21 February Thursday

സൗജന്യ ആപ്ലിക്കേഷനുകൾ നടത്തുന്നത‌് ചാരപ്പണി: റിച്ചാർഡ് സ്റ്റാൾമാൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


തിരുവനന്തപുരം
ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ആയിരം സൗജന്യ ആപ്ലിക്കേഷനിൽ 90 ശതമാനവും ചാരപ്പണി നടത്തുന്നവയെന്ന്  സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. റിച്ചാർഡ് സ്റ്റാൾമാൻ. "സ്വതന്ത്ര സോഫ്റ്റ്‌വെയർ - അപകടങ്ങളും ചുമതലകളും" എന്ന വിഷയത്തെക്കുറിച്ച് ടെക്‌നോപാർക്കിൽ ടെക്കികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

ദയവ് ചെയ്ത് നിങ്ങൾ ക്യാമറയിൽ പകർത്തുന്ന എന്റെ ചിത്രങ്ങൾ ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് രണ്ടരമണിക്കൂർ നീണ്ട  പ്രഭാഷണം അദ്ദേഹം ആരംഭിച്ചത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും വലിയ ശക്തമായ കേന്ദ്രീകൃത-നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിൻഭാഗം പതിഞ്ഞ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാൻ ഇതിന് കഴിയും. സർക്കാരിനെതിരെ നിലപാടുള്ള നിങ്ങൾ ഭാവിയിൽ ഒരു ഡ്രൈവർരഹിത കാറിൽ കയറി വിമാനത്താവളത്തിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ അത് നിങ്ങളെ കൊണ്ടുപോകുന്നത് പൊലീസിന്റെ രഹസ്യ താവളത്തിലേക്ക് ആണെങ്കിൽ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

ടെക്കികളുടെ സംശയങ്ങൾക്ക്  അദ്ദേഹം മറുപടി പറഞ്ഞു. ടെക്‌നോപാർക്കിലെ  ട്രാവൻകൂർ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു സ്റ്റാൾമാന്റെ പ്രഭാഷണം. ശശികുമാർ സ്വാഗതം പറഞ്ഞു. ടെക്‌നോപാർക്കിലെ ഐടി  ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെയും സ്പേസിന്റെയും ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും  നേതൃത്വത്തിലാണ‌് ചടങ്ങ‌് സംഘടിപ്പിച്ചത‌്. സർക്കാരിന് കീഴിലുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വെയർ  സ്ഥാപനമായ ഐസിഫോസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.


പ്രധാന വാർത്തകൾ
 Top