24 September Friday

നാലര പതിറ്റാണ്ടിനുശേഷം ഒരു ഉമ്മയും മകനും കൺനിറയെ കണ്ടു

ആർ ബി രജികൃഷ്‌ണUpdated: Saturday Jul 31, 2021

ശാസ്താംകോട്ട> കാത്തിരിപ്പ്‌ ചുളിവുകൾ വീഴ്‌ത്തിയ മുഖം സന്തോഷവും വാത്സല്യവും സമ്മേളിച്ച അപൂർവവികാരത്താൽ വിടർന്നു. വിറയാർന്ന വിരലുകൾ തന്നോളം വലുതായ, മുടിയിഴകൾ നരച്ച രൂപത്തെ ചേർത്തുപിടിച്ചു. ആനന്ദാശ്രുക്കൾ പൊഴിച്ച കണ്ണുകൾ ഓർമയിലെ രൂപം ചികഞ്ഞെടുത്ത്‌ എന്തൊക്കെയോ പരതി. നാലുപതിറ്റാണ്ടിലേറെയായി അനുഭവിക്കാനാകാതെ പോയ ഉമ്മയുടെ സ്നേഹച്ചൂടിലും വികാരവായ്‌പിലും ആ മകൻ അലിഞ്ഞു.

മൈനാഗപ്പള്ളി വേങ്ങ (കാരാളിമുക്ക്‌) പടനിലത്ത്‌ തെക്കതിൽ വീട്ടിൽ ഫാത്തിമബീവി (91)യുടെയും മകൻ സജാദ്‌ തങ്ങളുടെയും അപൂർവ സമാഗമമാണ്‌ കൂടിനിന്നവർക്കും ആനന്ദക്കാഴ്‌ച സമ്മാനിച്ചത്‌. 46 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ ഇരുവരും നേരിൽ കാണുന്നത്‌. എന്നെങ്കിലും തിരികെയെത്തുമെന്നു കരുതിയ മകൻ മുന്നിൽ വന്നുനിന്നപ്പോൾ ദൈവത്തോട്‌ നന്ദി പറയുകയായിരുന്നു ഫാത്തിമ ബീവി. മകനെ ചേർത്തുപിടിച്ച്‌ അവർ മുഖത്ത്‌ വാത്സല്യചുംബനമേകി. ഉമ്മയുടെ നെറുകയിൽ മകന്റെയും സ്നേഹചുംബനം. പിന്നെ മധുരം പങ്കുവയ്‌ക്കലായി. തൊണ്ണൂറിന്റെ നിറവിലും മകൻ നാലാംവയസ്സിൽ കാണിച്ച കുസൃതിത്തരങ്ങൾ അമ്മമനസ്സ്‌ ഓർത്തെടുത്തു പങ്കുവച്ചു.

കുടുംബവീടിന്റെ മുറ്റത്ത് ഉമ്മയും സഹോദരങ്ങളും സജാദ് തങ്ങളെ വാരിപ്പുണരുന്ന കാഴ്‌ചയും കൂടിനിന്നവരുടെ ഹൃദയം കവർന്നു. ഉമ്മയുടെയും മകന്റെയും സമാഗമം മാധ്യമങ്ങളിൽ വാർത്തയായതോടെ വൻ സ്വീകരണമാണ്‌ സജാദ്‌ തങ്ങൾക്കായി നാട്ടുകാർ ഒരുക്കിയത്‌. വൈകിട്ട് അഞ്ചിന്‌ ബന്ധുക്കളോടൊപ്പം നേത്രാവതി എക്സ്പ്രസിൽ കരുനാഗപ്പള്ളിയിൽ എത്തിയ സജാദിനെ കാറിൽ വേങ്ങയിൽ എത്തിച്ചശേഷം കാൽനടയായി ആഘോഷത്തോടെയാണ്‌ വീട്ടിലേക്ക്‌ ആനയിച്ചത്‌. സെറ്റ് സാരിയുടുത്ത സ്ത്രീകളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ സംഗമത്തിന് സാക്ഷിയായി. ഒരു  ലക്ഷ്യവുമില്ലാതെ കഴിഞ്ഞ നാലുപതിറ്റാണ്ടിലെ ജീവിതം നഷ്ടമായെന്നായിരുന്നു നാട്ടുകാരുടെ സ്വീകരണം കണ്ടപ്പോൾ സജാദിന്റെ പ്രതികരണം.

1971ൽ 19-ാം വയസ്സിൽ ഗൾഫിലേക്കു പോയ സജാദ് തങ്ങൾ 1976ൽ നാട്ടിൽവന്ന്‌ മടങ്ങിയെങ്കിലും പിന്നീട്‌ ഒരു വിവരവുമില്ലായിരുന്നു. നടി റാണി ചന്ദ്ര ഉൾപ്പെടെ മരിച്ച വിമാനാപകടത്തിൽ സജാദും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു കുടുംബാംഗങ്ങൾ കരുതിയത്‌. പിന്നീട്‌ സുഹൃത്തായ സുധാകരനാണ് മരിച്ചതെന്ന വിവരം ലഭിച്ചെങ്കിലും സജാദിനെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല. മുംബൈയിലെ സോഷ്യൽ ആൻഡ്‌ ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലൗ (സീൽ) ആശ്രമത്തിലെ പ്രവർത്തകരുടെ ഇടപെടലാണ്‌ നാട്ടിലേക്കു മടങ്ങാൻ തുണയായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top