06 December Friday

ശബരിമല: റിവ്യൂ ഹർജികളിൽ തീരുമാനമായിട്ടില്ലെന്ന്‌ വിധിപ്പകർപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂഡൽഹി > ശബരിമല സ്‌ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികൾ വിശാലബെഞ്ചിന്‌ വിട്ടിട്ടില്ലെന്ന്‌ വ്യക്തമാക്കി വിധിപ്പകർപ്പ്‌. ശബരിമല സ്‌ത്രീപ്രവേശന വിധിക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ തീരുമാനം എടുത്തിട്ടില്ല. പകരം റിവ്യൂ ഹർജികളിൽ ഉയര്‍ന്നു വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍  വിശാലബെഞ്ചിന്‌ വിടുകയാണ്‌ ഉണ്ടായതെന്ന്‌ വിധിപ്പപകർപ്പ്‌ വ്യക്തമാക്കുന്നു.

ഏഴ് കാര്യങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലും റിട്ട് പെട്ടീഷനുകളിലും തീരുമാനമെടുക്കുന്നത് മാറ്റിവെക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. വിശ്വാസം, മതം, ഭരണഘടന എന്നി കാര്യങ്ങളിലാണ് ഏഴംഗ ബെഞ്ച് തീരുമാനമെടുക്കേണ്ടത്.

ഭരണഘടന വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം വരുന്നവരെ റിവ്യൂ ഹർജികളിൽ തീർപ്പുണ്ടാകില്ല. കക്ഷികളെ വീണ്ടും കേൾക്കേണ്ടതുണ്ടോ എന്ന കാര്യവും ബെഞ്ച്‌ പരിഗണിക്കും. വീണ്ടും കേൾക്കണം എന്നാണെങ്കിൽ ഇതുവരെയുള്ള കക്ഷികളുടെ വാദങ്ങൾ വീണ്ടും ആവർത്തിക്കേണ്ടിവരും. ശബരിമല ക്ഷേത്രത്തിന്‌ 1965 ലെ ഹിന്ദു ആരാധനാ നിയമത്തിലെ കാര്യങ്ങൾ ബാധകമാണോ എന്നും പരിശോധിക്കും. ജാതി ലിംഗ ഭേദമില്ലാതെ ക്ഷേത്രങ്ങളിൽ ആരാധനാസ്വാതന്ത്ര്യം നിയമം ഉറപ്പ്‌ നൽകുന്നുണ്ട്‌.

സുപ്രീംകോടതിവിധിയുടെ പൂര്‍ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക്‌ ചെയ്യൂ

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ആധാരമായ വിഷയങ്ങളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിഷയങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുത്തതിന് ശേഷം മാത്രമേ പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുകയുള്ളു. അതേസമയം 2018 സെപ്റ്റംബര്‍ 28-ലെ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാനോ പുനഃപരിശോധിക്കാനോ കോടതി നിലവില്‍ തയ്യാറായില്ല.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌  7 കാര്യങ്ങൾ ആണ്‌ വിശാല ബെഞ്ചിന്‌ വിട്ടത്‌.

‐ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന അനുഛേദങ്ങളുടെ പരസ്‌പര ബന്ധം, പൊതുക്രമം, ധാർമികത എന്നിവയുടെ വ്യാഖ്യാനം.

‐ ഭരണഘടന ധാർമികതയുടെ കീഴിൽ വരുന്നത്‌ എന്തൊക്കെ.

‐ മതാചാരം എന്തെന്ന്‌ കോടതി നിർണയിക്കേണ്ടതുണ്ടോ. അതോ മതമേധാവികൾക്ക്‌ വിടണോ.

‐ അഭിവാജ്യ മതാചാരത്തിന്‌ ഭരണഘടനയുടെ പരിരക്ഷയുണ്ടോ.

‐ ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം.

‐ ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?

‐വിഷയത്തിൽ ബന്ധമില്ലാത്തവരുടെ ഹർജി പരിഗണിക്കണോ എന്നിവയാണ്‌ വിശാലബെഞ്ചിന്‌ വിട്ടത്‌.

അതേസമയം അഞ്ചം​ഗ ബെഞ്ചിൽ മൂന്നുപേർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ട് പേരായ ജസ്റ്റിസ് എ വൈ ചന്ദ്രചൂഡ്, റോഹിന്റൻ നരിമാൻ എന്നിവർ വിയോജനവിധിയാണ് കുറിച്ചത്. വിധിന്യായത്തിലെ അറുപത്തെട്ട് പേജിലാണ് ഇരുവരും അഭിപ്രായം വിശദമായി രേഖപ്പെടുത്തിയത്. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലുള്ള ശക്തമായ എതിര്‍പ്പും ഇരുവരും രേഖപ്പെടുത്തിയിട്ടുണ്ട്. 2018 സെപ്റ്റംബറിലെ വിധി മുൻനിര്‍ത്തി ഭരണഘടനയുടെ ആർട്ടിക്കിൾ 51A യിൽ പറഞ്ഞിരിക്കുന്ന മൗലിക കടമകളും പൗരൻമാർ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.


പ്രധാന വാർത്തകൾ
 Top