22 October Tuesday

കേരളത്തിന്‌ കൈത്താങ്ങായി ഡൽഹി മലയാളികളുടെ ഒരു വാഗൺ സാധന സാമഗ്രികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

ന്യൂഡൽഹി  >  പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന്‌ ഡൽഹിയിലെ മലയാളികളുടെ കരുതൽ. 30 ലക്ഷം രൂപയുടെ ഒരു വാഗൺ സാധന സാമഗ്രികൾ ശനിയാഴ്‌ച രാവിലെ പുറപ്പെടും. വീട്ടുപകരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയ അവശ്യവസ്‌തുക്കൾ മംഗള എക്‌സ്‌പ്രസിൽ തിരൂരിലെത്തും. കേരള ഹൗസിന്റെയും വിവിധ മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടാഴ്‌ചകൊണ്ടാണ്‌ ഇവ സമാഹരിച്ചത്‌. കാനിംഗ്‌ റോഡിലെ കേരള സ്‌കൂളിൽ പ്രവർത്തിച്ച സംഭരണകേന്ദ്രം മലയാളികളുടെ കൂട്ടായ്‌മയുടെ കേന്ദ്രംകൂടിയായി മാറി.



സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്‌, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുപ്രിംകോടതി റിട്ട. ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ കേരളഹൗസിൽ ചേർന്ന യോഗത്തിലാണ്‌ ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കാൻ തീരുമാനിച്ചത്‌. വിവിധ മലയാളി സംഘടനകൾ നേതൃത്വം നൽകി. ലീഗൽ സർവീസ്‌ അതോറിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മലയാളികളായ അഭിഭാഷകർ, വ്യവസായികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സമാഹരിച്ച തുകകൊണ്ടാണ്‌ അവശ്യവസ്‌തുക്കൾ വാങ്ങിയത്‌.

മൊത്തക്കച്ചവടക്കാരിൽനിന്ന്‌ നേരിട്ട്‌ വാങ്ങിയതിനാൽ 45 ലക്ഷത്തോളം രൂപ മൂല്യമുള്ള വസ്‌തുക്കളാണ്‌ കേരളത്തിലേക്ക്‌ അയക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു. ഇത്തവണ പ്രകൃതുദുരന്തത്തിൽ ഏറെ ദുരിതം അനുഭവിച്ച മലപ്പുറത്തെക്കാണ്‌ സാധനങ്ങൾ എത്തിക്കുക. മലപ്പുറം കളക്‌ടറുടെ പേരിലാണ്‌ സാധനങ്ങൾ എത്തിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായും ഡിഡിയായുമുള്ള സംഭാവനകൾ സ്വീകരിക്കാൻ കേരളഹൗസിൽ പ്രത്യേക കൗണ്ടർ പ്രവർത്തിച്ചിരുന്നു. കേരളഹൗസിന്റെ നേതൃത്വത്തിൽ 22.45 ടൺ മരുന്നും സംസ്ഥാനത്ത്‌ എത്തിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top