26 February Wednesday

ആർഎസ്എസ് ശ്രമം ഭരണഘടന തകർക്കൽ: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

സതീഷ്‌ സൂര്യൻ രചിച്ച ‘ഹിന്ദു, ഹിന്ദുയിസം, ഹിന്ദുത്വം’ സുനിൽ പി ഇളയിടം പ്രൊഫ. എം എം നാരായണന്‌ നൽകി പ്രകാശനം ചെയ്യുന്നു

പൊന്നാനി >  ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രത്തെയും ബഹുസ്വരതയെയും തമസ്കരിച്ച് കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണ് ആർഎസ്എസെന്ന് ഡോ. സുനിൽ പി ഇളയിടം. പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സംസ്കാരിക രാഷ്ട്രീയം: രൂപകവും പ്രയോഗവും' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഉദ്ഘാടനംചെയ്തു.

വൈജ്ഞാനികമായി നമ്മൾ മുന്നേറിയെങ്കിലും ജനങ്ങളിലേക്ക് അത് എത്തിക്കാനായില്ല.  ആധുനിക ഇന്ത്യയുടെ ജൈവരൂപമാണ് ഭരണഘടന. അത് തകർക്കാനാണ് ആർഎസ്എസ് ശ്രമം. വസ്തുതകൾക്കും അടിസ്ഥാന യാഥാർഥ്യങ്ങൾക്കുംമേൽ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ ബോധത്തെ ഇത് സ്വാധീനിക്കുന്നു. വേദങ്ങളെക്കാളും പ്രധാനപ്പെട്ട ഗണിത ശാസ്ത്രവും അർഥശാസ്ത്രവും തമസ്കരിക്കപ്പെട്ടു.

 അജന്ത ഗുഹാചിത്രങ്ങളെപോലെ പ്രധാനപ്പെട്ടതാണ് മുഗൾചിത്രങ്ങളും. ബുദ്ധ, ജൈന പാരമ്പര്യങ്ങളെ ചരിത്രത്തിൽനിന്ന് ഇല്ലാതാക്കി. മഹാഭാരത പ്രഭാഷണ പരമ്പരക്ക് വേണ്ടി നൂറിലേറെ പുസ്തങ്ങൾ പരിശോധിച്ചു,  എന്നാൽ മഹാഭാരതത്തിന്റെ ആദ്യ വിവർത്തനം അക്ബറിന്റെ നേതൃത്വത്തിൽ പേർഷ്യൻ ഭാഷയിലാണ് തയ്യാറാക്കിയതെന്ന വിവരം അതിലൊന്നും കാണാനായില്ല– സുനിൽ പി ഇളയിടം പറഞ്ഞു. 

ആധുനിക മതനിരപേക്ഷ രാഷ്ട്രമെന്ന യുക്തിയിലാണ് ഇന്ത്യ എന്ന പേരുണ്ടായത്. ആർഎസ്എസുകാർ ഭൂതകാലമഹിമയിൽ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു. വികസന വാഗ്ദാനങ്ങൾ നൽകിയല്ല, രാജ്യസ്നേഹവും ദേശീയതയും പറഞ്ഞാണ് ബിജെപി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top