്ക് സർവീസ് പെൻഷൻകാരും ഇതുവഴിയാണ് പെൻഷൻ വാങ്ങുന്നത്. അതുപോലെ ജീവനക്കാർക്ക് ഇടിഎസ്‌ബി സംവിധാനം ഏർപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. തുടർന്നുവന്ന യുഡിഎഫ് സർക്കാർ പദ്ധതിയുടെ തുടർ നടപടികൾ ഉപേക്ഷിച്ചു.  ജീവനക്കാരുടെ ശമ്പളവിതരണം സ്വകാര്യ ബാങ്കുകൾക്കടക്കം നൽകി.

എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റയുടൻ ഐഎഫ്എംഎസ് എന്ന ട്രഷറി നെറ്റുവർക്ക് സമ്പൂർണമാക്കാൻ നടപടി തുടങ്ങി. കോർ ബാങ്കിങ്‌ സംവിധാനംവഴി ട്രഷറി അക്കൗണ്ട്‌ ഉടമയ്‌ക്ക്‌  ഏതു ട്രഷറി വഴിയും പണം പിൻവലിക്കാൻ സൗകര്യമൊരുക്കി. ആധുനിക ബാങ്കിങ്‌ സൗകര്യങ്ങൾകൂടി ട്രഷറി ഇടിഎസ്‌ബിയിലും ലഭ്യമാക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്‌.


പ്രധാന വാർത്തകൾ
 Top