25 August Sunday

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹര്‍ജി: യേശുദാസിന് പകരം മറ്റാരെങ്കിലും "ഹരിവരാസനം' പാടേണ്ടി വരുമോയെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കൊച്ചി> ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളെ ഹൈക്കോടതി വിമർശിച്ചു. ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹർജിയുമായി മുന്നോട്ടു പോവാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹർജിക്കാരൻ വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ നിർദേശിച്ചു. തൃശൂർ ഊരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഇതര വിഭാഗങ്ങൾക്ക് ശബരിമലയിൽ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. "ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെക്കൊണ്ടെങ്കിലും പാടേണ്ടി വരുമോ. യേശുദാസിന്റെത് ഹിന്ദുവിന്റെ സ്വരമല്ലല്ലോ എന്നും കോടതി വാക്കാൽ പറഞ്ഞു. ഹരിവരാസനത്തിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നും ഇതിനെ ഒരു മന്ത്രമായി കാണരുതെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഗോപിനാഥൻ നൽകിയതു പോലുള്ള ഹർജികൾ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകൾ പരിഗണിക്കുന്ന മറ്റൊരു ദേവസ്വം ബെഞ്ച്  കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരിക്കുന്നു. ഇവ നിയമപരമായി നിലനിൽക്കില്ല. ശബരിമല വ്യത്യസ്ഥമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ഇവിടെ അഹിന്ദുക്കളെ വിലക്കാൻ കോടതി ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറൽ വരുത്താൻ ആരും ശ്രമിക്കരുതെന്നും അന്ന് കോടതി പറഞ്ഞു.

ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെടുന്നത് കേരളത്തിലെ മത സൗഹൃദത്തെ തകർക്കുമെന്ന് സംഘ്പരിവാര നേതാവായ ടി ജി മോഹൻദാസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴും കോടതി വ്യക്തമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top