22 September Tuesday

കാലം സാക്ഷി; ആക്രി പെറുക്കിയും കരിങ്കല്ല് ചുമന്നുമെല്ലാം ഡിവൈഎഫ്‌ഐ കേരളത്തിനായി സ്വരുക്കൂട്ടിയത് 11 കോടിയോളം രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

കൊച്ചി > കേരളത്തിന്റെ പുനർനിർമിതിക്കായി ഡിവൈഎഫ്‌ഐ 'റീസൈക്കിൾ കേരള' ക്യാമ്പയിൻ വഴി സമാഹരിച്ചത് 11 കോടിയോളം രൂപ. വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 10,9586537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സംസ്ഥാനത്തെ 11 ബ്ലോക്ക് കമ്മിറ്റികൾ പത്ത് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി 165,42059 കോടി രൂപ സമാഹരിച്ചു നൽകി. കോഴിക്കോട് ജില്ലാകമ്മിറ്റി 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലാകമ്മിറ്റി 1,15,00,000 രൂപയും നൽകി. ഇതിനുപുറമെ തൃശൂർ ജില്ലാകമ്മിറ്റി ഒരു കോടിക്ക് മുകളിൽ എത്തി, 1,07,29,328 രൂപ. മറ്റു ജില്ലാകമ്മിറ്റികളുടെ കണക്കുകൾ: മലപ്പുറം-97,07,910, കൊല്ലം- 81,25,806, പാലക്കാട്- 80,38,668, കാസർഗോഡ്- 64,21,884, എറണാകുളം- 64,00,000, പത്തനംതിട്ട-61,84,337, ആലപ്പുഴ- 60,00,000, ഇടുക്കി - 35,19,480, കോട്ടയം - 22,49,092, വയനാട്-21,66,707.

പാഴ്‌വസ്‌തുക്കളും, പഴയ പത്രങ്ങളും മാസികകളും ശേഖരിച്ച് വിൽക്കുക, ലോക്ക് ആർട്‌സിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിപണനം നടത്തി പണം സമാഹരിക്കുക, (ലോക്ക് ഡൗൺ സമയത്ത് ഡിവൈഎഫ്‌ഐ നടത്തിയ മറ്റൊരു ക്യാമ്പയിനായിരുന്നു ലോക് ആർട്‌സ്. ഉപയോഗശന്യമായ പാഴ്വസ്തുക്കൾ ഉപയോഗിച്ച് ലോക്ക് ഡൗൺ സമ യത്ത് വിരസതമാറ്റാൻ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതായിരുന്നു ക്യാമ്പയിൻ). പ്രകൃതിവിഭവങ്ങൾ ശേഖരിച്ച് വിൽക്കുക, പ്രവർത്തകരുടെ കായികാദ്ധ്വാനം സംഭാവന ചെയ്ത് പണം സമാഹരിക്കുക തുടങ്ങി വളരെ വ്യത്യസ്തവും ക്രിയാത്മകവുമായ സാധ്യ തകൾ പ്രയോജനപ്പെടുത്തിയായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം.

കായികാദ്ധ്വാനം സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ വളരെ അഭിമാനകരമായ പ്രവർത്തനം ഡിവൈഎഫ്‌ഐ പ്രവർത്തകർ കാഴ്ചവെച്ചു. കരിങ്കൽ ചുമന്നും, ലോഡിംഗ് നടത്തിയും, റോഡ് ടാറിംഗ് ചെയ്തും, വീടും സ്ഥാപനങ്ങളും പെയിന്റിംഗ് നടത്തി നൽകിയും, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും മത്സ്യബ ന്ധനം ചെയ്ത് വിൽപ്പന നടത്തിയും, കൃഷിപ്പണി ചെയ്തും, കോഴിവേസ്റ്റ് ശേഖരിച്ച് വിൽപന നടത്തിയും, പച്ചക്കറി തൈകൾ ഉൽപാദിപ്പിച്ച് വിൽപന നടത്തിയും ഡിവൈഎഫ്‌ഐ ലക്ഷക്കണക്കിന് രൂപയാണ് സമാഹരിച്ചത്.

പരമ്പരാഗത കൈത്തറി മേഖലയ്ക്ക് വലിയ സഹായമായി റീസൈക്കിൾ കേരള മാറി, സംസ്ഥാനത്താകെ കൈത്തറി ശാലക ളിൽ നിന്നും 90 ലക്ഷം രൂപയുടെ മുണ്ട് വാങ്ങി വിൽപന നടത്തി അതിന്റെ ലാഭവിഹിതം റീസൈക്കിൾ കേരളയിലേക്ക് വകയിരുത്തി. പ്രാദേശിക കുടനിർമ്മാണ ശാലകളിൽ നിന്നും കുടകൾ വാങ്ങി വിൽപ്പന നടത്തി, മേൽപ്പറഞ്ഞ രണ്ട് പ്രവർത്തനങ്ങൾ നിരവധി സാധാ രണക്കാരായ തൊഴിലാളികൾക്ക് ആശ്വാസം പകർന്നു. സാനിറ്റൈസർ നിർമ്മിച്ച് വിൽപന നടത്തി. ഇങ്ങനെ അർപ്പണബോധത്തോടെ കേരളത്തിന്റെ അതിജീവനത്തിനായി യൗവ്വനം പ്രവർത്തിച്ചു.

വലിയ പിന്തുണയാണ് ക്യാമ്പയിന് ലഭിച്ചത്. മൂന്നാറിലെ ഒരു കർഷകൻ തന്റെ കൃഷി ഭൂമിയിലെ മൂന്ന് ടൺ കാബേജ് റീസൈക്കിൾ കേരളയ്ക്ക് നൽകി. കോട്ടയത്തെ ഒരു വീട്ടമ്മ സ്വന്തം പറമ്പിലെ മരം മുറിച്ച് വിൽപന നടത്തി പണം സമാഹരിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകരെ സമീപിച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും ചില വീട്ടമ്മമാർ തങ്ങളുടെ വളർത്തുമൃഗങ്ങളെ റീസൈക്കിൾ കേരളയ്ക്ക് നൽകി. ഫാം ഹൗസ് ഉടമകളും ഇറച്ചിവിൽപനക്കാരുടെ സംഘടനകളും വളർത്തു മൃഗങ്ങളെ വിൽപന നടത്തി പണം ശേഖരിക്കാൻ ഡിവൈഎഫ്‌ഐ ക്ക് നൽകി.

ഇപ്രകാരം എണ്ണിയാലൊടുങ്ങാത്ത വൈവിധ്യമാർന്ന വഴികളിലൂടെ ഡിവൈഎഫ്‌ഐ കോടി കൾ സമാഹരിച്ച് ചരിത്രമെഴുതുമ്പോൾ പരിസ്ഥിതി സൗഹൃദവും, മഴക്കാലപൂർവ്വ ശുചീ കരണവും കൂടി യുവത നിർവ്വഹിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽനിന്നും 6.654 ടൺ പ്ലാസ്റ്റിക് ഉൾപ്പെടെ യുള്ള പുനരുപയോഗിക്കാൻ കഴിയുന്ന മാലിന്യങ്ങളാണ് ശേഖരിച്ച് വിൽപന നടത്തിയത്. സമുദ്രതീരങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് വിൽപന നടത്തി. പെരുന്നാൾ ദിനത്തിൽ മലപ്പുറം ജില്ലയിലെ സമുദ്രതീരത്തിൽ നിന്നാകെ മാലിന്യങ്ങൾ ശേഖരിച്ചു വിൽപന നടത്തി. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെകൂടി ഭാഗമായാണ് ഡിവൈഎഫ്‌ഐ ഈ പ്രവർത്തനം ഏറ്റെടുത്തത്. വീടുകളിലും പൊതുസ്ഥലങ്ങളിൽനിന്നും 1542.7 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും 1519.9 ടൺ ഇരുമ്പ് മാലിന്യങ്ങളും ശേഖരിച്ച് വിൽപന നടത്തി. ഇത് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം എന്നീ ദൗത്യങ്ങൾ നിർവ്വഹിക്കുന്നതോടൊപ്പം നാടിന്റെ അതിജീവനത്തിന് പണം സമാഹരിക്കുകകൂടിയായിരുന്നു ഡിവൈഎഫ്‌ഐ. വീടുകളിൽനിന്നും സ്ഥാനപങ്ങളിൽ നിന്നുമായി 2102.1 ടൺ പഴയ വർത്തമാനപത്രങ്ങളും മാഗസിനുകളും നോട്ട്ബുക്കുകളും ഡിവൈഎഫ്‌ഐക്ക് ലഭിച്ചു.

വിവിധ പ്രശസ്തരായ കായികതാരങ്ങൾ ചരിത്രം സൃഷ്ടിച്ച് തങ്ങളുടെ കായിക പ്രകടനങ്ങളിൽ അണിഞ്ഞിരുന്ന ജഴ്‌സികൾ ലേലത്തിനായി നൽകി. ഫുട്‌ബോൾ താരങ്ങളായ അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സഹൽ അബ്ദുൽ സമദ്, സി.കെ.വിനീത് തുടങ്ങിയവരുടെ ജേഴ്‌സികൾ ലക്ഷക്കണക്കിന് രൂപയ്ക്കാണ് ലേലത്തിൽ വിൽപന നടത്തിയത്. നിരവധി ചിത്രകാരന്മാരും ചിത്രകാരികളും തങ്ങളുടെ സൃഷ്ടികൾ ഡിവൈഎഫ്‌ഐക്ക് റീസൈക്കിൾ കേരളയിലേക്ക് ലേലത്തിന് നൽകി.

ഓൺലൈൻ പഠനം അനിവാര്യമായ സാഹചര്യത്തിൽ ടെലിവിഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി നാളിതുവരെ 11,602 ടിവികൾ 163 ടാബ്, 157 മൊബൈൽ ഫോണുകൾ ഡിവൈഎഫ്‌ഐ വിതരണം ചെയ്തു. ആദിവാസി മേഖലകളിൽ ടിവി വിതരണം ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതി ഡിവൈഎഫ്‌ഐ ഏർപ്പെടുത്തിയിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന ജോ.സെക്രട്ടറി വി കെ സനോജ്, വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top