06 June Saturday

ശബരിമല യുവതീ പ്രവേശനം: സ്വകാര്യബിൽ ലോക‌്സഭയിൽ ചർച്ചയ‌്ക്കുപോലും എടുക്കില്ല

സാജൻ എവുജിൻUpdated: Tuesday Jun 25, 2019

ന്യൂഡൽഹി> ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച‌് വിധിക്കെതിരെ ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ ഈ സമ്മേളനത്തിൽ ചർച്ചയ‌്ക്കായിപോലും  എടുക്കില്ല. ജൂലൈ 12നു ചർച്ചയ‌്ക്കെടുക്കേണ്ട സ്വകാര്യബില്ലുകൾ തീരുമാനിക്കാൻ നറുക്കെടുപ്പ‌് നടത്തിയപ്പോൾ ശബരിമല ബിൽ തള്ളിപ്പോയി.

കഴിഞ്ഞ വെള്ളിയാഴ‌്ച ഒമ്പത‌് അംഗങ്ങൾ അവതരിപ്പിച്ച 30 സ്വകാര്യബില്ലുകളിൽ മൂന്നെണ്ണമാണ‌് ചർച്ച ചെയ്യാനായി നറുക്കിട്ടെടുത്തത‌്. ജനാർദ്ദനൻ സിങ‌് സിഗ‌്രിവാൾ(ബിജെപി), സുനിൽകുമാർസിങ‌്(ബിജെപി), ശ്രീരംഗ‌് ബർണ(ശിവസേന) എന്നിവരുടെ ബില്ലുകൾക്കാണ‌് നറുക്കു വീണ‌ത‌്.

ആർഎസ‌്പി അംഗം  എൻ കെ പ്രേമചന്ദ്രനാണ‌്, സുപ്രീംകോടതി കഴിഞ്ഞ വർഷം സെപ‌്തംബറിൽ പുറപ്പെടുവിച്ച വിധിക്കുമുമ്പുള്ള സ്ഥിതി ശബരിമല ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സ്വകാര്യബിൽ അവതരിപ്പിച്ചത‌്. വിധിക്കെതിരെ നിയമനിർമാണത്തിനു കഴിയുന്നതെല്ലാം ചെയ്യുമെന്ന‌്  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ‌്ദാനം ചെയ‌്ത ബിജെപി ഈ ബില്ലിനെ ശക്തിയായി എതിർത്തിരുന്നു. കേരളത്തിലെയും  ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും മാധ്യമങ്ങളിൽ വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കാൻ മാത്രമാണ‌് ഈ സ്വകാര്യബില്ലെന്ന‌് ബിജെപി അംഗം മീനാക്ഷി ലേഖി സഭയിൽ പറയുകയും ചെയ‌്തു.

ന്യൂനതകൾ നിറഞ്ഞ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും  അവർ തുടർന്ന‌് പറഞ്ഞു. വെള്ളിയാഴ‌്ച രാവിലെ   ശൂന്യവേളയിൽ തന്നെ ബില്ലിനെ എതിർത്ത മീനാക്ഷി ലേഖി ഉച്ചയ‌്ക്കുശേഷം അധ്യക്ഷസ്ഥാനത്ത‌് ഇരുന്നപ്പോഴാണ‌് ബിൽ അവതരണം ഉണ്ടായത‌്. കേവലം ഒറ്റവാക്കിൽ ബിൽ അവതരിപ്പിക്കാനാണ‌് അവർ അനുമതി നൽകിയത‌്.

കോടതി വിധിക്കെതിരെ കേരളത്തിൽ സമരം നടത്തിയ ബിജെപിക്ക‌് വേണമെങ്കിൽ ബില്ലിനോട‌് യോജിക്കുകയും സമാനസ്വഭാവമുള്ള ബിൽ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നതിനാൽ സ്വകാര്യബിൽ പിൻവലിക്കണമെന്ന‌് അംഗത്തോട‌് ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. പിന്നീട‌് സഭയിൽ ഔദ്യോഗിക ബിൽ അവതരിപ്പിക്കാം. എന്നാൽ പ്രഥമ  നറുക്കെടുപ്പിൽ തന്നെ ബിൽ തള്ളിപ്പോയതോടെ ജൂലൈ 26 വരെ നീളുന്ന ഈ സമ്മേളനത്തിൽ ഇതു ചർച്ചയ‌്ക്കെടുക്കാൻ സാധ്യത ഇല്ലാതായി.  വിധിക്കെതിരായ പുനഃപരിശോധന ഹർജികളിന്മേൽ സുപ്രീംകോടതി വിധി ജൂലൈയിൽ വന്നേക്കാം.

കേരളത്തിൽ രാഷ്ട്രീയമുതലെടുപ്പ‌് നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായി മാത്രം ശബരിമല വിഷയത്തെ ബിജെപിയും ആർഎസ‌്എസും ഉപയോഗിക്കുകയാണെന്ന‌് ഓരോ സംഭവവും വ്യക്തമാക്കുന്നു.  ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട‌് സുപ്രീംകോടതിയെ സമീപിച്ചത‌് ബിജെപി–-ആർഎസ‌്എസ‌് ബന്ധമുള്ള വനിത അഭിഭാഷകരാണ‌്.  ഈ അഭിഭാഷകർ ബിജെപിയുടെ ഉന്നതനേതാക്കളുമായി വേദി പങ്കിടുന്ന ചിത്രങ്ങൾ തന്നെ പുറത്തുവന്നിട്ടുണ്ട‌്.   ആർഎസ‌്എസ‌് ബൗദ്ധിക‌് പ്രമുഖ‌് സ്ഥാനം വഹിച്ചിട്ടുള്ള ആർ ഹരി യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ച‌് പുസ‌്തകം എഴുതി.  യുവതിപ്രവേശം അനുവദിച്ച കോടതിവിധയെയും ആർഎസ‌്എസ‌് സ്വാഗതം ചെയ‌്തു.  പിന്നീട‌് നിലപാട‌് മാറ്റുകയായിരുന്നു.

പ്രശ‌്നം പരിഹരിക്കാനല്ല, വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച‌് രാഷ്ട്രീയപ്രശ‌്നമായി ഇതിനെ നിലനിർത്താൻ മാത്രമാണ‌് ബിജെപി ആഗ്രഹിക്കുന്നത‌്. യുവതീപ്രവേശവിഷയം കേരളത്തിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഉത്തരേന്ത്യയിൽ ഇതു പറയേണ്ട കാര്യമില്ലെന്നും  ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ‌് പ്രചാരണകാലത്ത‌് ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top