05 June Monday

റബർ പ്രതിസന്ധി ; കേന്ദ്രത്തിന്റെ എല്ലാ ചുവടും 
ടയർ വ്യവസായികൾക്കായി ; റബർ കർഷകർക്ക്‌ അന്തകനാകാൻ 
പുതിയ ബില്ലും

എസ്‌ മനോജ്‌Updated: Wednesday Mar 22, 2023കോട്ടയം
റബർ കർഷകരെ ദുരിതത്തിലേക്ക്‌ തള്ളിയത്‌ ആസിയൻ കരാർ അപ്പടി തുടരുന്ന കേന്ദ്ര സർക്കാർ നയം. മുൻ കോൺഗ്രസ്‌ സർക്കാർ ഒപ്പിട്ട കരാർ ബിജെപി സർക്കാർ കൂടുതൽ ശക്തമായി തുടരുന്നതാണ്‌ വിലയിടിവിന്റെ ആഘാതം ഇത്രയധികം കൂട്ടിയത്‌. ഈ കരാറിലെ 19–-ാം വകുപ്പു പ്രകാരം  ഇറക്കുമതി നിയന്ത്രണ ഇടപെടലുകൾ നടത്തണമെന്ന്‌ കർഷകസംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ അതിന്‌ കൂട്ടാക്കുന്നില്ല.

രാജ്യത്തെ ഉൽപ്പാദന മേഖലയിൽ പ്രതിവർഷം 13 ലക്ഷം ടൺ റബറോളം വേണ്ടിവരുമെന്നാണ്‌ വ്യവസായികൾ കണക്കാക്കിയിരിക്കുന്നത്‌. ഇവിടുത്തെ ഉൽപ്പാദനമാകട്ടെ  ഏഴര ലക്ഷം ടണ്ണോളം. കഴിഞ്ഞ വർഷം 5,36,000 ടൺ സ്വാഭാവിക റബറാണ്‌  ഇറക്കുമതി ചെയ്‌തത്‌. വൻ കുത്തകകളായ ടയർ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാൻ ചുങ്കം 25 ശതമാനത്തിലേക്ക്‌ കുറച്ചു. ഈ ആനുകൂല്യം വ്യവസായികൾക്ക്‌ നൽകിയിരുന്നില്ലെങ്കിൽ റബറിന്‌  മോഹവില കിട്ടുമായിരുന്നുവെന്ന്‌ റബർ ഡീലേഴ്‌സ്‌ ഫെഡറേഷൻ ഭാരവാഹിയും കർഷകനുമായ ജോർജ്‌ വാലി പറഞ്ഞു. കോമ്പൗണ്ട്‌ റബറിന്റെ ഇറക്കുമതിയും ക്രമാതീതമായി കൂടി. രണ്ട്‌ വർഷം മുമ്പ്‌ 35,000 ടണ്ണായിരുന്നത്‌ ഇപ്പോൾ 1,15,000 ടണ്ണായി. ഇതിന്റെ ഇറക്കുമതി ചുങ്കം കേന്ദ്രം കൂട്ടിയെങ്കിലും ആസിയൻ രാജ്യങ്ങൾക്ക്‌ ബാധകമല്ല. ഇന്തൊനേഷ്യ , ഐവറി കോസ്‌റ്റ്‌ എന്നീ രണ്ടു രാജ്യങ്ങളിൽ നിന്നാണ്‌ പകുതിയോളം വിദേശ റബറെത്തു
ന്നത്‌.

വില്ലനായി വന്ന ആസിയൻ കരാർ  രൂപീകരണഘട്ടത്തിൽ ഇടതുപക്ഷം പർലമെന്റിലും പുറത്തും എതിർത്തു.  കേരളത്തിൽ മനുഷ്യമതിൽ തീർത്തായിരുന്നു പ്രതിഷേധം. അന്ന്‌ അതിനെ ആക്ഷേപിച്ച ചില വൈദികരും മാധ്യമങ്ങളുമാണ്‌ ഇപ്പോൾ കർഷകർക്കായി മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നതെന്ന്‌ കർഷക സംഘടനകൾ ചൂണ്ടിക്കാണി
ക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ റബർ നയം രൂപീകരിച്ച്‌ കർഷകരെ രക്ഷിക്കുമെന്ന പ്രഖ്യാപനമാണ്‌ ബിജെപി നടത്തിയത്‌.  ഉൽപാദന ചെലവ്‌ കണക്കാക്കി അതിൽ നിന്നും 50 ശതമാനം ലാഭവിഹിതം കൂട്ടി സംഭരിക്കുമെന്ന്‌ എൻഡിഎ പ്രകടന പത്രികയിൽ പറഞ്ഞു. ഇറക്കുമതി നിയന്ത്രിക്കുമെന്ന്‌ പറഞ്ഞിടത്ത്‌ ക്രമാതീതമായി കൂടി. 2009 ൽ 1,17,000 ടണ്ണായിരുന്നു ഇറക്കുമതി. ’13 ൽ 2,17,360 ടണ്ണിലേക്കും ’14 ൽ 3,25,120 ടണ്ണിലേക്കും ’15 ൽ 4,16,000 ടണ്ണിലേക്കും ഇപ്പോൾ ആറു ലക്ഷം ടണ്ണിലേക്കും ഇറക്കുമതി കുതിച്ചു.

റബർ കർഷകർക്ക്‌ അന്തകനാകാൻ 
പുതിയ ബില്ലും
കേന്ദ്ര സർക്കാർ റബർ(പ്രോത്സാഹനവും വികസനവും) എന്ന പേരിൽ തയ്യാറാക്കുന്ന ബില്ലും കർഷക വിരുദ്ധമണെന്ന്‌ കർഷക സംഘടനകൾ എടുത്തുപറയുന്നു. റബർ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ റബർ ബോർഡുമായി കൂടിയാലോചിക്കണമെന്ന വ്യവസ്ഥയടക്കം അട്ടിമറിക്കുകയാണ്‌ ലക്ഷ്യം.  1947 ലെ റബർ നിയമത്തിലെ കർഷക അനുകൂല സമീപനങ്ങളെല്ലാം ഒഴിവാക്കി കേന്ദ്ര സർക്കാർ താൽപര്യം അടിച്ചേൽപിക്കുകയാണ്‌ ലക്ഷ്യം. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാമെന്ന ഉറപ്പിലാണ്‌ കേന്ദ്രമെന്ന്‌ കർഷകർ പറയുന്നു. ബോർഡിനെ തന്നെ നോക്കുകുത്തിയാക്കിയും കർഷക താൽപര്യം ഹനിക്കുന്നു.

കേരള സർക്കാർ 
ഇടപെടൽ
കേന്ദ്രം വിൽപ്പനയ്‌ക്കുവച്ച വെള്ളൂരിലെ എച്ച്‌എൻഎൽ ഭൂമി ഏറ്റെടുത്ത്‌ കേരള റബർ ലിമിറ്റഡ്‌ എന്ന കമ്പനി കേരള സർക്കാർ  രൂപീകരിച്ചു. ഇവിടെ വ്യവസായ പാർക്ക്‌ രൂപീകരിച്ച്‌ കൂടുതൽ റബർ ഉപയോഗത്തിന്‌ അവസരമൊരുക്കും. കർഷകർക്ക്‌ ന്യായവില കിട്ടുംവിധമുള്ള റബർ സംഭരണമടക്കം ലക്ഷ്യമിടുന്നു. ഈ ബജറ്റിലും 600 കോടി റബർ കർഷകർക്കായി മാറ്റിവച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top