24 August Saturday

ശബരിമല: ബിജെപി, കോൺഗ്രസ‌് ഇരട്ടത്താപ്പ‌് മറനീക്കി

പ്രത്യേക ലേഖകൻUpdated: Friday Jul 5, 2019

ശബരിമല യുവതീപ്രവേശ വിധിയുടെ മറവിൽ കോൺഗ്രസും ബിജെപിയും നടത്തിയ രാഷ‌്ട്രീയത്തട്ടിപ്പ‌് മറനീക്കി പുറത്തുവന്നു. എല്ലാവരും ചേർന്ന‌് വോട്ടിനുവേണ്ടി ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്ന‌് കൂടുതൽ വ്യക്തമാകുകയാണ‌്. നിയമനിർമാണം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിലൂടെയാണ‌് ഇക്കൂട്ടരുടെ ഇരട്ടത്താപ്പ‌് വെളിവായത‌്. ശബരിമലയിൽ യുവതീപ്രവേശം തടയാൻ ഏതറ്റംവരെയും പോകുമെന്ന‌ാണ‌് ബിജെപി അധ്യക്ഷൻ അമിത‌് ഷായും കൂട്ടരും തെരഞ്ഞെടുപ്പ‌ുകാലത്ത‌്  പ്രഖ്യാപിച്ചത‌്.

സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാനം നിയമനിർമാണം നടത്തണമെന്നായിരുന്നു കോൺഗ്രസ‌് നേതാക്കളുടെ ആവശ്യം. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പടച്ചുവിട്ട നുണ സ്വയം വിഴുങ്ങേണ്ട അവസ്ഥയിലാണ‌് കോൺഗ്രസും ബിജെപിയും. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പുനഃപരിശോധനാ ഹർജിയിൽ തീർപ്പുവരുമ്പോൾ കൂടുതൽ പരുങ്ങലിലാകുമോയെന്ന ഭീതിയിലാണ‌് കോൺഗ്രസ‌്, ബിജെപി നേതൃത്വവും.

യുവതീപ്രവേശം തടയാൻ സ്വകാര്യബില്ലുമായി എത്തിയ എൻ കെ പ്രേമചന്ദ്രനും സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്തുമോയെന്ന‌് ലോക‌്സഭയിൽ ചോദ്യമുന്നയിച്ച ശശി തരൂരും ആന്റോ ആന്റണിയും സ്വയം അപഹാസ്യരായി. എൻ കെ പ്രേമചന്ദ്രന്റെ ബിൽ വന്ന ദിവസംതന്നെ തള്ളി. നിയമനിർമാണം നടത്തുന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനും കേന്ദ്ര നിയമമന്ത്രി തയ്യാറായില്ല. ശബരിമല വിഷയത്തിൽ എന്തുചെയ്യാനും മടിക്കില്ലെന്ന‌് പ്രഖ്യാപിച്ച അമിത‌് ഷാ ഇപ്പോൾ ആഭ്യന്തരമന്ത്രിയാണ‌്. അദ്ദേഹത്തിനും ഇപ്പോൾ മിണ്ടാട്ടമില്ല.

വിശ്വാസത്തിന്റെയും ആചാരത്തിന്റെയുംപേരിൽ കേരളത്തിൽ വോട്ടുപിടിച്ച നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി എന്നിവരും മൗനത്തിലാണ‌്. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ ഭരണഘടനാ ബാധ്യത നിറവേറ്റിയ എൽഡിഎഫ‌് സർക്കാരിനെതിരെ കലാപം നടത്തിയവർ രാഷ‌്ട്രീയ വേട്ടയാണ‌് ലക്ഷ്യമിട്ടതെന്ന‌് ഇതെല്ലാം തെളിയിക്കുന്നു.

ശബരിമല യുവതീപ്രവേശം അനുവദിച്ച‌് സുപ്രീംകോടതി കഴിഞ്ഞ സെപ‌്തംബറിലാണ‌് വിധി പ്രസ‌്താവിച്ചത‌്. ഇതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ വാദം കേട്ടിട്ട‌് അഞ്ചുമാസം കഴിഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണത്തിന‌് തടസ്സമുണ്ടെന്നാണ‌് ഇപ്പോൾ കേന്ദ്ര സർക്കാർ നിലപാട‌്.

ശബരിമലവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന‌് മാത്രമാണ‌് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ‌് ലോക‌്സഭയിൽ വ്യക്തമാക്കിയത‌്. എന്നാൽ, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ‌് എൻ കെ പ്രേമചന്ദ്രന‌് സ്വകാര്യ ബിൽ കൊണ്ടുവരാൻ അനുമതി നൽകിയത‌്. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയത്തിൽ നിലപാട‌് വ്യക്തമാക്കാത്ത കേന്ദ്ര സർക്കാർ സ്വകാര്യബില്ലിന‌് അനുമതി നൽകിയത‌് ദുരൂഹമാണ‌്. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന‌് ആവശ്യമുന്നയിക്കുകയും അത‌ുപറഞ്ഞ‌് ജനങ്ങളെ കബളിപ്പിക്കുകയുംചെയ‌്ത കോൺഗ്രസ‌് ഇപ്പോൾ കേന്ദ്ര നിയമം കൊണ്ടുവരുമോയെന്ന‌് ചോദിക്കുന്നതും ഇരട്ടത്താപ്പാണ‌്. 

സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാരിന‌് ബാധ്യതയുണ്ടെന്നും അത‌് മറികടക്കാൻ സംസ്ഥാനത്തിന‌് നിയമപരമായി കഴിയില്ലെന്നുമാണ‌് സർക്കാർ ആവർത്തിച്ച‌് വ്യക്തമാക്കിയത‌്. കോടതിയിൽനിന്ന‌് മറിച്ചൊരു തീരുമാനമുണ്ടായാൽ അതനുസരിച്ച‌് നടപടി എടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top