പമ്പയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള വനിതാ വിശ്രമകേന്ദ്രം തുറന്നു
ശബരിമല > പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെന്റർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് ആയിരം സ്ക്വയർ ഫീറ്റിൽ 50 സ്ത്രീകൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച വിശ്രമ കേന്ദ്രത്തിൽ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നു. വനിതകൾക്കായി പമ്പയിൽ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷൻ സെന്റർ യാഥാർഥ്യമായതോടെ പരിഹാരമാവുന്നത്.
തീർത്ഥാടകർക്ക് ഒപ്പം പമ്പയിൽ എത്തുന്ന യുവതികൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ വിശ്രമകേന്ദ്രം പ്രവർത്തനക്ഷമായതോടെ സാധിക്കും. സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പമ്പയിൽ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും. സ്ത്രീകൾക്ക് സുരക്ഷിതമായി വിശ്രമിക്കാൻ ഒരു കേന്ദ്രം വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വച്ചപ്പോൾ തന്നെ ദേവസ്വം ബോർഡ് ഇടപെട്ട് വിശ്രമകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികമായി മുന്നോട്ടു പോവുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കർ ഐ പിഎസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ് ,പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഷിബു അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.
0 comments