15 January Friday

ശബരിമല കേസ് ഇതുവരെ എന്ത്, ഇനി എന്ത്?

ശരത്‌ കെ ശശിUpdated: Wednesday Nov 13, 2019

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ വിധി പറയാന്‍ പോവുകയാണ്. വിധിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട 56ഓളം പുനപരിശോധന ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും കോടതി പരിഗണിച്ചു. സ്ത്രീ പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടണമോ അല്ല ഹര്‍ജികള്‍ തള്ളണമോ എന്നതിലാകും കോടതി വിധിയുണ്ടാവുക. പുന പരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി 9 മാസം പിന്നിടുകയും മറ്റൊരു മണ്ഡല കാലവും അടുത്തിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ പോകുന്നത്.

2018 സെപ്റ്റംബര്‍ 29നാണ് 1991ലെ ഹൈക്കോടതി വിധിയും സ്ത്രീ പ്രവേശനം വിലക്കുന്ന 1965 കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ്പ് ഓതറൈസേഷന്‍ ഓഫ് എന്‍ട്രി ആക്ടിലെ 3 ബി ചട്ടവും റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി എഴുതിയത്. ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ആയിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി എഴുതിയപ്പോള്‍ ഇന്ദു മല്‍ഹോത്ര ഭിന്ന വിധിയും എഴുതുകയുണ്ടായി. പിന്നീട് വിധി എഴുതിയ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ അദ്ദേഹത്തിന് പകരം ചീഫ് ജസ്റ്റിസായ ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ടത്. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേട്ടത്. പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി പറയുമ്പോള്‍ ശബരിമല വിധി പുനപരിശോധിക്കപ്പെടണമെങ്കില്‍ മൂന്ന് ജഡ്ജ്മാര്‍ എങ്കിലും അതിന് അനുകൂല നിലപാടെടുക്കണം.

എന്തായിരുന്നു സെപ്റ്റംബര്‍ 29ലെ സുപ്രീംകോടതി വിധിയുടെ ഉള്ളടക്കം

ഭരണഘടന രാജ്യത്തെ ഏത് പൗരനും ഉറപ്പ് നല്‍കുന്നതാണ് മൗലികാവകാശങ്ങള്‍. ആ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് സ്ത്രീ പ്രവേശനത്തിനുള്ള വിലക്കെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ത്രീ പ്രവേശനം അനുവദിച്ചുകൊïുള്ള സുപ്രീംകോടതി വിധി. അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ലെന്നും ആര്‍ത്തവം അടിസ്ഥാനമാക്കിയുള്ള ബഹിഷ്‌കരണം തൊട്ടുകൂടായ്മായാണെന്നുമായിരുന്നു ചരിത്ര വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത്. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, മതസ്വാതന്ത്രത്തിനുള്ള അവകാശം എന്നിവ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളാണ് ഈ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കണ്ടെത്തി. മതാചാരണത്തിന് സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന കാഴ്ചപ്പാടില്‍ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കൂടി ആയിരുന്നു സ്ത്രീ പ്രവേശനം അനുവദിച്ചത്.

ശാരീരിക ഘടന ഇഷ്ടമുള്ള മതം ആചരിക്കാനും പ്രചരിപ്പിക്കാനും തടസമാകരുത്. ആര്‍ത്തവം അടിസ്ഥാനമാക്കിയുള്ള ബഹിഷ്‌കരണം തൊട്ടുകൂടായ്മായാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുസമാധാനം, ധാര്‍മ്മികത ആരോഗ്യം തുടങ്ങിയ ഭരണഘടനാ സങ്കല്‍പ്പങ്ങളെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഉപയോഗിക്കുന്നതിനെ കോടതി തള്ളിക്കളഞ്ഞു. അയ്യപ്പ ഭക്തരെ മറ്റൊരു മതവിഭാഗമായി കാണാനാകില്ല എന്നും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി. ശബരിമല കേസില്‍ ഭിന്ന വിധി എഴുതിയത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമായിരുന്നു. റിട്ട് ഹര്‍ജിയിലൂടെ ഹൈക്കോടതി വിധി പുനപരിശോധിക്കുന്നത് നിയമപരമല്ല എന്ന നിയമ സാങ്കേതികത്വത്തിലും സ്ത്രീ പ്രവേശന വിലക്ക് അനിവാര്യമായ മതാചാരണം എന്ന കാഴ്ചപ്പാടിലും ഊന്നി ആയിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിധി.

ശബരിമല കേസ് എങ്ങനെ സുപ്രീംകോടതിയിലെത്തി

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കിയ 1991ലെ കേരള ഹൈക്കോടതി ഉത്തരവിനെതിരെ 2006 ജൂലൈ 28നാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ ഹര്‍ജി സജീവ സംഘപരിവാര്‍ പ്രവര്‍ത്തകരുടെബുദ്ധിയാണെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സക്രെട്ടറി ഭക്തി പസ്‌രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അല്‍ക്ക ശര്‍മ, സുധപാല്‍ എന്നിവര്‍ ആര്‍എസ്്എസ് ബന്ധമുള്ളവരായിരുന്നു. താനും ഭര്‍ത്താവും ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി സമ്മതിക്കുകയും ചെയ്തു. കേസ് സുപ്രീംകോടതിയില്‍ എത്തിയതോടെ 2007 നവംബറില്‍ വിഎസ് അച്ചുതനാന്ദന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സംസ്ഥാന സര്‍ക്കാരിനെ കൂടി എതിര്‍ കക്ഷിയാക്കിയതിനാലായിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ജനുവരിയില്‍ കെ രാമമൂര്‍ത്തിയെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചു. സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിനെതിരായിരുന്നു. അതിനാല്‍ 2016 ഫെബ്രുവരി 5ന് സ്ത്രീപ്രവേശനത്തിന്എതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ഇടത് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതിയും തേടി. അതേ മാസം തന്നെ അഡ്വ രാജു രാമചന്ദ്രനെ കോടതി അമിക്കസ് ക്യൂറിയായും നിയോഗിച്ചു. സ്ത്രീ പ്രവേശനത്തെ പിന്തുണച്ചായിരുന്നു അദ്ദേഹം നിലകൊണ്ടത്.

ആ വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും മെയ് മാസം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. 2007ലെ സത്യവാങ്മൂലം നിലനിര്‍ത്തുകയാണെന്ന് ഇടത് സര്‍ക്കാര്‍ നവംബറില്‍ കോടതിയെ അറിയിച്ചു. 2017 ഒക്ടോബര്‍ 13നാണ് കേസ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവാകുന്നത്. ഈ ഭരണഘടനാ ബെഞ്ച് 2018 ജൂലൈ 17ന് വാദം കേള്‍ക്കല്‍ ആരംഭിച്ച് സപെ്റ്റംബര്‍ 29ന് നിര്‍ണായക വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി 1965 കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ്പ് ഓതറൈസേഷന്‍ ആക്ടിലെ 3ബി ചട്ടവും റദ്ദാക്കി. വിധിക്കെതിരെ 56ഓളം പുനപരിശോധനാ ഹര്‍ജികള്‍ കോടതിയില്‍ എത്തി. 2019 ഫെബ്രുവരി 6നാണ് ഈ പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേട്ട് വിധി പറയാന്‍ മാറ്റിയത്.

വിഎസ് മുഖ്യമന്ത്രിയായ എൽഡിഎഫ്‌ സര്‍ക്കാര്‍ നല്‍കുകയും പിണറായി സര്‍ക്കാര്‍ നിലനിര്‍ത്തുകയും ചെയ്ത സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം

സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന് ഇടത് സര്‍ക്കാര്‍ എതിരാണ്. സര്‍ക്കാരിന്റെ നിലപാട് സാമൂഹിക നീതി ഉറപ്പാക്കണമെന്നാണ് .അതിനാല്‍ സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നായിരുന്നു 2007ല്‍ ഇടത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ശബരിമലയില്‍  മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. അതിനാല്‍ സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം കാലാകാലങ്ങളായി തുടര്‍ന്നുവരുന്നതായി  കാണാനാകില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് കൂടാതെ മറ്റ് പല ആചാരമാറ്റങ്ങളും ശബരിമലയില്‍  ഉണ്ടായിട്ടുണ്ട്് എന്ന കാര്യവും ചരിത്രസംഭവങ്ങള്‍ ഉദാഹരിച്ച്  സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

  • സ്ത്രീ പ്രവേശനത്തിന് എതിരല്ല എന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴും സ്ത്രീ പ്രവേശനവിഷയത്തില്‍ ഹിന്ദു ധര്‍മ്മ ശാസത്രത്തില്‍ പാണ്ഡിത്യമുള്ളവര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷനെ നിയോഗിക്കണമെന്നുള്ള നിര്‍ദേശവും ഈ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.
  • സ്ത്രീ പ്രവേശനം അനുവദിക്കുന്നതില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കാം എന്നും ഇതോടൊപ്പം തന്നെ വ്യക്തമാക്കി. കോടതി അഥവാ സ്ത്രീ പ്രവേശനം അനുവദിക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സന്ദര്‍ശനകാലം നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ല എന്നും കോടതി വിധി അതെന്തായാലും നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു


എന്തായിരുന്നു പുനപരിശോധനാ ഹര്‍ജികളില്‍ നടന്ന വാദം

വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം,അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയുടെ മാത്രം പ്രത്യേകതയും അവകാശവും,അയ്യപ്പനെ ആരാധിക്കുന്നവരെ പ്രത്യേക മതവിഭാഗമായി കാണണം, ഭരണഘടനയുടെ 15ാം അനുച്ഛേദ പ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റ്, യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല, പൊതുഇടങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല,ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം തുടങ്ങിയ വാദങ്ങള്‍ ആയിരുന്നു വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, മോഹന്‍ പരാശരന്‍ ,വി ഗിരി ,ശേഖര്‍ നാഫ്‌ഡെ ,വെങ്കിട്ട രമണി തുടങ്ങിയവര്‍ എന്‍എസ്എസ് അടക്കമുള്ള വിവിധ കക്ഷികള്‍ക്ക് വേണ്ടി ഹാജരായി. എന്നാല്‍ വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്.

തുല്യതയാണ് വിധിയുടെ അടിസ്ഥാനം;തൊട്ടുകൂടായ്മ അല്ല, ശബരിമല പൊതുക്ഷേത്രം ആയതിനാല്‍ ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്, ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയം, ആചാരത്തിന്റെ പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങളും പ്രത്യേക വിശ്വാസഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും;എന്നാല്‍ തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെ ആചാരത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് എതിര്‍ക്കുന്നവരുടെ ശ്രമം,വിധിയില്‍ പുനപരിശോധനയ്ക്ക് തക്കതായ പിഴവ് ഇല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും.

തുല്യത ഇല്ലാതാക്കുന്ന ഏത് ആചാരവും 25ാം അനുച്ഛേദത്തിന്റെ ലംഘനമാകും, ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല, ആര്‍ത്തവമില്ലാതെ മനുഷ്യകുലമില്ല, ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയം എന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന് തെളിവ്, 25ാം അനുച്ഛേദം നല്‍കുന്ന വിശ്വാസത്തിനുള്ള അവകാശത്തില്‍ ശബരിമലയില്‍ പോകണമെന്ന അവകാശം കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അതും സംരക്ഷിക്കപ്പെടണം, ശബരിമല പൊതുക്ഷേത്രമായതിനാല്‍ ഭരണഘടന അനുച്ഛേദം 15 ബാധകം, ശുദ്ധിക്രിയയിയിലൂടെ സ്ത്രീ മലിനയാണെന്ന് സ്ഥാപിക്കുന്നു, അത് ഭരണഘടനയുടെ മനസാക്ഷിയ്ക്ക് ഏറ്റ മുറിവ് എന്നും സബരിമലയില്‍ കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിഗും വാദിച്ചു.

കോടതി ഇനി എന്ത് ചെയ്യും, എന്താണ് സാധ്യതകള്‍

  • ശബരിമല സ്ത്രീ പ്രവേശന വിധി പുനപരിശോധനയ്ക്ക് വിധേയമാക്കപ്പെടണമെങ്കില്‍ 5 അംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജ്മാര്‍ എങ്കിലും അനുകൂല നിലപാടെടുക്കണം.
  • ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേരത്തെ തന്നെ സ്ത്രീ പ്രവേശനത്തിനെതിരെ വിധി എഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ദു മല്‍ഹോത്രയെക്കൂടാതെ രണ്ട് ജഡ്ജിമാര്‍ കൂടി തീരുമാനിച്ചാലേ വിധി പുനപരിശോധിക്കപ്പെടുകയുള്ളൂ.
  • വിധി എഴുതിയ ബെഞ്ചില്‍ അംഗമല്ലാത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയുടെ നിലപാട് നിര്‍ണായകമാകും. മൂന്ന് സാധ്യതകളാണ് കോടതി വിധിയായി വരാന്‍ സാധ്യതയുള്ളത്.
  • ഒന്ന് സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കേണ്ടെന്ന നിലപാടില്‍ എല്ലാ ഹര്‍ജികളും തള്ളുക. അങ്ങനെയാണെങ്കില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കി ഉത്തരവിനെ ചോദ്യം ചെയ്യാം. എന്നാല്‍ തിരുത്തല്‍ ഹര്‍ജികളിലൂടെ വിധി സുപ്രീംകോടതി തിരുത്തിയത് തുലോം കുറവാണ്.
  • രണ്ടാമത്തെ സാധ്യത സ്ത്രീ പ്രവേശനം അനുവധിച്ച വിധി സ്‌റ്റേ ചെയ്ത് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടുക എന്നതാണ്.
  • വിധി സ്‌റ്റേ ചെയ്യാതെ വിശാല ബെഞ്ചിന് വിടുകയാണ് മൂന്നാമത്തെ സാധ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top