21 March Thursday

പ്രശ്‌നങ്ങളുണ്ടാക്കല്‍ സംഘപരിവാര്‍ വ്രതമായെടുത്തിരിക്കുന്നു; പൊലീസ് മര്‍ദ്ദനമെന്ന് പറഞ്ഞ് ഒരാള്‍ സ്വന്തം വസ്ത്രം വലിച്ചുകീറി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

തിരുവനന്തപുരം > പ്രശ്‌നങ്ങളുണ്ടാക്കല്‍ സംഘപരിവാര്‍ വ്രതമായെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം എന്താണെന്ന് ഇതിനകം തന്നെ ജനങ്ങള്‍ക്ക്‌ മനസിലായിക്കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സമരം ഭക്തികൊണ്ടല്ല
 
ശബരിമലയോടുള്ള ഭക്തിയുടെ ഭാഗമായല്ല ഇത്തരം സമരങ്ങള്‍. ശബരിമലയിലെ മാസപൂജയുടെ അവസാന സമയങ്ങളില്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ സംഘപരിവാര്‍ സൃഷ്ടിച്ചു. അതൊന്നും ഭക്തരല്ല ചെയ്യുന്നത്. എല്ലാ ഘട്ടത്തിലും പൊലീസ് സമാധാനപരമായും ആത്മസംയമനത്തോടെയും ഇടപെട്ടു. ശാരീരിക വേദനകള്‍ അനുഭവിച്ചും പൊലീസ് ഉത്തരവാദിത്വം നിറവേറ്റി.

 ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഭക്തര്‍ക്ക് ആരാധന നടത്താന്‍ കഴിയുന്നതിന് വേണ്ടിയായിരുന്നു ഇത്. തടസം സൃഷ്‌ടിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത് സ്വാഭാവികം. ഇത് ആയിരക്കണക്കിന് ഭക്തര്‍ക്ക് സൗകര്യം ചെയ്യുന്നതിന് വേണ്ടിയാണ്. അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രീതികളാണ് ചിത്തിര ആട്ട സമയത്ത് ഉണ്ടായത്. പവിത്രമായ സന്നിധാനത്ത് തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നു.

50 വയസ് കഴിഞ്ഞ സ്ത്രീയെ തന്നെ സംഘപരിവാര്‍ തടഞ്ഞു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ മറ്റുകാരണം ഇല്ലാതെ വന്നപ്പോള്‍ 50 വയസുകഴിഞ്ഞ ഭക്തയെ ആക്രമിച്ചു. ഒരു തെറ്റും ചെയ്യാത്തവരെയാണ് അന്ന് ആക്രമിച്ചത്. ആചാര സംരക്ഷണം പറഞ്ഞവര്‍ തന്നെ പതിനെട്ടാം പടിയില്‍ ആചാരം ലംഘിച്ചത് നാം കണ്ടു. ചിത്തിര ആട്ട സമയത്ത് ഉണ്ടായ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.

 ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരെ മാത്രമാണ് തടഞ്ഞത്. ഹരിവരാസനം പാടി നട അടച്ചാല്‍ അന്നത്തെ പരിപാടികള്‍ അവസാനിച്ചു. എന്നാല്‍ ഹരിവരാസനം പാടി നട അടച്ചിട്ടും സന്നിധാനത്ത് ബഹളമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ആദ്യ ദിവസം കഴിയാഞ്ഞത് പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു ആര്‍എസ്എസ്.

ആര്‍എസ്എസിന്റെ കൈപ്പിടിയിലാക്കാന്‍ ശ്രമം

ശബരിമല സംഘപരിവാറിന്റെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നു ശ്രമം, അതിനായി എന്തുകളവും വിളിച്ചുപറയുകയായിരുന്നു. ഭക്തര്‍ എന്ന് പറഞ്ഞുവന്നവര്‍ സംഘപരിവാറിന്റെ നേതാക്കളായിരുന്നു. രാജേഷ് ആര്‍ എന്ന വ്യക്തി മുന്‍പ് ആര്‍എസ്എസിന്റെ മൂവാറ്റുപുഴ ജില്ലാ കാര്യവാഹ് ആയിരുന്നു. ഇപ്പോള്‍ എറണാകുളം-മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള വിഭാഗീയ കാര്യകര്‍തൃ സദസ്യനാണ്.

ആര്‍എസ്എസിന് എറണാകുളം റവന്യു ജില്ലയില്‍ രണ്ട് സംഘകടനാ ജില്ലകളാണുള്ളത്. ചിത്തിര ആട്ട വിശേഷ ദിവസം തൃശൂര്‍ സ്വദേശിനിയായ ഭക്തയെയും കൂട്ടരേയും ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത് രാജേഷാണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. പി വി സജീവ്: മൂവാറ്റുപുഴ ജില്ലാ കാര്യവാഹ്( കോഴിക്കോട് ജില്ലക്കാരന്‍), പി ആര്‍ കണ്ണന്‍ (ജില്ലാ പ്രചാര്‍ പ്രമുഖ്), വിഷ്ണു സുരേഷ്( എബിവിപി ദേശീയ കമ്മറ്റി അംഗമാണ്, യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയാണ്),എബി ബിജു( ഹിന്ദു ഐക്യവേദി (എറണാകുളം ജില്ലാ സെക്രട്ടറി).

 ഇവരില്‍ പലരുടേയും പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. ഇവരാണ് ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.  സാധാരണ വഴിയിലൂടെയല്ല, വനത്തിലൂടെയാണ് ഇവരില്‍ പലരും സന്നിധാനത്തെത്തിയത്. ഇത്തരക്കാര്‍ എങ്ങനെയാണ് ശബരിമലയില്‍ എത്തുന്നത് എന്ന് ബിജെപിയുടെ സര്‍ക്കുലര്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യക്തമായി.

 ഗൂഢപദ്ധതിയാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ ശബരിമല പിടിച്ചടക്കാന്‍ സംഘപരിവാര്‍ നീങ്ങുന്നു എന്ന് എല്ലാവര്‍ക്കും മനസിലായി. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായസമരമല്ല ഇതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരാണെന്നും ശ്രീധരന്‍ പിള്ള പരസ്യമായി പറഞ്ഞു. പാവപ്പെട്ട ഭക്തരെ രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി എന്തിന് ബലിയാടാക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതിന് ശബരിമലയെ വേദിയാക്കേണ്ടതുണ്ടോ? വിശ്വാസത്തിന്റെ പ്രതീകമായ ഇരുമുടിക്കെട്ട് ഒരു ബിജെപി നേതാവ് വലിച്ചെറിയുന്നു. പൊലീസ് അത് തിരിച്ചേല്‍പ്പിച്ചു. അത് അദ്ദേഹം വീണ്ടും വലിച്ചെറിഞ്ഞു. ഏതെങ്കിലും ഭക്തര്‍ ചെയ്യുന്ന കാര്യമാണോ ഇത്. അദ്ദേഹത്തിന്റെ വസ്ത്രം അദ്ദേഹം തന്നെ വലിച്ചുകീറി, എന്നിട്ട് പൊലീസ് മര്‍ദ്ദനത്തില്‍ കീറിയതാണ് എന്ന് പറയുന്നു.

 ഒരാളുടെ നെഞ്ചത്ത് പൊലീസ് ചവിട്ടി എന്നതരത്തിലുള്ള വ്യാജ ചിത്രം ദേശീയ തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കുകയാണ്. തീര്‍ത്ഥാടകരെ ആകെ ബുദ്ധിമുട്ടിലാക്കുന്ന ഹര്‍ത്താലാണ് ബിജെപി നടത്തിയത്. ശബരിമല ഉള്‍ക്കൊള്ളുന്ന ജില്ലയെ ഒഴിവാക്കുന്ന സാധാരണ രീതി പാലിച്ചില്ല.

ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കാനും ശ്രമിച്ചില്ല. ഭക്തര്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായത്. കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്നും ലഭിക്കില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു 

സംഘപരിവാര്‍ നാടിന്റെ ഐക്യത്തിനെതിര്‌

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കം നേരത്തെ തുടങ്ങിയതാണ്. അപ്പോഴൊക്കെ ലോകമാകെയുള്ള മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ പ്രത്യേകത പറഞ്ഞുകൊണ്ട് ദുഷ്പ്രചരണങ്ങളെ ചെറുത്തു.

കാലവര്‍ഷക്കെടുതിയുടെ ഘട്ടത്തിലും കേരളം കാണിച്ച യോജിപ്പ് രാജ്യത്തിനാകെ മാതൃകയാണ്. പല ആരാധനാലയങ്ങളും എല്ലാ ജാതിമതസ്ഥര്‍ക്കുമായി തുറന്നു കൊടുത്തു. ഇത് കേരളത്തിന്റെ മതനിരപേക്ഷതയുടെ പ്രത്യേകതയാണ്. സംഘപരിവാര്‍ ഇഷ്ടപ്പെടാത്തതും ഇതാണ്. സംഘപരിവാരിന് വേണ്ടത് ഐക്യമല്ല, ഭിന്നിപ്പാണ്.

നുണപ്രചരണത്തില്‍ ഡോക്‌ടറേറ്റ് എടുത്തവര്‍

വ്യാജപ്രചരണത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാര്‍. അതിലൂടെ നാട്ടിലാകെ കലാപമുണ്ടാക്കാമോ എന്നാണ് നോക്കുന്നത്. ശബരിമലയില്‍ ശരണം വിളിക്കരുതെന്ന് ആരും പറയില്ല. തങ്ങള്‍ക്ക് ക്യാംപ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് സംഘപരിവാര്‍ അക്രമികള്‍ നടത്തിയ വ്യാജപ്രചരണമാണത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പ്രചരണവും സൂചിപ്പിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുകയാണ് സംഘപരിവാരിന്റെ ലക്ഷ്യമെന്നാണ്. നാടാകെ രംഗത്തുവന്ന് ഇത്തരം നീക്കങ്ങളെ ഒറ്റപ്പെടുത്തും.

സംരക്ഷണം വിശ്വാസികള്‍ക്ക്

യഥാര്‍ത്ഥ ഭക്തജനങ്ങള്‍ ക്യാംപ് ചെയ്‌താല്‍ യാതൊരു പ്രശനവുമില്ല. എന്നാല്‍ സംഘപരിവാറിന് ക്യാംപ് ചെയ്യാന്‍ കഴിഞ്ഞാലാണ് സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കുക. അത്തരം നീക്കങ്ങള്‍ ശക്തമായി ചെറുക്കും.

ശബരിമലയില്‍ മുഴുവന്‍ വിശ്വാസികള്‍ക്കും ദര്‍ശനമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപി നേതാക്കളും ദര്‍ശനത്തിനെത്തിയാല്‍ ആവശ്യമായ സൗകര്യങ്ങളുണ്ടാകും. എന്നാല്‍ സംഘര്‍ഷമുണ്ടാക്കാനാണ് വരുന്നതെങ്കില്‍ അതിനെ ആ രീതിയില്‍ തന്നെ കാണേണ്ടിവരും.

ഭക്തജനങ്ങള്‍ക്ക് ഒരു അലോസരവുമില്ലാതെ മടങ്ങിപ്പോകാനാകണം. ഭക്തരില്‍ നിന്നും പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അക്രമികള്‍ക്കും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും.

മനുഷ്യസാധ്യമായ സൗകര്യങ്ങള്‍ ഒരുക്കി

മഹാപ്രളയത്തിനു ശേഷം ശബരിമലയില്‍ സൗകര്യങ്ങളൊരുക്കാന്‍ ആറു തവണയാണ് യോഗം ചേര്‍ന്നത്. റോഡുകള്‍ അടക്കം നേരത്തെയുണ്ടായിരുന്ന സൌകര്യങ്ങളെല്ലാം നശിച്ചുപോയിരുന്നു. അതെല്ലാം വീണ്ടും നിര്‍മിക്കേണ്ടിയിരുന്നു. 

ഭക്തര്‍ക്ക് വിരിവെക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇനിയും താല്‍കാലിക ഷെഡ്ഡുകള്‍ നിര്‍മിക്കും. ചുരുങ്ങിയ സമയംകൊണ്ട് കക്കൂസുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യസാധ്യമായ കാര്യങ്ങള്‍ ശബരിമലയില്‍ ചെയ്‌തിട്ടുണ്ട്. സ്വാഭാവികമായും ചില അസൗകര്യങ്ങള്‍ ഇപ്പോഴും ഉണ്ടാകും. അതുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രളയത്തിനു ശേഷം നടത്താന്‍ സാധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ നിര്‍മാണ പ്രവര്‍ത്തനം ഏല്‍പ്പിച്ചു. 202 കോടി രൂപയാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ ശബരിമലയ്‌‌‌ക്കായി അനുവദിച്ചത്. 

ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസും

ആര്‍എസ്എസിനൊപ്പം തങ്ങളും ഉണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്.   ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ സര്‍ക്കാര്‍ നേരിട്ടില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്തപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്റെ നിലപാട്. നിലപാടുകള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top