19 September Saturday
മനോരമ പത്രാധിപർക്ക് തുറന്നകത്ത്‌

"മനോരമയുടെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളാൽ ഈ വാർത്ത കൂടി ഇടംപിടിക്കും'

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കെ.എം സച്ചിൻദേവ്

ഡിവൈഎഫ്‌ഐ പരിപാടിയിൽ ലൈക്കും ഷെയറും കിട്ടാൻ ക്വോട്ടനൽകുന്നുവെന്ന മലയാള മനോരമ വാർത്തയ്ക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവിന്റെ മറുപടി. പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാൻ ഡിവൈഎഫ്‌ഐ തന്നെ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്ന അത്യന്തം 'ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായ വാർത്ത' പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നുവെന്ന് മനോരമ പത്രാധിപർക്ക് എഴുതിയ തുറന്ന കത്തിൽ സച്ചിൻ പറഞ്ഞു. നാളെ സ്വതന്ത്ര്യദിനത്തിൽ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ഓൺലൈനായി വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് 'രാജ്യരക്ഷാപ്രതിജ്ഞ' സംഘടിപ്പിക്കുന്നുണ്ട്. പരിപാടി വിജയിപ്പിക്കാൻ വേണ്ടി ജില്ലാ-ഏരിയ തലത്തിൽ ക്വോട്ട നിശ്ചയിച്ച് നൽകിയതായി ഒരു രഹസ്യവിവരമുണ്ട്. ഒന്ന് ആളെവിട്ട് അന്വേഷിക്കണം. ഫേസ്ബുക്കിൽ ഡിസ്ലൈക്ക് ഓപ്ഷൻ ഉണ്ടെന്ന് കണ്ടുപിടിച്ച മനോരമയുടെ ലേഖകനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. മറ്റൊരു ഉപകാരം കൂടി ചെയ്‌തുതരണം. നാളത്തെ ഞങ്ങളുടെ പരിപാടിയുടെ ഉദ്ഘാടനപ്രസംഗവും ഒന്ന് ചോർത്തി തരണം.- സച്ചിൻ പോസ്റ്റിൽ പറയുന്നു.

സച്ചിൻദേവിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് ചുവടെ

പ്രിയപ്പെട്ട മനോരമ പത്രാധിപർക്ക്

വളരെ കൗതുകമുണർത്തുന്ന ഒരു വാർത്ത ഇന്ന് പ്രസിദ്ധീകരിച്ച അങ്ങയുടെ പത്രത്തിൽ 'ദർശിച്ചതിന്റെ' ആവേശത്തോടെയാണ് ഈ കത്തെഴുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാൻ ഡിവൈഎഫ്‌ഐ തന്നെ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായ വാർത്ത പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നു.
അങ്ങയുടെ പത്രത്തിന്റെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളാൽ ഈ വാർത്ത കൂടി ഇടം പിടിക്കും, തീർച്ച !

മറ്റൊരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ കത്തിന്റെ ഉദ്ദേശം. നാളെ സ്വതന്ത്രദിനത്തിൽ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ഓൺലൈനായി വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് 'രാജ്യരക്ഷാപ്രതിജ്ഞ' സംഘടിപ്പിക്കുന്നുണ്ട്.

പരിപാടി വിജയിപ്പിക്കാൻ വേണ്ടി ജില്ലാ-ഏരിയ തലത്തിൽ ക്വോട്ട നിശ്ചയിച്ച് നൽകിയതായി ഒരു രഹസ്യവിവരമുണ്ട്. അങ്ങ് ഒന്ന് ആളെവിട്ട് അന്വേഷിക്കണം. പറ്റുമെങ്കിൽ വാർത്തയാക്കണം, വെളിച്ചം കാണിക്കണം. (ഇന്നത്തെ വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകനെ തന്നെ അയക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ).

എസ്എഫ്‌ഐ പരിപാടി വിജയിപ്പിക്കാൻ ഇതര വിദ്യാർത്ഥി സംഘടനകൾ തയ്യാറാവാത്തതിനെ തുടർന്ന് മറ്റ് വഴികളില്ലാതായതോടെയാണ് ജില്ലാ കമ്മിറ്റികളെ ചുമതലയേൽപ്പിച്ചതെന്നാണ് സൂചന. അല്ലെങ്കിലും 'സൂചന'കളെ പറ്റി നിങ്ങൾ അറിയാതിരിക്കില്ലെന്നറിയാം. സൂചിപ്പിച്ചുവെന്ന് മാത്രം !

ഫേസ്ബുക്കിൽ ഡിസ്ലൈക്ക് ഓപ്ഷൻ ഉണ്ടെന്ന് കണ്ടുപിടിച്ച അങ്ങയുടെ ലേഖകനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. മറ്റൊരു ഉപകാരം കൂടി അങ്ങ് ഞങ്ങൾക്കായി ചെയ്തുതരണം. നാളത്തെ ഡിവൈഎഫ്‌ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കാൻ പോകുന്നതേതല്ലാം വിഷയങ്ങളിലാണെന്ന് കൃത്യമായി പത്രത്തിൽ എഴുതികണ്ടു.
നാളത്തെ ഞങ്ങളുടെ പരിപാടിയുടെ ഉദ്ഘാടനപ്രസംഗവും ഒന്ന് ചോർത്തി തരണം.

മറക്കരുത്, നാളെ വൈകുന്നേരം നാല് മണിക്കാണ് പരിപാടി. രണ്ട് ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടാണ് രാജ്യരക്ഷാ പ്രതിജ്ഞയെടുക്കുന്നത്. എണ്ണത്തിൽ വരുന്ന കുറവുൾപ്പെടെ എണ്ണിതിട്ടപ്പെടുത്താൻ നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു

സ്‌നേഹപൂർവ്വം
കെ.എം സച്ചിൻദേവ്

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top