22 August Thursday

ആര്‍എസ്എസ് വാറ്റുകേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്‌; ഒരാള്‍ പിടിയില്‍

സ്വന്തം ലേഖകന്‍Updated: Friday Jul 12, 2019

ചാരായം വാറ്റുന്നതിനിടെ പിടിയിലായ അരുണ്‍കുമാര്‍ എക്‌സൈസ് സംഘത്തോടൊപ്പം

ചേര്‍ത്തല > ആര്‍എസ്എസുകാര്‍ അര്‍ധരാത്രിക്ക് ശേഷം  സംഘംചേര്‍ന്ന് ചാരായംവാറ്റിയ കേന്ദ്രം എക്‌സൈസ് റെയ്ഡ്‌ചെയ്തു. 10 ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു.

ചേര്‍ത്തല മുനിസിപ്പല്‍ 33-ാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര കൊച്ചുകുളങ്ങര അരുണ്‍കുമാര്‍(26) ആണ് പിടിയിലായത്. എക്‌സൈസ് സംഘം എത്തിയപ്പോള്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ചേര്‍ത്തല റേഞ്ച് ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംകുളങ്ങര രാജുവിന്റെ വീടിന്റെ ടെറസ് വെള്ളിയാഴ്ച പുലര്‍ച്ചെ റെയ്ഡ്‌ചെയ്യുമ്പോള്‍ സംഘം ചാരായം വാറ്റുകയായിരുന്നു. പാചകവാതകം ഉപയോഗിച്ചാണ് സ്റ്റൗ പ്രവര്‍ത്തിപ്പിച്ചത്. വാതക സിലിണ്ടര്‍, പാത്രങ്ങള്‍, സ്റ്റൗ എന്നിവയും പിടിച്ചെടുത്തു.

പതിവായി ചാരായംവാറ്റി മൊത്തവ്യാപരം നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് പറഞ്ഞു. പിടിയിലായ അരുണ്‍കുമാര്‍ ഉള്‍പ്പെടെ പ്രതികള്‍ ആര്‍എസ്എസ് ക്രിമിനലുകളും സിപിഐ എം പ്രവര്‍ത്തകരെയും വീടുകളും ആക്രമിച്ച കേസുകളില്‍ പ്രതികളുമാണ്.

അര്‍ത്തുങ്കല്‍, ചേര്‍ത്തല, പട്ടണക്കാട് സ്‌റ്റേഷനുകളില്‍ ഇവര്‍ പ്രതികളായ കേസുകളുണ്ട്. കോടതി അരുണ്‍കുമാറിനെ റിമാന്‍ഡ്‌ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജി ജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ടി ആര്‍ സാനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ബി സിയാദ്, പ്രവീണ്‍കുമാര്‍, പി വിജയകുമാര്‍, സി സാലിച്ചന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് അമൃത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0478 2823547, 9400069497 നമ്പറുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് അധികൃതര്‍ അഭ്യര്‍ഥിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top