22 February Friday

അടിത്തറ ഇളകുമ്പോൾ കൊന്നുതള്ളുന്നു

പ്രത്യേക ലേഖകൻUpdated: Monday Aug 6, 2018ലോക‌്സഭാ തെരഞ്ഞെടുപ്പടുത്തതോടെ വർഗീയ ചേരിതിരിവും സംഘർഷവും സൃഷ്ടിച്ച് നേട്ടംകൊയ്യാൻ ബിജെപി കാസർകോട് ജില്ലയിൽ കൊലക്കത്തിക്ക് മൂർച്ചകൂട്ടുന്നു. ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിൽനിന്ന് പിടിച്ചെടുക്കേണ്ട മണ്ഡലത്തിൽ പ്രഥമപരിഗണന നൽകിയ കാസർകോട്ട‌് സംഘപരിവാറിന്റെ അടിത്തറ ഇളകിയതോടെയാണ‌് ബിജെപി അക്രമത്തിലേക്ക‌് തിരിഞ്ഞത‌്. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം ഒന്നൊന്നായി നഷ്ടപ്പെടുന്നത്  തിരിച്ചടിയാവുമെന്ന് ബിജെപി ഭയപ്പെടുന്നു. ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ദിഖിന്റെ അരുംകൊലയിലൂടെ ഇക്കൂട്ടർ ലക്ഷ്യമിടുന്നത് ഭയപ്പെടുത്തി കീഴ്പ്പെടുത്തലാണ്.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തതോടെ ഭൂരിപക്ഷ വർഗീയത ഇളക്കിവിടാനുള്ള അണിയറ നീക്കങ്ങളിലാണ‌് സംഘപരിവാർ. ബദിയടുക്കയിലും കോടോം‐  ബേളൂർ പഞ്ചായത്തിലെ തട്ടുമ്മലിലും നടന്ന  ഹിന്ദുസമ്മേളനങ്ങൾ ഇതിന്റെ തുടക്കമായിരുന്നു. ചില കോൺഗ്രസ് നേതാക്കളെയുംസമ്മേളനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞത്  വലിയ നേട്ടമായാണ് കണ്ടത്. ഇതിനൊപ്പം വർഗീയ സംഘർഷത്തിനുള്ള മുന്നൊരുക്കവും നടത്തി. എന്നാൽ ഇതിനിടയ‌്ക്കാണ‌് കാറഡുക്ക പഞ്ചായത്തിൽ ബിജെപിക്ക‌് ഭരണം നഷ്ടപ്പെട്ടത്. എൻമകജെ പഞ്ചായത്തിലും അവിശ്വാസത്തിലൂടെ അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ബിജെപി ഇനി ഭരണത്തിലുള്ളത്  രണ്ട് പഞ്ചായത്തുകളിൽമാത്രം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ജനവിധി കോടതി വിധിയിലൂടെ അനൂകൂലമാകുമെന്ന പ്രതീക്ഷക്കും തിരിച്ചടിയുണ്ടായി. തെരഞ്ഞെടുപ്പ് കേസ്ഫയൽചെയ‌്ത ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ അതിൽനിന്ന് തലയൂരാനാവാതെ അപഹാസ്യനായി. രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം എതിരാവുമ്പോൾ വർഗീയ ധ്രുവീകരണവും കൊലപാതകവും നടത്തി ശ്രദ്ധ തിരിക്കുകയെന്ന പതിവ് തന്ത്രം ആവർത്തിക്കുകയാണ‌് ആർഎസ്എസ‌്.  ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി എസ് ശ്രീധരൻ പിള്ള ജില്ലയിൽ എത്തുിയതിന‌് തലേദിവസം രാത്രിയാണ‌് കൊലപാതകം.

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെ തെരഞ്ഞുപിടിച്ച് വകവരുത്തുകയാണ് ജില്ലയിൽ. 2016 ൽ കാസർകോട് പഴയ ചൂരിയിയിലെ പള്ളിയിൽ കയറി  അർധരാത്രി  റിയാസ് മൗലവിയെ കൊന്നത് വർഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ പൊലീസിന്റെ സന്ദർഭോചിത ഇടപെടലിൽ പ്രതികളെ ഉടൻ പിടികൂടിയതോടെ ആർഎസ്എസ് നീക്കം പാളി.

ആർഎസ്എസ്സുകാരായ പ്രതികൾ കേസിൽ വിചാരണ നേരിടുകയാണ്. കാഞ്ഞങ്ങാട് അമ്പലത്തറ കണ്ണോത്തെ എട്ടു വയസ്സുകാരൻ ഫഹദിനെ പതിയിരുന്നു കൊലപ്പെടുത്തിയ ആർഎസ്എസ്സുകാരൻ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2008 സെപ്തംബർ 27ന്  സോങ്കാൽ മണ്ണംകുഴിയിലെ അബ്ദുൾ സത്താറിനെ കൊലപ്പെടുത്തിയതിലും ആർഎസ്എസ്സുകാർ ഉൾപ്പെടുന്ന സാമൂഹ്യവിരുദ്ധ സംഘമായിരുന്നു. ഇതിന്റെ തുടർച്ചയാണ് സിദ്ദിഖിന്റെ കൊലപാതകവും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top