03 March Wednesday

സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ ഷിബു ; ആർഎസ്‌പിയിൽ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021


യുഡിഎഫിൽ സീറ്റ്‌ ധാരണയാവുന്നതിന്‌ മുമ്പുതന്നെ‌ ചവറയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഷിബു ബേബിജോൺ‌. ഷിബുവിന്റെ ഏകപക്ഷീയ നിലപാടിൽ ആർഎസ്‌പിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. സംസ്ഥാന സെക്രട്ടറി എ എ അസീസിനെക്കൊണ്ടും യുഡിഎഫ്‌‌ നേതൃത്വത്തെകൊണ്ടും തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സമ്മർദതന്ത്രത്തിലാണ്‌ ഷിബു. എൻ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും ചേർന്ന്‌ പാർടിയെ ഹൈജാക്ക്‌ ചെയ്യുകയാണെന്ന‌ പരാതി പല മുതിർന്ന നേതാക്കളും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.

എ എ അസീസിനെ അപ്രസക്തനാക്കി പാർടിയെ പൂർണമായി കൈപ്പിടിയിലാക്കാനുമാണ്‌ പ്രേമചന്ദ്രനും ഷിബുവും തന്ത്രങ്ങൾ മെനയുന്നത്‌. അസീസിന്‌ സീറ്റ്‌ നൽകാതിരിക്കാനും പകരം ഇടക്കാലത്ത്‌ പാർടി വിട്ട്‌ തിരികെവന്ന ബാബു ദിവാകരനെ മത്സരിപ്പിക്കാനും ഇരുവരും നീക്കം തുടങ്ങി. കൊല്ലത്ത്‌ നടന്ന അഖിലേന്ത്യ സമ്മേളന വേദിയിൽ എ എ അസീസിന്റെ അടുപ്പക്കാരനും കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്ന ഫിലിപ്പ്‌ കെ തോമസിനെ ഷിബു അടച്ചാക്ഷേപിച്ച സംഭവം പാർടിയിൽ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. പക്ഷെ, ഷിബുവിനെതിരെ നടപടി ഉണ്ടായില്ല. അന്നും ഷിബുവിനെ പിന്തുണച്ചത്‌ പ്രേമചന്ദ്രൻ ആയിരുന്നു‌.  ഫിലിപ്പ്‌ കെ തൊമസിന്റെ മരണത്തോടെ അസീസ്‌ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെട്ടു‌.

പണവും സ്വാധീനവും ഉള്ളവരുടെ കൈയിൽ പാർടി അകപ്പെട്ടെന്നാണ്‌ പഴയകാല നേതാക്കളുടെ പരാതി. സംസ്ഥാന സെക്രട്ടറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top