13 December Friday

അത്ഭുത പ്രതിഭകളുടെ സംഗമമായി നാലാംതരം തുല്യതാ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

തിരുവനന്തപുരം> സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കായി നടത്തിയ നാലാംതരം തുല്യതാപരീക്ഷ അത്ഭുത പ്രതിഭകളുടെ സംഗമമായി. പ്രായത്തെ തോല്‍പ്പിച്ച് നാലാം ക്ലാസ് തുല്യതാപരീക്ഷ ജയിക്കുമെന്ന് 76 വയസുള്ള ഭവാനി ഭാസ്‌കരന്‍ പറഞ്ഞു. ഉറച്ച ആത്മവിശ്വാസത്തോടെയാണ് ഭവാനി പരീക്ഷ എഴുതിയത്.

കോട്ടയം ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഭവാനി പരീക്ഷ എഴുതിയത്. ഒരേ ബഞ്ചിലിരുന്ന് തുല്യതാ പരീക്ഷയെഴുതിയ വൃദ്ധദമ്പതികള്‍ സഹപാഠികള്‍ക്കും കൗതുകമായി. കോട്ടയം പാക്കില്‍ സ്വദേശികളായ രാഘവനും (65) ഭാര്യ സൗധരാഘവനുമാണ് (58) ഒരേ ബഞ്ചിലിരുന്ന് പരീക്ഷ എഴുതിയത്.

1961 ല്‍ രാഘവന്‍ ഇതേ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പഠനം മുടങ്ങിയ അതേ സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്കുശേഷം നാലാം ക്ലാസ് പരീക്ഷ എഴുതാനായത് ഏറെ സന്തോഷകരമാണെന്ന് രാഘവന്‍ പറഞ്ഞു.പൊന്നമ്മയും രാഹുലും അമ്മയും മകനുമാണ്. ഇരുവരും ഒരേ ബഞ്ചിലിരുന്ന് നാലാംതരം തുല്യതാ പരീക്ഷ എഴുതി. മകനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിക്കുമെന്ന് അമ്മ പൊന്നമ്മ പറഞ്ഞു.

വൈകല്യങ്ങളോട് പടപൊരുതിയാണ് സന്ധ്യ പരീക്ഷയ്ക്ക് എത്തിയത്. വീല്‍ചെയറില്‍ ഇരുന്നാണ് പരീക്ഷ എഴുതിയത്. സാക്ഷരതാമിഷന്‍ നടത്തിയ സാക്ഷരതാ പരീക്ഷയിലൂടെയാണ് സന്ധ്യ പഠനലോകത്തേയ്‌ക്കെത്തിയത്. പത്താംതരം തുല്യത ജയിക്കണമെന്ന് സന്ധ്യ പറഞ്ഞു. കോട്ടയം ജില്ലയിലാകെ 162 പേര്‍ നാലാംതരം തുല്യതാ പരീക്ഷ എഴുതി. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്.എസ്.സി.വിഭാഗത്തില്‍പ്പെട്ട 47 പേരും എസ്. ടി.വിഭാഗത്തില്‍പ്പെട്ട 6 പേരും പരീക്ഷ എഴുതി.

മീനച്ചില്‍ പഞ്ചായത്തിലെ പി.കെ.കൃഷ്ണന്‍കുട്ടിയാണ് (84) ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഉഴവൂര്‍ പഞ്ചായത്തിലെ ജിയന്ന സണ്ണിയാണ് (16) ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top