21 February Thursday

പ്രവാസികളെ കൈ പിടിച്ചുയർത്തി സർക്കാർ; സഹായസാന്ത്വന പദ്ധതിയിൽ റെക്കോർഡ്‌ വിനിയോഗം

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

തിരുവനന്തപുരം> പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുന്നവര്‍ക്ക് താങ്ങേകാന്‍ സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കിയ പദ്ധതികളിൽ റെക്കോർഡ്‌ വിനിയോഗമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സാമ്പത്തികവും ശാരീരികവുമായ അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായ പദ്ധതിയായ 'സാന്ത്വന'യില്‍ നിന്നും 2400 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു.

14.65 കോടി രൂപയാണ്‌ ഇതുവരെ "സാന്ത്വന'യിലൂടെ വിതരണം ചെയ്തത്.  പദ്ധതി വിഹിതത്തിന്റെ 97.67 ശതമാനവും വിനിയോഗിച്ചു. സാന്ത്വന പദ്ധതിക്കായി പത്ത് കോടി രൂപ അധികമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുക കൂടി ലഭിച്ചാല്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കുമെന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ മുഖ്യമന്ത്രി അറിയിച്ചു.

മടങ്ങി വരുന്ന പ്രവാസികള്‍ക്കായുളള പുനരധിവാസ പദ്ധതി സർക്കാർ വിപുലീകരിച്ചു. ഈ സാമ്പത്തിക വര്‍ഷം 556 ഗുണഭോക്താക്കള്‍ക്കായി 6 കോടി 18 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ ബാങ്കുകളുമായും പട്ടിക വികസന കോര്‍പ്പറേഷനുമായും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണാപത്രം ഒപ്പുവെച്ചു. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പ്രവാസികള്‍ക്കായി നൽകുന്ന പ്രതിമാസ പെന്‍ഷന്‍ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top