19 September Thursday

അത്ഭുതം: കാട് അവരെ തിരിച്ചുനല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ബൊ​ഗാട്ട (കൊളംബിയ)> ചെറുവിമാനം തകര്‍ന്ന് ആമസോൺ നിബിഡ വനത്തില്‍ പതിച്ച നാലു കുട്ടികളെ 4-0 ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളുമുള്ള കാടിന്റെ വന്യതയെ അവിശ്വസനീയമായി അതിജീവിച്ചത് 13ഉം ഒമ്പതും നാലും ഒന്നും വയസ്സുള്ള കുട്ടികള്‍. ഇളയകുഞ്ഞിന്റെ ആദ്യ ജന്മദിനം കാട്ടിലായിരുന്നു. പോഷകാഹാരക്കുറവ് ഉണ്ടെങ്കിലും കുട്ടികളാരും ഗുരുതരാവസ്ഥയിലല്ല. ഇവരെ വിമാനമാര്‍​ഗം ബൊഗാട്ടയിലെ വി​ദ​ഗ്ധ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റി. തെക്കന്‍ കൊളംബിയയിലെ ഹുയിറ്റോട്ടോ എന്ന തദ്ദേശീയ വിഭാ​ഗത്തില്‍പ്പെട്ടവരാണ് കുട്ടികള്‍. "അവര്‍ കാടിന്റെ മക്കളാണ്, കാട് അവരെ തിരിച്ചുനല്‍കി. അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഇത്' –-സന്തോഷവാര്‍ത്ത പുറത്തുവിട്ടുകൊണ്ട് കൊളംബിയന്‍  പ്രസിഡന്റ് ഗുസ്താവോ പെട്രോ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച ചെറുവിമാനം എൻജിൻ തകരാർമൂലം കാട്ടില്‍ തകര്‍ന്നുവീണത്. കുട്ടികളുടെ അമ്മയുടെയും  പൈലറ്റിന്റെയും മറ്റൊരാളുടെയും മ‍ൃതദേഹം സൈന്യം പിന്നീട് അപകടസ്ഥലത്തുനിന്ന് കണ്ടെത്തി. എന്നാല്‍, കുട്ടികള്‍, അവശിഷ്ടങ്ങളിൽനിന്ന് രക്ഷപ്പെട്ട് സഹായംതേടി കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. "ഓപ്പറേഷൻ ഹോപ്' എന്നപേരില്‍  രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചില്‍ സന്നാഹമാണ് ഒരുക്കിയത്. മെയ് 16ന് രക്ഷാപ്രവർത്തകർ കുട്ടികളുടെ കാല്‍പ്പാടുകളും ഉപേക്ഷിച്ച കുടിവെള്ളക്കുപ്പി, കത്രിക തുടങ്ങിയവയും കണ്ടെത്തി. പുലികളും വിഷപ്പാമ്പുകളുമുള്ള മഴക്കാടുകളില്‍ കുട്ടികൾ ജീവനോടെയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷ അതോടെ സജീവമായി.
നൂറ്റമ്പതിലേറെ സൈനികരും പ്രത്യേക പരിശീലനം നേടിയ നായകളും  തദ്ദേശീയ ​ഗോത്രവിഭാ​ഗക്കാരായ ഇരുനൂറോളം പേരും തിരച്ചിലില്‍ പങ്കാളികളായി. നിബിഡ വനമേഖലയിലെ ശക്തമായ മൂടൽമഞ്ഞ് തിരച്ചിലിനെ ബാധിച്ചു. 

കുട്ടികള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പട്ടാളക്കാര്‍ നിരന്തരം ഹെലികോപ്റ്ററുകളില്‍നിന്ന്‌ ഭക്ഷണപ്പൊതികള്‍ കാട്ടിലേക്ക് ഇട്ടുകൊടുത്തു. ഹുയിറ്റോട്ടോ ഭാഷയിൽ റെക്കോഡ് ചെയ്ത മുത്തശ്ശിയുടെ സന്ദേശം കുട്ടികള്‍ കേള്‍ക്കാന്‍വേണ്ടി നിരന്തരം മുഴക്കി ഹെലികോപ്റ്ററുകള്‍ മേഖലയില്‍ വട്ടംകറങ്ങി. രക്ഷിക്കാന്‍ ആൾ എത്തുമെന്നും എവിടെയുണ്ടെങ്കിലും അവിടെത്തന്നെ തുടരാനുമായിരുന്നു സന്ദേശം. ഒരുമാസം പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താനാകാത്തത് സ്ഥിതി സങ്കീര്‍ണമാക്കി. തിരച്ചിൽ സംഘത്തില്‍നിന്ന് പകുതിയോളംപേര്‍ പിന്‍വാങ്ങി. കുട്ടികൾ ജീവിച്ചിരിപ്പുണ്ടെന്നാണ്‌ വിശ്വസിക്കുന്നതെന്നും വനത്തിലൂടെ കുട്ടികള്‍ സഞ്ചരിക്കുന്നതുകൊണ്ടാണ്‌ അവരെ കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നും  തിരച്ചിലിന് ചുമതലയുള്ള സൈന്യം രണ്ടുദിവസംമുമ്പ് പ്രതികരിച്ചു.

     കൊളംബിയന്‍ സമയം വെള്ളി വൈകിട്ട്‌ അഞ്ചോടെ സൈനിക റേഡിയോയില്‍ "അത്ഭുതം, അവരെ കണ്ടെത്തി’ എന്ന അറിയിപ്പുണ്ടായി. 10 സൈനികരും എട്ട് സ്വദേശി സന്നദ്ധപ്രവർത്തകരും ഉള്‍പ്പെട്ട സംഘത്തിലുള്ള നായയാണ് കുട്ടികളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ്‌ അവരെ പിന്തുടര്‍ന്ന് കണ്ടെത്തിയത്‌. പിന്നാലെ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം സൈന്യം ട്വീറ്റ് ചെയ്തു.

    കുട്ടികള്‍ ഇത്രനാളും കാട്ടില്‍ കഴിഞ്ഞത്‌ എങ്ങനെയെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. കാടിനെയും പഴങ്ങളെയും കുറിച്ചുള്ള അറിവ് കുട്ടികളെ സഹായിച്ചെന്ന് കരുതുന്നു. നാല് സഹോദരങ്ങളിൽ മൂത്തയാൾ അമ്മ ജോലിയിൽ ആയിരിക്കുമ്പോൾ മറ്റു മൂന്നുപേരെയും നോക്കുന്നത് പതിവായിരുന്നെന്നും ഇത് കാട്ടിൽ അതിജീവിക്കാൻ അവരെ സഹായിച്ചെന്നും കുട്ടികളുടെ മുത്തശ്ശി ഫാത്തിമ വലൻസിയ മാധ്യമങ്ങളോടു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top