21 September Saturday

മാനംമുട്ടും പിറന്നാൾ മധുരം‌; സുബ്‌ഹാനെ കാണാൻ സേനാംഗങ്ങളെത്തി

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

നെടുമ്പാശ്ശേരി > അതിജീവനത്തിന്റെ പ്രകാശവുമായി പിറന്നുവീണ സുബ്‌ഹാന്‌ ഒന്നാം പിറന്നാളിന്റെ മധുരം. കഴിഞ്ഞ  പ്രളയത്തിനിടെയാണ്‌ സുബ്‌ഹാന്റെ ജനനം. വെള്ളക്കെട്ട്‌ വഴിമുടക്കിയപ്പോൾ ആകാശമാർഗത്തിലൂടെ ആശുപത്രിയിലെത്തിയാണ്‌ സാജിത സുബ്‌ഹാന്‌ ജന്മം നൽകിയത്‌. പിറന്നാൾ ആഘോഷമാക്കാൻ  സാജിതയെ എയർലിഫ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലെത്തിച്ച ഫ്‌ളൈറ്റ്‌ കമാൻഡർ വിജയ്‌ വർമയും പരിചരിച്ച ഡോ. തമന്ന ഷിനോയിയുമുൾപ്പെടെ എത്തിയത്‌ കുടുംബത്തിന്‌ ഇരട്ടിമധുരമായി. ചെങ്ങമനാട്‌ കളത്തിങ്കൽ വീട്ടിൽ ജബിൽ കെ ജലീലിന്റെ ഭാര്യയാണ്‌ സാജിത.

കഴിഞ്ഞ ആഗസ്‌ത്‌ 17ന്‌ കേരളം മുങ്ങിനിൽക്കവേയാണ്‌ സാജിതയ്‌ക്ക്‌ പ്രസവവേദന ആരംഭിച്ചത്‌. ചൊവ്വര കൊണ്ടോട്ടി ജുമാ മസ്‌ജിദിലെ ക്യാമ്പിന്‌ മുകളിലായിരുന്നു സാജിത. ഹെലികോപ്റ്റർ ഇറക്കാൻ പറ്റാത്തതിനാൽ കയറിൽ തൂങ്ങി ഡോക്ടറും കമാൻഡറും ഇറങ്ങി. ആരോഗ്യനില പരിശോധിച്ച ശേഷം ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന നിർദ്ദേശം മാത്രമാണ് ഡോക്ടർ നൽകിയത്. തുടർന്ന് സാജിതയെ എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നേവൽബേസിലെ സഞ്ജീവനി ആശുപത്രിയിൽ  പകൽ 2.18ന് സാജിത ആൺകുഞ്ഞിന് ജന്മം നൽകി. സേനാംഗങ്ങളാണ് സുബ്ഹാൻ എന്ന പേരുചൊല്ലി വിളിച്ചത്‌. സുബ്‌ഹാന്‌ ആശംസകളുമായി  ഫ്ലൈറ്റ് കമാൻഡർ വിജയ് വർമ മാധ്യമപ്രവർത്തകയായ ഭാര്യ ധന്യ വർമയ്‌ക്കൊപ്പമാണ്‌ എത്തിയത്‌. സാജിതയെ പരിചരിച്ച ഡോ. തമന്ന ഷിനോയ്‌, ലഫ്‌റ്റനന്റ്‌ കേണൽ എൽസ ജോൺ, അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത്‌ അംഗം ടി കെ സുധീർ, സാജിതയെയും സുബ്ഹാനെയും പ്രധാന താരങ്ങളാക്കി കാണാകൺമണി എന്നപേരിൽ യുട്യൂബ് വെബ് സീരീസ്‌ ഒരുക്കിയ നിർമാതാവ് ജിൻസൺ എന്നിവരും ലളിതമായ ആഘോഷച്ചടങ്ങിൽ പങ്കെടുത്തു.

സുബ്‌ഹാനൊപ്പം കേക്കുമുറിച്ചും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും സമ്മാനിച്ചും ഒത്തുകൂടിയവർ അതിജീവന പോരാട്ടത്തിന്റെ സ്‌മരണ പുതുക്കി. സർവീസിലെ ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവർത്തനം  സാജിതയുടെ എയർ ലിഫ്‌റ്റിങ്‌ ആയിരുന്നുവെന്ന്‌ വിജയ് വർമ പറഞ്ഞു. രക്ഷാദൗത്യങ്ങൾക്കുശേഷം വീട്ടിലെത്തിയപ്പോഴാണ്‌ സുബ്‌ഹാന്റെ ജനനവാർത്ത അറിഞ്ഞതെന്നും അദ്ദേഹം ഓർമിച്ചു. ജബിൽ–-സാജിത ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സുബ്ഹാൻ. നയീം, നുഐം എന്നിവരാണ്.


പ്രധാന വാർത്തകൾ
 Top