17 January Friday

ശബരിമലയിൽ പുതിയ മേൽപ്പാലം: നിർമാണച്ചുമതല കെല്ലിന് ; ചെലവ്‌ 21 കോടി, 18 മാസത്തിനുള്ളിൽ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


സ്വന്തം ലേഖകൻ
ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള  കെൽ നിർമിക്കും. പദ്ധതിയുടെ അന്തിമരൂപം തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല മാസ്റ്റർപ്ലാൻ ഉന്നതാധികാര സമിതിയും അംഗീകരിച്ചു.

21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമാണ് ഉണ്ടാവുക. ഇതോടെ തീർഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാനാകും. ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ ഈ പാലം വഴി കടത്തിവിടും. ദർശനശേഷം വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ മടങ്ങാൻ തീർഥാടകർക്ക്‌ സാധിക്കും.

പരിസ്ഥിതി സൗഹൃദപരമായാണ് രൂപകൽപ്പന. ദിവസം മൂന്ന്‌ ലക്ഷത്തോളം തീർഥാടകർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പാലത്തിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ സുരക്ഷാ ഇടനാഴികളുണ്ടാകും. ആനത്താരയ്‌ക്ക് തടസ്സമാകാത്ത രീതിയിലാകും നിർമിക്കുക. മാളികപ്പുറത്തിന്‌ സമീപം നിർമിക്കുന്ന പ്രസാദ വിതരണ കോംപ്ലക്‌സ്‌ കൂടി പൂർത്തിയാകുന്നതോടെ തീർഥാടകർക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾ വാങ്ങി അതിവേഗം തിരിച്ചിറങ്ങാനാകും.  സംസ്ഥാനത്ത് വിവിധ മേൽപ്പാലങ്ങൾ നിർമിച്ച്‌ പരിചയമുള്ള കെല്ലിനെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിർവഹണത്തിനുള്ള അംഗീകൃത ഏജൻസിയായി നിയമിച്ചിരുന്നു.

ലോകത്തെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായി കണക്കാക്കുന്ന കാളേശ്വരം പദ്ധതിക്ക് കെൽ 71 ട്രാൻസ്ഫോമർ നിർമിച്ച് നൽകിയിരുന്നു.
സംസ്ഥാന വൈദ്യുതബോർഡിനും ഇതര സംസ്ഥാന വൈദ്യുത ബോർഡുകൾക്കും ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമറുകൾ നിർമിച്ചു നൽകുന്നതും കെല്ലാണ്‌.


പ്രധാന വാർത്തകൾ
 Top