13 May Thursday

കേരളത്തിൽ എത്തുന്നവർക്ക്‌ ആർടിപിസിആർ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

തിരുവനന്തപുരം > മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലെത്തുന്നവർക്ക്‌ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്‌ ഉത്തരവ്‌. സംസ്ഥാനത്തെത്തുന്നവർ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്യണം.

വാക്സിൻ എടുത്തവരുൾപ്പെടെ എത്തുന്നതിന്‌ 48 മണിക്കൂർമുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. ഫലം അറിയുംവരെ ക്വാറന്റൈനിൽ കഴിയണം.  പോസിറ്റീവായാൽ ചികിത്സ തേടണം. നെഗറ്റീവാണെങ്കിൽ നിശ്ചയിക്കപ്പെട്ട കോവിഡ്‌ മാനദണ്ഡം പാലിക്കണം.

ആർടിപിസിആർ പരിശോധന നടത്താത്തവർ  എത്തിയതു മുതൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണമുള്ളവർ ഉടൻ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

മുൾമുനയിൽ

തിരുവനന്തപുരം > രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ മുൾമുനയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,08,898 സാമ്പിൾ പരിശോധിച്ചപ്പോൾ 18,257 പേർക്ക് രോഗം സ്ഥിരീകരിച്ചു‌. ഇതാദ്യമായാണ്‌ സംസ്ഥാനത്ത് ‌ കോവിഡ്‌ പരിശോധന ഒരുലക്ഷം കടക്കുന്നത്‌. രോഗസ്ഥിരീകരണ നിരക്ക് 16.77 ശതമാനമാണ്. ശനിയാഴ്ച 17.04 ആയിരുന്നു. 4565 പേർ‌ രോഗമുക്തരായി‌. പ്രതിദിന നിരക്കിലെ റെക്കോഡ് വർധനയ്‌ക്കൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം 93,686 ആയി. ഇതുവരെ 11,40,486 പേരാണ് രോഗമുക്തി നേടിയത്.

എറണാകുളത്ത്‌ 2835ഉം കോഴിക്കോട് 2560ഉം പേർക്കാണ് രോഗം‌ സ്ഥിരീകരിച്ചത്‌. തൃശൂർ –-1780, കോട്ടയം –-1703, മലപ്പുറം–- 1677, കണ്ണൂർ –-1451, പാലക്കാട് –-1077 ജില്ലകളിൽ ആയിരത്തിലധികമാണ്‌ രോഗികൾ. തിരുവനന്തപുരം –-990, കൊല്ലം –-802, ആലപ്പുഴ–- 800, ഇടുക്കി–- 682, പത്തനംതിട്ട–- 673, കാസർകോട്‌–- 622, വയനാട് –-605 എന്നിങ്ങനെയാണ്‌ മറ്റ്‌ ജില്ലകളിലെ കണക്കുകൾ. 2,37,036 പേർ നിരീക്ഷണത്തിലുണ്ട്. 25 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4929 ആയി. 10 പ്രദേശത്തെ പുതുതായി ഹോട്ട്സ്‌പോട്ടാക്കി.

ഇനിയുള്ളത്‌ നിർണായക ദിനങ്ങൾ

കോവിഡ് നിരക്ക് കുതിച്ചുയരുന്നതോടെ സംസ്ഥാനത്തിന് ഇനിയുള്ള ഓരോ ദിവസവും നിർണായകം. നിർദേശങ്ങൾ പാലിക്കാത്തപക്ഷം രോഗനിരക്ക് കുതിക്കുമെന്നാണ്‌ വിദഗ്ധാഭിപ്രായം. രണ്ടുദിവസം നടന്ന കൂട്ട പരിശോധനാ ഫലം പൂർണമാകുന്നതോടെ രോഗികളുടെ എണ്ണം കൂടും. മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. 45 വയസ്സിന്‌ മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top