28 November Saturday

തൃപ്പൂണിത്തുറയ്‌ക്കിത്‌ സ്വപ്നപാത

അമൽ ഷൈജുUpdated: Sunday Nov 22, 2020


കൊച്ചി
തൃപ്പൂണിത്തുറയുടെ ചിരകാല സ്വപ്നമായിരുന്ന പൂത്തോട്ട–-തൃപ്പൂണിത്തുറ -റോഡിന്‌ ചിറകുനൽകിയത്‌ കിഫ്ബി. ഏറ്റുമാനൂർ–-എറണാകുളം പാതയിൽ പൂത്തോട്ട മുതൽ തൃപ്പൂണിത്തുറ എസ്‌എൻ ജങ്‌ഷൻ വരെയുള്ള 13.9 കിലോമീറ്റർ ദൂരമാണ്‌ പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്‌. കാൽ നൂറ്റാണ്ടിലധികമായി കടലാസിലുറങ്ങിയിരുന്ന പദ്ധതിക്ക്‌ എം സ്വരാജ്‌ എംഎൽഎയുടെയും എൽഡിഎഫ്‌  സർക്കാരിന്റെയും ഇടപെടലിലൂടെയാണ്‌ ജീവൻവച്ചത്‌. 628 കോടിയാണ്‌ പദ്ധതിച്ചെലവ്‌. സംസ്ഥാനത്തു തന്നെ നിലവിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചതിൽ ഏറ്റവും കൂടിയ തുകയാണിത്‌.

റോഡിന്‌ ഇരുവശവും 22 മീറ്റർ വികസിപ്പിച്ച്‌ നാലുവരിപ്പാതയാക്കിയാണ്‌ നിർമാണം. ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട്‌ തിരിക്കുന്നതടക്കം പൂർത്തിയാക്കി. ഭൂമിയേറ്റെടുക്കലിന്റെ മേൽനോട്ടത്തിനും സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുന്നതിനുമായി കിഫ്ബി തഹസിൽദാർക്ക്‌ ചുമതല നൽകി. സാമൂഹ്യാഘാത പഠനം പൂർത്തിയായാൽ ഉടനെ സ്ഥലമേറ്റെടുക്കൽ ആരംഭിക്കും.

പദ്ധതിച്ചെലവ്‌ 628 കോടി
എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം ബജറ്റിൽ 300 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. എന്നാൽ, വിശദമായ പദ്ധതിരേഖ പൂർത്തിയായതോടെ തുക മതിയാവില്ലെന്നായി. തുടർന്നാണ്‌ കിഫ്ബിയിലൂടെ 628 കോടി അനുവദിച്ചത്‌. ഇതിൽ 450 കോടി ഭൂമി ഏറ്റെടുക്കുന്നതിന്‌ ആദ്യഘട്ടമെന്ന നിലയിൽ അനുവദിച്ചു. ഇത്‌ പൂർത്തിയായാലുടനെ ബാക്കി തുകകൂടി അനുവദിച്ച്‌ റോഡ്‌ നിർമാണം ആരംഭിക്കും.

നിർമാണം ദേശീയപാതയുടെ നിലവാരത്തിൽ
ദേശീയപാതാ നിലവാരത്തിലാണ്‌ റോഡ്‌ നിർമിക്കുക. റോഡിന്‌ ഇരുവശവും 22 മീറ്റർ വീതം വീതി കൂട്ടും. നടപ്പാത, നടുവിലായി മീഡിയൻ, ആധുനിക ട്രാഫിക്‌ സംവിധാനങ്ങൾ ഉൾപ്പെടെ നിർമിക്കും. പദ്ധതിയുടെ ഭാഗമായി പ്രധാന ജങ്‌ഷനുകളും വികസിപ്പിക്കും. നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറ പൊലീസ്‌ സ്റ്റേഷനു മുന്നിൽ പാലവും നിർമിക്കും. കൊച്ചി മെട്രോയുടെ എസ്എൻ ജങ്‌ഷൻ വഴിയുള്ള റെയിൽ നിർമാണവും തൃപ്പൂണിത്തുറയിൽ നടക്കുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top