14 December Saturday
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 
 നേതൃത്വത്തിൽ സമ​ഗ്ര പഠനവും നടത്തുന്നു

കുറഞ്ഞ ചെലവിൽ കൂടുതൽ ഈട് ; റോഡ്‌ നിർമാണവും ന്യൂജെൻ

എസ് കിരൺ ബാബുUpdated: Monday Oct 14, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ റോഡുകളും പാലങ്ങളും പൊതുകെട്ടിടങ്ങളും നിർമിക്കാൻ ന്യൂജെൻ നിർമാണവിദ്യകൾ നടപ്പാക്കി പൊതുമരാമത്ത് വകുപ്പ്. കുറഞ്ഞ ചെലവിൽ കൂടുതൽ ഈട് നിൽക്കുന്നതും കാലാവസ്ഥയ്ക്ക് അനിയോജ്യമായതുമായ രീതികളാണ്‌ നടപ്പാക്കുന്നത്. ഇതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സമ​ഗ്ര പഠനവും നടത്തുന്നു. വാഹനപ്പെരുപ്പമുള്ള റോഡുകളിൽ നടപ്പാക്കുന്ന സ്റ്റോൺ മാട്രിക്സ് അസ്‌ഫാൾട്ട് (എസ്എംഎ) ടാറിങ്, ടാർ മിശ്രിതത്തിന് പകരം പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിക്കുന്ന വൈറ്റ് ടോപ്പിങ്, സിമന്റിനെക്കാൾ കരുത്തുറ്റ പ്രത്യേക മിശ്രിതമായ അൾട്രാ -ഹൈ-പെർഫോമൻസ് ഫൈബർ റൈൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉപയോ​ഗിച്ചുള്ള നിർമാണം തുടങ്ങിയവയാണ് പ്രധാന ന്യൂജെൻ നിർമാണവിദ്യകൾ.

  എറണാകുളത്തെ കുണ്ടന്നൂർ തേവര പാലത്തിലും അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലും ഉപരിതല നവീകരണത്തിന് എസ്എംഎ രീതിയാണ്‌ നടപ്പാക്കുന്നത്. കോൺക്രീറ്റിങ്ങും ടാറും കൃത്യമായി കൂടിച്ചേരുന്നതിനായി പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യും. പ്രതലം അൽപം പരുക്കനായതിനാൽ എത്രഭാരമുള്ള വാഹനങ്ങൾ കടന്നുപോയാലും റോഡുകൾ കൂടുതൽ ഈട് നിൽക്കും. വൈറ്റ് ടോപ്പിങ്ങും പലജില്ലകളിലും നടപ്പാക്കുന്നുണ്ട്. നിശ്ചിത അകലത്തിൽ ‍സമചതുര ബ്ലോക്കുകളായാകും റോഡ് കോൺക്രീറ്റ് ചെയ്യുക. ഒരു ബ്ലോക്കിനുണ്ടാകുന്ന തകരാർ മറ്റൊന്നിനെ ബാധിക്കില്ല. ഈ റോഡുകൾക്ക് 30 വർഷത്തോളം ആയുസ്സുണ്ടാകും.

മറ്റ് പ്രധാന 
നിർമാണരീതികൾ
ടാറിനൊപ്പം സ്വാഭാവിക റബ്ബർ കലർത്തിയ ബിറ്റുമിൻ മിശ്രിതം ഉപയോഗിക്കുന്ന നാച്വറൽ റബർ മിക്സഡ് ബിറ്റുമിൻ (എൻആർഎംബി), ടാറിനൊപ്പം പ്ലാസ്റ്റിക്ക് കലർത്തിയ ബിറ്റുമിൻ മിശ്രിതം ഉപയോഗിക്കുന്ന രീതി, യന്ത്രം ഉപയോ​ഗിച്ച് പഴയ റോഡ് ഇളക്കിമാറ്റി അതേ വസ്തുക്കൾ കൊണ്ട്‌ പുനർനിർമിക്കുന്ന ഫുൾ ഡെപ്ത് റെക്ലമേഷൻ സാങ്കേതികവിദ്യ, മേൽപ്പാലത്തിന്റെ നിർമാണത്തിനായി സ്റ്റീലും കോൺക്രീറ്റും ചേർത്തുള്ള നിർമാണ രീതിയായ സ്റ്റീൽ സ്ട്രക്ചർ കോൺക്രീറ്റ്, പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമ്മിക്കുന്ന കേബിൾ സ്റ്റേയ്‌ഡ് പാലം (തൂക്കുപാലം), കയർ ഭൂവസ്ത്രം വിരിച്ച് അതിനു മുകളിൽ മണ്ണിട്ട് അടുത്ത പാളിയായി മെറ്റിലടക്കമുള്ള റോഡു നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്ന നിർമാണം. 

ശക്തമായ മഴയിലും തകരാത്ത ഹോട്ട് മിക്സ് അസ്‌ഫാൾട്ട് നിർമിക്കുന്നതിനുള്ള പഠനം, റോഡിന് ഉപയോ​ഗിക്കുന്ന മെറ്റലുകളുടെ അമ്ലത്വം കുറയ്ക്കുന്നതിനുള്ള പഠനം, കൂടുതൽ പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ നടപ്പാക്കാനുള്ള പഠനം എന്നിവ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top