23 January Thursday

റോമിലാ ഥാപ്പറുടെ മികവുപരിശോധിക്കാന്‍ ചിന്തന്‍ബൈഠക്കിലെ അളവുപകരണങ്ങള്‍ മതിയാകില്ല; സംഘപരിവാറിന് കുടിപ്പക: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

തിരുവനന്തപുരം> വിജ്ഞാനം, അക്കാദമിക് മികവ് തുടങ്ങിയ വിശിഷ്ടഗുണങ്ങളോട്  സംഘപരിവാറിന് സ്ഥായിയായ കുടിപ്പകയാണെന്നും അത്തരം ഗുണവിശേഷങ്ങളുള്ള വ്യക്തികള്‍ അവരുടെ പ്രഖ്യാപിത ശത്രുക്കളുമാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. ആ ശത്രുതയുടെ പേരിലുള്ള ഏറ്റവും പുതിയ പകപോക്കലാണ് ലോകത്തിലെ എണ്ണം പറഞ്ഞ ചരിത്രപണ്ഡിതരില്‍ പ്രമുഖയായ റോമിലാ ഥാപ്പറോടുള്ളതെന്നും ഐസക് പറഞ്ഞു

 രണ്ടു വട്ടം ഇന്ത്യാ സര്‍ക്കാര്‍ പത്മഭൂഷണ്‍ ബഹുമതിയ്ക്കു തിരഞ്ഞെടുത്ത (രണ്ടുവട്ടവും അവര്‍ നിരസിച്ചു) ഥാപ്പറുടെ ബയോഡേറ്റ പരിശോധിക്കാന്‍ ഒരുമ്പെട്ട ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അധികൃതര്‍ നില്‍ക്കുന്നതാകട്ടെ, സ്ഥാനം സ്വയം തരംതാഴാന്‍ തീരുമാനിച്ചവരുടെ നിരയില്‍ ഏറ്റവും ആഴത്തിലുള്ള കുഴിയിലും.

റോമിലാ ഥാപ്പര്‍ക്ക് ജെഎന്‍യുവിലുള്ള professor emerita സ്ഥാനം പരീക്ഷയെഴുതിയോ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തോ കിട്ടിയതല്ല. പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടിയതുപോലെ അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന പദവിയുമല്ല അത്. അതിദീര്‍ഘവും വിശിഷ്ടവും ഉന്നതവുമായ അക്കാദമിക് മികവിന്റെ പേരില്‍ കൈവരുന്ന അംഗീകാരമാണത്. ഭാവിയിലെന്തെങ്കിലും ചെയ്യാനുള്ള കരാറല്ല, അത്. മറിച്ച് അതുവരെ ചെയ്ത മികവിന്റെ അംഗീകാരമാണ്.

ഒരിക്കലതു ലഭിച്ചാല്‍ പിന്നീടേതെങ്കിലും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് ബയോഡാറ്റ പരിശോധിച്ച് പിന്‍വലിക്കാനാവില്ല. ബയോഡാറ്റ പരിശോധിച്ച് ലോക്‌സഭാ സെക്രട്ടറിയ്ക്ക് പ്രധാനമന്ത്രിയെ പഞ്ചായത്ത് മെമ്പറായി തരംതാഴ്ത്താന്‍ പറ്റുമോ? ഏതാണ്ട് അതുപോലൊരു സാഹസത്തിനാണ് ജെഎന്‍യു അധികാരികള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിപദം പക്ഷേ, അഞ്ചുവര്‍ഷത്തേയ്ക്കാണ്. എന്നാല്‍ പാണ്ഡിത്യത്തിനു കൈവരുന്ന അംഗീകാരത്തിന് കാലപരിധിയില്ല. അത് ആ ജീവനാന്തമാണ്. ആ ഖ്യാതി മരണാനന്തരവും നിലനില്‍ക്കും.

ഇനി, ബയോഡാറ്റാ പരിശോധിച്ചിട്ട് എന്തു ചെയ്യാനാണ്? റോമിലാ ഥാപ്പറുടെ അതിദീര്‍ഘമായ അക്കാദമിക് ജീവിതത്തിന് മാര്‍ക്കിടാന്‍ പോവുകയാണോ, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സംഘി അടിമകള്‍? അതിനുള്ള അവരുടെ യോഗ്യതയും അറിയണമല്ലോ. റോമിലാ ഥാപ്പറുടെ മികവു പരിശോധിക്കാന്‍ ചിന്തന്‍ബൈഠക്കിലെ അളവുപകരണങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല.

ബയോഡാറ്റ നോക്കി അവരുടെ പുസ്തകങ്ങളുടെ ലിസ്റ്റെടുത്ത് ഗ്രേഡും മാര്‍ക്കുമിടാന്‍ പദ്ധതിയുണ്ടോ, ആവോ. നോബല്‍ സമ്മാനത്തിനു തുല്യമായ ക്ലൂഗ് പുരസ്‌കാരം 2008ല്‍ റോമിലാ ഥാപ്പര്‍ക്കാണ്. അതു തിരിച്ചെടുക്കണമെന്ന് പരിശോധനാനന്തരം വിധിയെഴുതിക്കളയുമോ? അതോ, റോമിലാ ഥാപര്‍ പ്രീപ്രൈമറി മുതല്‍ വീണ്ടും പഠിക്കണമെന്ന് ഉത്തരവിടുമോ, തുഗ്ലക്കിന്റെ ചാണകപ്പതിപ്പുകള്‍?

ആരെയും ശപിച്ചു ഭസ്മമാക്കാന്‍ ശേഷിയുള്ള ക്ഷിപ്രകോപികളുടെ പുരാണകഥകളാണെന്നു തോന്നുന്നു, ജെഎന്‍യുവിലെ സംഘിയുദ്യോഗസ്ഥരുടെ ഗവേഷണപുസ്തകങ്ങള്‍. അധികാരം ഉപയോഗിച്ച് ആരെയും ഭസ്മമാക്കാമെന്ന അഹങ്കാരമാണ് അവരെ നയിക്കുന്നത്. അങ്ങനെ അഹങ്കാരം തെളിച്ച വഴിയേ നടന്ന എല്ലാ ഭരണാധികാരികളെയും ചരിത്രം അടിയറവു പറയിപ്പിച്ചിട്ടുണ്ട്. ഇനി ഇന്ത്യയില്‍ എന്തുമാകാമെന്ന സംഘപരിവാര്‍ ധാര്‍ഷ്ട്യത്തിന്റെ വിധിയും അതു തന്നെയാവും.

ജെഎന്‍യു രജിസ്ട്രാറെ ഒറ്റക്കാര്യമേ ഓര്‍മ്മിപ്പിക്കാനുള്ളൂ. നിങ്ങളുടെ തലച്ചോറിനെക്കാള്‍ എത്രയോ ഉയരത്തിലാണ് റോമിലാ ഥാപ്പര്‍. ആ ഔന്നിത്യത്തിനുനേരെ കുരച്ചിട്ട് ഒരു കാര്യവുമില്ല; തോമസ് ഐസക് പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top