20 February Wednesday

എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ മോശമായ പ്രതികരണം തള്ളിക്കളയുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കട്ടപ്പന> മൂന്നാർ പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടർക്കെതിരെ എസ് രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌് വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്.

പാർടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് എംഎൽഎ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാർടി യോജിക്കുന്നില്ല. മൂന്നാർ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ‌്. ഇടുക്കി ഡിസിസി അംഗമായ കറുപ്പുസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റ്. അറുപതു ദിവസമായി നടന്നുവരുന്ന നിർമാണപ്രവർത്തനത്തിന് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകുന്നത് ഫെബ്രുവരി ആറിനാണ്. ഈ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ആറ്, ഏഴ് തീയതികളിൽ അവിടെ നിർമാണം തുടർന്നു.

എട്ടാം തീയതിയാണ് റവന്യൂ സംഘവും ദൗത്യസംഘവും വീണ്ടും നിർമാണം നിർത്തിവയ‌്പ്പിക്കാൻ എത്തിയത്. ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്തംഗം വിജയകുമാർ, മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്. ഇതിനുശേഷം എംഎൽഎ യെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ എംഎൽഎ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്.

എന്നാൽ, ദൗർഭാഗ്യകരമായി സബ് കലക്ടർക്കെതിരെ അദ്ദേഹത്തിൽനിന്നും മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തിൽ പാർടി ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു


പ്രധാന വാർത്തകൾ
 Top