25 January Tuesday

ആന്റോ ഇനി ഓർമകളിൽ മധുരിക്കും

കെ പി വേണുUpdated: Saturday Dec 4, 2021

കളമശേരി > കേരളത്തിലെ മൈതാനങ്ങളിൽ ജനക്കൂട്ടത്തെ പാട്ടുകൊണ്ട് ഉന്മാദനൃത്തം ചെയ്യിച്ച ഗായകൻ തോപ്പിൽ ആന്റോ ഇനി ഓർമ. സിനിമയിലും നാടകത്തിലും തിരക്കുള്ള പിന്നണിഗായകനായിരിക്കുമ്പോഴും ഗാനമേളയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ‘മധുരിക്കും ഓർമകളേ, കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം’, ജംഗ്ലി എന്ന സിനിമയിൽ മുഹമ്മദ് റഫി പാടിയ ‘യാഹൂ’, ബാബുരാജിന്റെ ‘അന്നത്തിനും പഞ്ഞമില്ല’  തുടങ്ങിയ പാട്ടുകളായിരുന്നു അദ്ദേഹത്തിന്റെ മാസ്‌റ്റർപീസുകൾ.

ചവിട്ടുനാടക കലാകാരൻ തോപ്പിൽ ജോസഫ് കുഞ്ഞാപ്പുവിന്റെയും ഗായിക ഏലീശ്വയുടെയും മകനായി 1940 ജൂൺ ആറിനാണ് ജനനം. സ്‌കൂൾ സാഹിത്യസമാജങ്ങളിലൂടെയാണ്‌ സംഗീതവേദിയിലേക്കുള്ള ചുവടുവയ്‌പ്‌. ‘ജനനീ ജന്മഭൂമി’ എന്ന സിനിമയിൽ സി ഒ ആന്റോ ആലപിച്ച "മധുരിക്കും ഓർമകളേ...’ എന്ന ഗാനം തോപ്പിൽ ആന്റോ ആയിരക്കണക്കിന് വേദികളിലാണ് പാടിയത്. 1962ൽ ‘ഫാദർ ഡാമിയനി’ലൂടെ സിനിമാ പിന്നണിഗായകനായി. തുടർന്ന് റാഗിങ്‌, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങി നിരവധി സിനിമകൾ. അവസാനമായി ‘ഹണിബീ ടു’വിലാണ് പാടിയത്. ബേണി ഇഗ്‌നേഷ്യസിനൊപ്പം ‘കലാപം’ എന്ന സിനിമയിൽ സംഗീതസംവിധായകനായി. എൻ എൻ പിള്ളയുടെയും സി ജി ഗോപിനാഥിന്റെയും ഉൾപ്പെടെ നിരവധി നാടകട്രൂപ്പുകളിൽ ഗായകനായി.

1983ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ലളിതഗായകനുള്ള പ്രഥമപുരസ്‌കാരം നേടി. ക്രിസ്തീയ ഭക്തിഗാനങ്ങൾ, ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ, അയ്യപ്പഭക്തിഗാനങ്ങൾ, ഉത്സവഗാനങ്ങൾ എന്നിവ ചിട്ടപ്പെടുത്തി. ‘കാവ്യധാര’യെന്ന പേരിൽ ചങ്ങമ്പുഴക്കവിതകളുടെ സംഗീതാവിഷ്കാരം നിർവഹിച്ചു. ബാല്യത്തിൽ നടന്ന ഇടപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസ് ഇടതുപക്ഷത്തോട് ആഭിമുഖ്യം ഉണ്ടാക്കി. കമ്യൂണിസ്‌റ്റുകാർ നാടിനുവേണ്ടിയാണ് മർദനം ഏറ്റുവാങ്ങിയതെന്ന അറിവാണ് പാർടി അനുഭാവിയാകാൻ കാരണമെന്നാണ്‌ ആന്റോ പറഞ്ഞിരുന്നത്‌. എറണാകുളത്ത് നടന്ന സിപിഐ എം പാർടി കോൺഗ്രസിൽ പാടി. ഇതുൾപ്പെടെ നൂറുകണക്കിന് സിപിഐ എം വേദികളിൽ സംഗീതപരിപാടി അവതരിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top