13 November Wednesday

മുസ്‌ലിം പള്ളിയുടെ കവാടത്തിൽ മാർഗതടസം സൃഷ്ടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം; രമ്യ ഹരിദാസ്‌ എംപിയെ വിശ്വാസികൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

വട്ടിയൂർക്കാവ് >  യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണത്തിനായി വട്ടിയൂർക്കാവ് മുസ്ലിം ജുമാ മസ്ജിദിൽ എത്തിയ ആലത്തൂർ എംപി രമ്യ ഹരിദാസിനെ കവാടത്തിൽ മാർഗതടസം സൃഷ്ടിച്ച്‌ പ്രസംഗിച്ചതിനെ തുടർന്ന്‌ വിശ്വാസികൾ തടഞ്ഞു.

 വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നും വിശ്വാസികൾ പുറത്തിറങ്ങുന്ന നേരമാണ്‌ കവാടത്തിന് മുൻവശത്ത്‌ വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥിയും, ആലത്തൂർ എംപി രമ്യ ഹരിദാസും, ഒപ്പം ലീഗ് നേതാവ് അബ്ദുൽ റബ്ബും എത്തിയത്.

 തുടന്ന് സ്ഥാനാർഥി വോട്ട് അഭർഥിക്കുന്നതിനിടയിൽ കവാടത്തിൽ മാർഗതടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രചാരണ വാഹനം നിർത്തുകയും രമ്യഹരിദാസ്‌ അതിനുള്ളിൽ കയറി പ്രസംഗം ആരംഭിക്കുകയും ചെയ്തു. ഇത് വിശ്വാസികൾ തടഞ്ഞത്‌ സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രാദേശിക കോണ്ഗ്രസ് പ്രവർത്തകർ പള്ളിയുടെ ഉള്ളിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

 മറ്റൊരു സ്ഥാനാർഥികളുടെയും പ്രചരണക്കാർ ചെയ്യാത്ത കാര്യങ്ങളാണ് രമ്യ ഹരിദാസ് ചെയ്തതെന്നും, പള്ളിയുടെ കവാടത്തിൽ മാർഗതടസമുണ്ടാക്കാൻ ആരാണ് അധികാരം നൽകിയതെന്നും വിശ്വാസികൾ ചോദിച്ചു. തുടർന്ന് പാട്ട് പാടാൻ തുടങ്ങിയ രമ്യയെ അതിന് അനുവദിക്കാതെ വിശ്വാസികൾ മടക്കിയയച്ചു.

 ഇതിനിടയിൽ യുഡിഎഫ്‌ സ്ഥാനാർഥിയും അബ്ദുൽ റബ്ബും വോട്ട് അഭ്യർഥിക്കാൻ നിൽക്കാതെ മറുവശത്തെ കവാടത്തിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top