24 February Sunday

പ്രായം 51, തുല്യതയിലൂടെ റെസ്സി ഇനി ഡിഗ്രിക്ക‌്

എ എസ‌് മനാഫ‌്Updated: Thursday Jun 21, 2018

പാല അൽഫോൺസ കോളേജിലെ ഒന്നാം വർഷ ബിഎ ഹിസ്‌റ്ററി വിദ്യാർഥിയായ റെസ്സി മാത്യു കോളേജിലെ സീനിയർ വിദ്യാർഥിനികളെ പരിചയപ്പെടുന്നു

കോട്ടയം> നന്നായി പഠിക്കണം, ബിരുദം എടുക്കണം, ജോലി നേടണം; കുട്ടിക്കാലം മുതൽ റെസ്സിയുടെ ആഗ്രഹം ഇതായിരുന്നു. വീട്ടിലെ സാഹചര്യം വില്ലനായപ്പോൾ പഠനംതന്നെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ പഠിക്കണമെന്ന സ്വപ്നം കൈവിട്ടില്ല. പിന്നീട് വീണ്ടും പഠിച്ച് പ്ലസ‌്ടു പാസായി. പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായി റെസ്സി കോളേജിന്റെ പടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും ചവിട്ടി.

ഏറ്റുമാനൂർ പുന്നത്തുറ, കണ്ണൻപുരഭാഗത്ത് മുള്ളകുഴിയിൽ വീട്ടിൽ റെസ്സി മാത്യു(51) വാണ് മുടങ്ങിപ്പോയ തന്റെ സ്വപ്നം പൂവണിയാൻ വീണ്ടും പഠിക്കുന്നത്. പഠനത്തിനായി പ്രായം വഴിമാറി എന്നതാണ് സത്യം. സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സിലെ പ്ലസ്ടു പരീക്ഷയിൽ 70 ശതമാനം മാർക്ക് വാങ്ങി വിജയിച്ചാണ് ഇവർ ഉപരിപഠനത്തിന് എത്തിയിരിക്കുന്നത്. ഹിസ്റ്ററി ഐച്ഛികവിഷയമായും, ഹിന്ദി രണ്ടാം വിഷയമായും എടുത്ത് ബിഎയ്ക്കാണ് ചേർന്നത്.

തുടർവിദ്യാഭ്യാസ പദ്ധതിയിൽ ഏറ്റുമാനൂർ സെന്ററിലെ 2015‐17 ലെ ആദ്യബാച്ച് വിദ്യാർഥിയാണിവർ. 55 പേരായിരുന്നു ആദ്യ ബാച്ചിലുള്ളത്. ഇതിൽ 34 പേർ പരീക്ഷയെഴുതി﹣ 32 പേർ ജയിച്ചു. തുടർപഠനത്തിന് പോയ ഏകവ്യക്തികൂടിയാണ് ഇവർ. ഏറ്റുമാനൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ക്ലാസ്.

ഭർത്താവ് ഉപേക്ഷിച്ച ഇവർ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. ഇതിനിടയിൽ പഠിക്കാനായി ക്ലാസിൽ പോകും. മക്കളേക്കാൾ കൂടുതൽ അമ്മതന്നെയാണ് പഠനത്തിന് സമയം ചെലവഴിക്കുന്നതെന്ന് സഹോദരി മഞ്ജു പറഞ്ഞു. “പ്രതിസന്ധികൾ തനിക്ക് പ്രശ്നമല്ല...എന്തുണ്ടായാലും ബിരുദം നേടും...’ റെസ്സിയുടെ വാക്കുകളിലെ ഈ ദൃഢനിശ്ചയം ഒന്നുതന്നെയാണ് ഇവരെ ഇവിടെ എത്തിച്ചത്. പഠിച്ചിരുന്ന സമയത്ത്  പ്രസംഗം, മിമിക്രി, പാട്ട്, മോണോആക്ട് എന്നിവയിൽ മിടുക്കിയായിരുന്നു എന്ന് സാഷരതാമിഷൻ പ്രേരക് ബീനകുമാരി പറഞ്ഞു. കടപ്പൂർ സ്വദേശി ഔസേപ്പ് മാത്യുവിന്റെയും, പരേതയായ ത്രേസ്യയുടെയും ആറ് മക്കളിൽ മൂത്തമകളാണ് റെസ്സി.

തുല്യതാപഠനം ഉന്നത പഠനത്തിനുള്ള യോഗ്യതയായി അംഗീകരിച്ച് എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയതോടെയാണ് റെസ്സി ഉൾപ്പെടെയുള്ള നിരവധി പേർക്ക് തുടർപഠനത്തിന് അവസരം ഒരുങ്ങിയത്. എംജി സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി മെറിറ്റ‌് സീറ്റിലാണ‌് ഇവർ പ്രവേശനം നേടിയത‌്. പട്ടികവർഗ ഗോത്രവിഭാഗത്തിലെ മലവേട സമുദായത്തിൽപ്പെട്ട ഇവർക്ക് സ്വന്തമായി കിടപ്പാടമില്ല. വർഷങ്ങളായി രണ്ട് മക്കളുമൊത്ത് വാടകയ്ക്കാണ് താമസം. ജോലി ചെയ്ത് കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും വാടകയായി നൽകണം. ഇതിനിടയിൽ തന്റെ പഠിപ്പും കുട്ടികളുടെ പഠിപ്പും എങ്ങനെ എന്നെ ചിന്തയും ഇവരെ അലട്ടുന്നു.

അൽഫോൻസാ കോളേജിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം വിദ്യാർഥി പഠിക്കാനെത്തുന്നതെന്ന് പ്രിൻസിപ്പൽ സി. ഡോ. തെരേസ് മടുക്കക്കുഴി  പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top