27 May Wednesday

റബര്‍ മേഖലയ്‌ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുത്തു പകര്‍ന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

മുത്തോലിയിലെ എല്‍ഡിഎഫ് പൊതുയോഗത്തില്‍ മുഖ്യമന്ത്ര പിണറായി വിജയനും മാണി സി കാപ്പനും

പാലാ > യുഡിഎഫ് സര്‍ക്കാരില്‍ നിന്നും വിഭിന്നമായി റബര്‍മേഖലയ്ക്ക് കരുത്തു പകരുന്ന നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്  'സിയാല്‍ മോഡല്‍' കമ്പനി സ്ഥാപിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ആസിയന്‍ കരാറില്‍ ഏര്‍പ്പെട്ടതു മുതലാണ് റബര്‍മേഖലയുടെ സ്ഥിതി പരുങ്ങലിലായത്. അന്ന് ഈ കരാറിനെ എതിര്‍ത്ത കോണ്‍ഗ്രസും യുഡിഎഫും ഇടതുപക്ഷത്തൈ പരിഹസിച്ചു. ആസിയന്‍ കരാര്‍ കാര്‍ഷികരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. എന്നാല്‍, റബര്‍വില കൂപ്പുകുത്തി. കോണ്‍ഗ്രസിന്റെ നയം ഇപ്പോള്‍ ബിജെപി ശക്തമായി തുടരുകയാണ്. സംസ്ഥാനത്തോടോ അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന കര്‍ഷകരോടോ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ പല നയങ്ങളും നടപ്പാക്കുന്നത്. 

കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതു മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിലസ്ഥിരതാഫണ്ട് ഇനത്തില്‍ റബര്‍ കര്‍ഷകര്‍ക്കുള്ള 210 കോടി രൂപ നല്‍കാതെയാണ് യുഡിഎഫ് ഭരണം വിട്ടത്. എന്നാല്‍, കുടിശികയടക്കം 1310 കോടി രൂപ മൂന്നേകാല്‍ വര്‍ഷം കൊണ്ട് നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബദ്ധത തൈളിയിച്ചു.

നിര്‍ദിഷ്ട സിയാല്‍ മോഡല്‍ കമ്പനിയിലൂടെ റബര്‍ബാന്‍ഡ് മുതല്‍ ടയര്‍ വരെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതു മാത്രമല്ല, റബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനവും കേന്ദ്രവും ചേര്‍ന്നുള്ള സംയുക്ത ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചു.

എല്‍ഡിഎഫ് ഭരണത്തില്‍ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വുണ്ടായി. നെല്‍കൃഷി വന്‍തോതില്‍ വ്യാപിച്ചു. പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തതയില്‍േയ്ക്ക് മുന്നേറുകയാണ്. ഭാവിയില്‍ പച്ചക്കറി കയറ്റുമതിയും ലക്ഷ്യമിടുന്നു. ഇതിനെല്ലാമായി കാര്‍ഷികമേഖലയില്‍ പശ്ചാത്തല വികസനവും ഒരുക്കുന്നുണ്ട്. ഉല്‍പാദനകേന്ദ്രങ്ങള്‍ക്ക് സമീപം ശീതീകരണസംവിധാനത്തോടെയുള്ള സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ഓരോ വര്‍ഷവും നടപ്പാക്കിയ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പിച്ചാണ് എല്‍ഡിഎഫ് ഭരണത്തെ വിലയിരുത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. യുഡിഎഫിനോ ബിജെപിക്കോ ഇതൊന്നും സ്വപ്‌നം കാണാന്‍ കഴിയില്ല.

കേരളത്തെ സഹായിക്കുന്നതില്‍ നിന്നും കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കുമ്പോഴും എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ല. മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് 31,000 കോടി രൂപ ആവശ്യമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനസംഘം വിലയിരുത്തിയതാണ്. എന്നാല്‍, കേന്ദ്രത്തില്‍ നിന്നും ന്യായമായ സഹായം ലഭിച്ചില്ല. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും അവഗണിച്ചു.

അഴിമതിയില്‍ മുങ്ങിക്കിടന്ന നാടിന്റെ സംശുദ്ധി വീണ്ടെടുത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ലെന്നും പിണറായി ഓര്‍മിപ്പിച്ചു. കമീഷന്‍ ഏര്‍പ്പാടില്ലെന്ന് വ്യക്തമായതോടെ നിക്ഷേപകര്‍ക്ക് ശങ്കയില്ലാതെ വരാമെന്ന അവസ്ഥ. മൂന്നേകാല്‍ വര്‍ഷം മുന്‍പ് ഇതല്ലായിരുന്നു അവസ്ഥ. എങ്ങനെയാണ് ഈ മാറ്റങ്ങള്‍ വരുന്നതെന്ന് മനസില്‍ പ്രത്യേകം അടയാളപ്പെടുത്തണം. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്തു. അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം അനുവാദം ലഭിച്ചതായി കണക്കാക്കി വ്യവസായം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഇവിടെ നിന്നും ഇനിയും മുന്നോട്ടു തന്നെ പോകും. നാട്ടില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകണം. അതിന് ഉതകുന്ന വന്‍ തൊഴില്‍ സംരംഭങ്ങള്‍ ഇവിടെ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top