18 February Monday

അതിഗംഭീരം റഷ്യ ; (5‐0)

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

സൗദി അറേബ്യ‌ക്കെതിരെ റഷ്യയുടെ ആർടെം സ്യൂബ ഗോൾ നേടുന്നു


മോസ്കോ
കാൽപ്പന്തിന്റെ ലോകവേദിയാകാൻ ലഭിച്ച ആദ്യ അവസരം ആഘോഷമാക്കിയ എൺപതിനായിരത്തിലേറെ നാട്ടുകാരെ സാക്ഷിനിർത്തി റഷ്യ അരങ്ങേറ്റം അതിഗംഭീരമാക്കി. വോൾഗാ നദീതീരത്ത് റഷ്യ തീർത്ത ഗോൾമഴയിൽ സൗദി അറേബ്യ ഒലിച്ചുപോയി. ലോകകപ്പിലെ കന്നിപ്പോരിൽ തപ്പിത്തടഞ്ഞ എതിരാളികളെ റഷ്യ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർത്തു(5‐0). യുറി ഗസൻസ്കി, ഡെന്നിസ് ചെറിഷേവ്(2), ആർടം സ്യൂബ, അലക്സാണ്ടർ ഗൊലോവിൻ എന്നിവർ ഗോൾ കുറിച്ചു. എ ഗ്രൂപ്പിൽ മൂന്നു പോയിന്റോടെ റഷ്യ പ്രീക്വാർട്ടർ സാധ്യത സജീവമാക്കി.

റഷ്യ രണ്ടു ഗോൾ കുറിച്ച ആദ്യപകുതിയിൽ തന്നെ കളിയുടെ ഗതി നിശ്ചയിക്കപ്പെട്ടിരുന്നു. രണ്ടാംപകുതിയുടെ അധികസമയക്കളിയിൽ നടത്തിയ ഇരട്ടപ്രഹരം സൗദിയുടെ തോൽവി അതിദയനീയമാക്കി. പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ മറന്ന ഏഷ്യൻപ്രതിനിധികളെ സമസ്ത മേഖലയിലും റഷ്യക്കാർ ബഹുദൂരം പിന്നിലാക്കി. എതിരാളികളുടെ നിരന്തര മുന്നേറ്റങ്ങൾക്കിടെ പ്രത്യാക്രമണത്തിന് അവസരമില്ലാതെ സൗദി
മുന്നേറ്റനിര കാഴ്ചക്കാരായി.

വീണുകിട്ടിയ അവസരങ്ങൾക്ക് ലക്ഷ്യബോധം തരിമ്പുമുണ്ടായില്ല. സൗദി പ്രതിരോധത്തിന്റെ മണ്ടത്തരത്തിൽനിന്നാണ് ലോകകപ്പിലെ കന്നി ഗോൾ യുറി ഗസിൻസ്കി സ്വന്തംപേരിൽ കുറിച്ചത്. സൗദി ബോക്സിൽനിന്നു തട്ടിത്തെറിച്ച പന്ത് പിടിച്ചെടുത്ത അലക്സാണ്ടർ ഗൊലോവിൻ ഇടതുപാർശ്വത്തിൽനിന്ന് സൗദി ഗോൾപോസ്റ്റിലേക്ക് അളന്നുമുറിച്ചെന്ന പോലെ ഉയർത്തി നൽകുമ്പോൾ രണ്ടാം പോസ്റ്റിൽ രണ്ടു റഷ്യൻ താരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഉയർന്നു ചാടിയ ഗസിൻസ്കി ഗോളി അബ്ദുള്ള അൽ മായൂഫിന് എത്തിപ്പിടിക്കാനാകാത്ത വിധം തലകൊണ്ട് മറിച്ച പന്ത് ഒന്നാംപോസ്റ്റിന്റെ അരികുചേർന്ന് വലയിൽ(1‐0). സ്റ്റേഡിയം ഇരമ്പിയാർത്തു. അതിന്റെ അലകൾ ആതിഥേയ താരങ്ങളുടെ  കാലുകളിലേക്ക് പ്രസരിപ്പിച്ച ഊർജ്ജം ചെറുതായിരുന്നില്ല.

കുടുതൽ ഒത്തിണക്കവും വേഗവും കൈവരിച്ച നീക്കങ്ങൾ പിന്നാലെ കണ്ടു. സൗദി പ്രതിരോധം കഥയറിയാതെ ആട്ടംകാണും മട്ടിൽ തുടർന്നത്, ലോകകപ്പിലെ കന്നിമത്സരത്തിൽ ആതിഥേയർ തോൽവിയറിഞ്ഞിട്ടില്ലെന്ന റെക്കോഡ് അനായാസം നിലനിർത്താൻ റഷ്യയ്ക്ക് സഹായമായി.

കളി മുറുകുന്നതിനിടെ തങ്ങളുടെ ഏറ്റവും മികച്ച താരം അലൻ സഖയോവ് പരിക്കേറ്റു തിരിച്ചുകയറിയത് റഷ്യയെ ഉലച്ചതേയില്ല. ആദ്യ ഗോളിനു വഴിമരുന്നിട്ട ഗൊലോവിനും റോമൻ സോബ്നിനും മധ്യനിരയിൽ നിറഞ്ഞുകളിച്ചു. അലക്സാണ്ടർ സേംദേവും മോശമാക്കിയില്ല.

നിർണായകമായ ഉദ്ഘാടന മത്സരത്തിൽ നാട്ടുകാർക്കു മുന്നിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും നിൽക്കാതെയാണ് റഷ്യൻ ടീമിനെ പരിശീലകൻ സ്റ്റാനിസ്ലവ് ചെർചെസേവ് വിന്യസിച്ചത്. 4‐2‐3‐1. കാര്യങ്ങൾ സുഗമമായി നീങ്ങിയതിനാൽ അവസാനംവരെ ഈ ശൈലി മാറ്റാനും മുതിർന്നില്ല. എന്നാൽ, മറുപക്ഷത്ത് സൗദി അമിതപ്രതിരോധത്തിലൂന്നിയാണ് ഇറങ്ങഇയത്. 4‐1‐4‐1. മധ്യനിരയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് റഷ്യയെ പിടിച്ചുകെട്ടാമെന്നായിരുന്നു പരിശീലകൻ യുവാൻ അന്റോണിയോ പിസിയുടെ കണക്കുകൂട്ടൽ. എന്നാൽ, പ്രതിരോധത്തിലെ ദൗർബല്യങ്ങൾ എല്ലാം തകിടംമറിച്ചു.

രണ്ടാം പകുതിയിൽ സൗദി അൽപം ഉണർന്നുവെങ്കിലും വലിയ സാഹസത്തിനൊന്നും മുതിരാതെ റഷ്യ കളിയിലെ ആധിപത്യം തുടർന്നു. അൽപം മങ്ങിയ മുന്നേറ്റക്കാരൻ അഡോർ സ്മൊളോവിനു പകരമിറങ്ങിയ ആർടെം സ്യൂബയുടെ ആദ്യസ്പർശം തന്നെ ഗോളിലേക്കായിരുന്നു. കോർണറിൽ തുടങ്ങിയ നീക്കം ബോക്സിലേക്ക് ഉയർന്നുവന്നപ്പോൾ സ്യുബ തലകൊണ്ട് ഗോളിലേക്ക് തിരിച്ചുവിട്ടു(3‐0). അതോടെ റഷ്യ കളിവേഗം കുറച്ചു. രണ്ടാം പകുതിയിലെ അധികസമയക്കളിയിലായിരുന്നു ചെറിഷേവിന്റെ രണ്ടാം ഗോൾ. കളിയിലെ മിന്നുംതാരം ഗൊലോവിൻ ഫൈനൽവിസിലിന് തൊട്ടുമുമ്പ് ഒന്ന് തന്റെ പേരിലും കുറിച്ചു (5‐0).

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top