27 September Sunday

റോഡപകടം; പ്രധാന റോഡുകളിൽ ഉറക്കം മാറ്റാനുള്ള കേന്ദ്രങ്ങൾ ആലോചനയിൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

കണ്ണൂർ >  റോഡപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഡ്രൈവർമാർക്ക്‌ ഉറക്കം മാറ്റാനുള്ള  കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  റോഡുകളിൽ നിശ്‌ചിത അകലം പാലിച്ച്‌ വണ്ടികൾ നിർത്തി  ഡ്രൈവർമാർക്ക്‌  ചായയും  കാപ്പിയും മറ്റും നൽകുന്ന  സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. ഉറക്കമൊഴിച്ച്‌ വണ്ടിയോടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്‌ ഇത്‌ പ്രയോജനപ്പെടുമെന്നാണ്‌ കരുതുന്നത്‌. റോഡിൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾ ശാസ്‌ത്രീയമായി അടയാളപ്പെടുത്തി ജാഗ്രത പാലിക്കാനുള്ള മുൻകരുതൽ  ഒരുക്കും. കണ്ണൂരിൽ   ദേശീയ റോഡ്‌ സുരക്ഷാ വാരം സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥനത്ത്‌ വർഷത്തിൽ നാലായിരത്തിലധികം ജീവനുകളാണ്‌ റോഡപകടങ്ങളിൽ പൊലിയുന്നത്‌. ഈ ദുരന്തം ആവർത്തിക്കുകയാണ്‌.  റോഡ്‌ അപകട മരണ സംഖ്യ കുറയുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌. അപകടങ്ങളിൽ നല്ലൊരു വിഭാഗമാളുകൾ ജീവിത കാലം മുഴുവൻ പരിക്കിന്റെ പിടിയിൽ നിന്ന്‌ മുക്തമാവാതെ കഴിയുകയാണ്‌.  റോഡ്‌ അപകടങ്ങൾ കുറയ്‌ക്കുന്നതിന്‌ ബോധവത്‌കരണം  വളരെ പ്രധാനമാണ്‌. ഭാവി തലമുറയെ ചെറുപ്രായത്തിൽ റോഡ്‌ അപകടങ്ങൾ സംബന്ധിച്ച്‌ ബോധവാന്മാരാക്കണം. അപകടം തീരെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യമെങ്കിലും പകുതിയായി കുറക്കാനെങ്കിലും കഴിയണം.

അപകടം സംഭവിക്കുന്ന രീതികൾ മനസ്സിലാക്കി അത്‌  തടയുന്നതിനുള്ള കർശന  ഇടപെടൽ വേണം.  മദ്യപിച്ച്‌ വാഹനമോടിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നു. കൃത്യമായ പരിശോധന നടത്തിയാൽ ഇത്തരം അപകടങ്ങൾ കുറയ്‌ക്കാനാവും.  അമിത വേഗമാണ്‌ മറ്റൊരു  അപകട കാരണം.  മനുഷ്യനെ മറന്നുകൊണ്ടുള്ള ഡ്രൈവിങും അപകടത്തിന്‌ വഴിവെക്കുന്നു. ഉറക്കമൊഴിച്ച്‌ വാഹനമോടിക്കുന്നതും പ്രശ്‌നമാണ്‌. ഇത്തരം കാര്യങ്ങൾ   പരിശോധിക്കാനും കർശന നടപടി സ്വീകരിക്കാനുമുള്ള ഇടപെടൽ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത്‌ നിന്നുണ്ടാവണം. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി ബഹുജനങ്ങൾ സഹകരിക്കണം. കടുത്ത നടപടികളെടുക്കേണ്ടി വരുന്നത്‌ ജീവൻ രക്ഷിക്കാനെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. റോഡ്‌ സുരക്ഷാ കമീഷണർ എൻ ശങ്കർ റെഡ്ഡി റോഡ്‌ സുരക്ഷാ പ്രതിജ്ഞ ചൊല്ലി. മേയർ സുമാ ബാലകൃഷ്‌ണൻ,  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, കലക്ടർ ടി വി സുഭാഷ്‌, ജില്ലാ പൊലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര എന്നിവർ സംസാരിച്ചു. ഗതാഗത കമീഷണർ ആർ ശ്രീലേഖ സ്വാഗതവും ജോയിന്റ്‌ കമീഷണർ  രാജീവ്‌ പുത്തലത്ത്‌ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top