14 December Saturday

ശബരിമലയ്‌ക്ക്‌ പ്രത്യേക ബോർഡ്‌ : 1190 ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


സ്വന്തം ലേഖകൻ
ശബരിമലയ്‌ക്കുമാത്രം പ്രത്യേക ബോർഡ്‌ രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കിയാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ കീഴിലെ 1190 ഓളം ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെൻഷൻകാരുടെയും ജീവിതവും വഴിമുട്ടും. ക്ഷേത്രകലാപീഠം, കോളേജുകൾ, സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്‌തംഭിക്കും.

ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്‌ ബോർഡിന്‌ കീഴിലെ 1248 ക്ഷേത്രങ്ങളിൽ 1190 ഓളം ക്ഷേത്രങ്ങളിലും നിത്യനിദാന ചെലവുപോലും നടക്കുന്നത്‌. 60 ഓളം ക്ഷേത്രങ്ങൾക്കുമാത്രമാണ്‌ സാമ്പത്തിക സ്വയംപര്യാപ്‌തയുള്ളത്‌.

പ്രത്യേക ബോർഡ്‌ രൂപീകരണം ഒട്ടേറെ നിയമപ്രശ്‌നങ്ങൾക്കും വഴിവയ്‌ക്കും. തിരുവിതാംകൂർ രാജാവ്‌ ഇന്ത്യൻ യൂണിയനുമായുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ്‌ ശബരിമലയും പന്തളം രാജപ്രവിശ്യയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ രൂപീകരിച്ചത്‌. തിരുവിതാംകൂർ–- കൊച്ചി ഹിന്ദു ആരാധനാലയ നിയമപ്രകാരമാണ്‌ ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ കീഴിൽ പ്രവർത്തിക്കുന്നത്‌. ഈ നിയമത്തിൽ ഭേദഗതി അനിവാര്യമാകും.

ശബരിമല പ്രത്യേക മാസ്‌റ്റർപ്ലാൻ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്‌. വിരമിച്ച ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായി പ്രത്യേക ഓംബുഡ്‌സ്‌മാനും നിലവിലുണ്ട്‌.
ദേവസ്വം ബോർഡിന്‌ കീഴിൽ ശബരിമല വികസന അതോറിറ്റി സർക്കാരിന്റെ പരിഗണനയിലാണ്‌. ദേശീയ തീർഥാടന കേന്ദ്രം എന്ന നിലയിൽ വികസിപ്പിക്കാനുള്ള ചുമതല ഈ അതോറിറ്റിക്കാണ്‌. മറ്റ്‌ ക്ഷേത്രങ്ങളിൽ ഭരണ നിർവഹണത്തിന്‌ പ്രത്യേകസമിതി രൂപീകരിക്കാനും നിർദേശമുണ്ട്‌.

തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിലനിർത്തി ശബരിമലയുടെ വികസനം കൂടുതൽ വേഗത്തിലാക്കാനാണ്‌ കർമപരിപാടി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ശബരിമലയെ ആശ്രയിച്ച്‌ കഴിയുന്ന മറ്റ്‌ ക്ഷേത്രങ്ങളിൽ വരാനിടയുള്ള പ്രതിസന്ധിയും കോടതിയെ അറിയിക്കും.


പ്രധാന വാർത്തകൾ
 Top